തീരം തൊട്ട് 'മോൻത'; ആന്ധ്രയിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ്
അടുത്ത 3-4 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക് ചുറ്റുമുള്ള തീരത്ത് കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

ആന്ധ്രാ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോൻത' തീരം തൊട്ടു. ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ്. അടുത്ത 3-4 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക് ചുറ്റുമുള്ള തീരത്ത് കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ കാക്കിനാഡ, കൃഷ്ണ, ഏലൂർ, കിഴക്കൻ ഗോദാവരി, പശ്ചിമ ഗോദാവരി, ഡോ.ബി.ആർ.അംബേദ്കർ കോനസീമ, ചിന്തുരു, റമ്പാചോദവാരം ഡിവിഷനുകളിൽ ചുഴലിക്കാറ്റിൻ്റെ ആഘാതം രൂക്ഷമാകാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച രാത്രി 8.30 മുതൽ ബുധനാഴ്ച രാവിലെ 6 വരെ ഈ ഏഴ് ജില്ലകളിലെയും എല്ലാ വാഹന ഗതാഗതവും നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ 22 ജില്ലകളിലെ 403 മണ്ഡലങ്ങളെ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലും നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും ചുഴലിക്കാറ്റ് നാശമുണ്ടാക്കുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. സാധ്യമാകുന്നിടത്തെല്ലാം വയലുകളിൽ നിന്ന് അധിക വെള്ളം വറ്റിക്കാൻ കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ ബുള്ളറ്റിനുകൾ സംബന്ധിച്ച് വിവരങ്ങൾ അറിഞ്ഞിരിക്കാനും സുരക്ഷക്കായി ഭരണകൂടം നൽകുന്ന ഉപദേശങ്ങൾ പാലിക്കാനും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
Adjust Story Font
16

