'വീണ്ടും വണ്ടിയിൽ കയറിയാൽ അവനെ വെടിവച്ചിടണം'; യുപിയിൽ ദലിത് വിവാഹ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം, വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിഴച്ചു
25 പേരടങ്ങുന്ന ഒരു സംഘം ഘോഷയാത്രയിൽ പങ്കെടുത്തവരെ വടികളും കമ്പികളും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിൽ ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ ആക്രമണം. വരനെ കുതിരപ്പുറത്തു നിന്നും വലിച്ചിഴച്ചു. ഭുരേക ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. 25 പേരടങ്ങുന്ന ഒരു സംഘം ഘോഷയാത്രയിൽ പങ്കെടുത്തവരെ വടികളും കമ്പികളും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.
അയൽ ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന അക്രമികൾ ഘോഷയാത്രയിലുണ്ടായിരുന്ന ഡിജെ സംഗീതത്തെ എതിർക്കുകയും വരനെ കുതിരവണ്ടിയിൽ നിന്ന് വലിച്ചിഴയ്ക്കുകയും വീണ്ടും കുതിരവണ്ടിയിൽ കയറിയാൽ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാഹച്ചടങ്ങുകൾ രാത്രി മുഴുവൻ നടത്താൻ പൊലീസ് ഇടപെട്ടെങ്കിലും ബുധനാഴ്ച രാവിലെ അക്രമികൾ കത്തികളും പിസ്റ്റളുകളുമായി തിരിച്ചെത്തി.സംഘം വധുവിന്‍റെ ആളുകളെ ആക്രമിക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ഡ്രൈവറുടെ പണം മോഷ്ടിക്കുകയും ചെയ്തു. വധുവിന്‍റെ അമ്മാവൻ പുരൺ സിങ് മൂന്ന് പേരുടെ പേരുകൾ സഹിതം പരാതി നൽകിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വിവാഹ സംഘത്തെ അലിഗഡ് അതിർത്തി വരെ പൊലീസ് അകമ്പടിയോടെ കൊണ്ടുപോയി. അതേസമയം ഭീം ആർമി പ്രവർത്തകർ അധിക സുരക്ഷ ഒരുക്കി. 80% ദലിത് ജനസംഖ്യയുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ജാതി അടിസ്ഥാനമായുള്ള അതിക്രമങ്ങൾ വര്‍ധിച്ചുവരികയാണ്.
Adjust Story Font
16

