Quantcast

'അര്‍ണബ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കനത്ത ജാഗ്രതയില്‍ ആന്ധ്ര, ഒഡിഷ തീരങ്ങള്‍

28ന് രാവിലെയോടെ ആന്ധ്രാപ്രദേശ് ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയില്‍ തീരം തൊടും

MediaOne Logo
cyclone arnab updates
X

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ 'അര്‍ണബ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു. മധ്യ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന തീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി രൂപംകൊണ്ടത്. മണിക്കൂറില്‍ 15 കി.മീ വേഗതയില്‍ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ് കാറ്റ്. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് 'അര്‍ണബ്' എന്ന പേര് നിര്‍ദേശിച്ചത്. ബംഗാളിയില്‍ സമുദ്രം എന്നാണ് ഇതിന്റെ അര്‍ഥം.

നിലവില്‍ ആന്‍ഡമാന്‍ ദ്വീപിലെ ശ്രീ വിജയ പുരത്തിന് 590 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് 650 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായും, ബപട്ലയ്ക്ക് 910 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.


നാളെയോടെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും. 28ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുകയും ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍ക്കിടയിലൂടെ ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയില്‍ തീരം തൊടുകയും ചെയ്യും. മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വരെ വേഗത്തില്‍ അതിശക്തമായ ചുഴലിക്കാറ്റായാണ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളെല്ലാം കരയിലേക്ക് തിരിച്ചെത്തി. ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കുന്നതിനും ജീവഹാനി തടയുന്നതിനും 24 മണിക്കൂറും ജാഗ്രത പാലിക്കാനും സമഗ്രമായ തയ്യാറെടുപ്പ് ഉറപ്പാക്കാനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഞായറാഴ്ച യോഗം വിളിച്ച് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ഒഡിഷയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ഇവിടങ്ങളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അത്യാഹിത സാഹചര്യങ്ങളില്‍ ഇടപെടാനായി 225 സംഘങ്ങളെ തയ്യാറാക്കി. ആന്ധ്രപ്രദേശില്‍ 309 ടീമുകളിലായി നാലായിരത്തിലേറെ ഉദ്യോഗസ്ഥര്‍ സജ്ജമാണ്. ഡിവിഷണല്‍ തല കണ്‍ട്രോള്‍ റൂമുകളും കോര്‍പ്പറേറ്റ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ കാറ്റ് അനുകൂലമാകുന്നത് മഴ ശക്തമാക്കും.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം

തെക്കുകിഴക്കന്‍ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

TAGS :

Next Story