Quantcast

100 വർഷത്തിന് ശേഷം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിച്ച് ദലിതർ; കനത്ത സുരക്ഷയൊരുക്കി പൊലീസ്

30 വർഷം മുമ്പ് ഗ്രാമത്തിൽ പണികഴിപ്പിച്ച കാളിയമ്മാൾ ക്ഷേത്രത്തിലായിരുന്നു ഇതുവരെ ദലിതർ പ്രാർത്ഥന നടത്തിയിരുന്നത്

MediaOne Logo

Web Desk

  • Published:

    3 Aug 2023 6:03 AM GMT

Dalit families entered the Mariamman temple in Chellankuppam village
X

തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ 100 വർഷത്തിന് ശേഷം ദലിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് നിരവധി ദലിത് കുടുംബങ്ങൾ ആദ്യമായി പ്രവേശിച്ചത്. ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, മറ്റ് സമുദായങ്ങളിൽ നിന്ന് ഇതുവരെ പ്രതിഷേധമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഗ്രാമത്തിൽ വൻ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിട്ടുള്ളത്. ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനെത്തുടർന്ന് ദലിതർ തങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. ബുധനാഴ്ച ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് വെല്ലൂർ റേഞ്ച് ഡിഐജി എം.എസ് മുത്തുസാമിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ഗ്രാമത്തിൽ നിലയുറപ്പിച്ചു.പൊലീസ് കാവലില്‍ ദലിത് കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.

നവദമ്പതികൾ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് പ്രാർഥിച്ചാൽ അവർ ആഗ്രഹിക്കുന്നതെല്ലാം നൽകുമെന്നാണ് ഇവിടുത്തെ വിശ്വാസം. എന്നാൽ ഇത്രയും കാലം അതിന് ഞങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് 50 വയസുള്ള ദലിത് സ്ത്രീ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 30 വർഷം മുമ്പ് ഗ്രാമത്തിൽ പണികഴിപ്പിച്ച കാളിയമ്മാൾ ക്ഷേത്രത്തിലായിരുന്നു ഇതുവരെ ദലിതർ പ്രാർത്ഥന നടത്തിയിരുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കാനും പൊങ്കാല അർപ്പിക്കാനും പ്രാർഥിക്കാനും നേർച്ചകൾ നിറവേറ്റാനും ജില്ലാ ഉദ്യോഗസ്ഥർ ഞങ്ങളെ സഹായിച്ചു. അക്കാര്യത്തിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും ഇവർ പറയുന്നു.

TAGS :

Next Story