Quantcast

സുധാ മൂർത്തി എംപിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമം; കേസെടുത്ത് പൊലീസ്

കേന്ദ്ര ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടാണ് എംപിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    23 Sept 2025 12:04 PM IST

സുധാ മൂർത്തി എംപിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമം; കേസെടുത്ത് പൊലീസ്
X

ബംഗളൂരു: കേന്ദ്ര ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട് കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയും എഴുത്തുകാരിയുമായ സുധാ മൂർത്തിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതായി പരാതി. ഇൻഫോസിസ് മുൻ ചെയർമാനും സ്ഥാപകനുമായ നാഗവാര രാമറാവു നാരായണ മൂർത്തിയുടെ ഭാര്യയാണ് സുധ.

സെപ്റ്റംബർ അഞ്ചിന് രാവിലെ 9.40 ന് കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പിലെ ജീവനക്കാരനെന്ന് അവകാശപ്പെടുന്ന ഒരാൾ സുധ മൂർത്തിയെെ ഫോണ്‍ വിളിക്കുകയായിരുന്നു. ആധാർ നമ്പറുമായി ബന്ധിപ്പിക്കാതെയാണ് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നെന്ന് സുധാ മൂർത്തിയുടെ പരാതിയില്‍ പറയുന്നു.

കൂടാതെ തന്റെ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും ഉച്ചയോടെ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ട്രൂകോളറില്‍ ടെലികോം ഡിപ്പാർട്ട്‌മെന്റ് എന്നായിരുന്നു വിളിച്ചയാളുടെ നമ്പര്‍ കാണിച്ചത്. തന്നെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പ്രതി അനുചിതമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. സെപ്റ്റംബർ 20 ന് സൈബർ ക്രൈം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീടാണ് സംഭവം പുറത്തുവന്നത്.

ഐടി ആക്ടിലെ സെക്ഷൻ 66(സി), 66(ഡി), 84(സി) എന്നിവ പ്രകാരമാണ് സുധാ മൂർത്തിക്കുവേണ്ടി ഗണപതി എന്നയാളുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story