Quantcast

തമിഴ്നാട്ടിൽ ഉത്സവത്തിന് ക്ഷേത്രത്തിൽ ദലിതർക്ക് പ്രവേശനം നിഷേധിച്ച് മേൽജാതിക്കാർ

തമിഴ്നാട് ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബോർഡിന് കീഴിലുള്ളതാണ് ക്ഷേത്രം.

MediaOne Logo

Web Desk

  • Published:

    23 April 2025 7:05 PM IST

Dalits denied entry to temple in Tamil Nadu, officials intervene
X

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രത്തിൽ ദലിത് വിഭാ​ഗക്കാർക്ക് പ്രവേശനം നിഷേധിച്ച് മേൽജാതിക്കാർ. നാമക്കൽ ജില്ലയിലെ വീസനം ​ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ മഹാ മാരിയമ്മൻ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെ ചൊവ്വാഴ്ചയാണ് സംഭവം.

തമിഴ്നാട് ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബോർഡിന് (എച്ച്ആർ ആൻഡ് സിഇ) കീഴിലുള്ളതാണ് ക്ഷേത്രം. തിങ്കളാഴ്ച തുടങ്ങിയ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനും ക്ഷേത്രത്തിൽ പ്രാർഥിക്കാനും അനുവദിക്കണമെന്ന് ക്ഷേത്ര ഭരണസമിതിയോട് ദലിത് വിഭാ​ഗക്കാർ അഭ്യർഥിച്ചിരുന്നു.

തുടർന്ന്, ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ ദലിതരെ മേൽജാതിക്കാർ തടയുകയും പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഇവിടെ വരുന്നതിന് പകരം ദലിതർ മറ്റൊരു ക്ഷേത്രം നിർമിക്കട്ടെയെന്നാണ് മേൽജാതിക്കാരുടെ വാദം. തർക്കം രൂക്ഷമായതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

അക്രമം ഒഴിവാക്കാൻ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ദലിതരെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ നിരവധി മേൽജാതി സ്ത്രീകൾ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടി പ്രതിഷേധിക്കാൻ തുടങ്ങി. ക്ഷേത്രം അടച്ചുപൂട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. പൊലീസിനോട് പരിസരം വിട്ടുപോകാനും ഇവർ ആവശ്യപ്പെട്ടു.

അതേസമയം ക്ഷേത്രം പൊതുവായതാണെന്നും സർക്കാർ നടത്തുന്ന എച്ച്ആർ & സിഇ വകുപ്പിന് കീഴിലുള്ളതാണെന്നും അതിനാൽ എല്ലാ ഹിന്ദുക്കൾക്കും അവിടെ പ്രാർഥിക്കാൻ അവകാശമുണ്ടെന്നുമാണ് അധികാരികൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇത് മാനിക്കാതെ മേൽജാതിക്കാരായ ചിലർ ദലിതരുടെ പ്രവേശനത്തെ എതിർക്കുകയായിരുന്നു.

2024 സെപ്തംബറിൽ തിരുവള്ളൂർ ജില്ലയിലെ ഒരു ക്ഷേത്രത്തിലും സമാന സംഭവമുണ്ടായിരുന്നു. ജില്ലയിലെ ഒരു ​ഗ്രാമത്തിലെ ഇട്ടിയമ്മൻ ക്ഷേത്രത്തിലാണ് ദലിതർക്ക് പ്രവേശനം നിഷേധിച്ചത്. ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന വഴിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.

സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അധികാരികൾ ക്ഷേത്രം താൽക്കാലികമായി അടച്ചിട്ടു. തുടർന്ന്, ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനും പ്രാർഥന നടത്താനും അനുവാദം നൽകുകയും ചെയ്തു.

TAGS :

Next Story