'18-20 വയസ്സുള്ള പെൺകുട്ടികളുണ്ട് കയ്യിൽ, ഇരുപത് മിനിറ്റ്..': അനാശാസ്യവൃത്തിക്കായി ടൂറിസ്റ്റുകൾക്ക് ഓട്ടോക്കാരന്‍റെ ഓഫർ, കേസെടുക്കണമെന്ന് ആവശ്യം
ഡ്രൈവറുടെ പ്രവൃത്തി തന്നെ നിരാശപ്പെടുത്തിയെന്നും യാത്രയിലുടനീളം താൻ അസ്വസ്ഥനായിരുന്നുവെന്നും ടൂറിസ്റ്റ് പറഞ്ഞു

- Updated:
2026-02-24 05:38:26.0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദേശികളായ ടൂറിസ്റ്റുകള്‍ക്ക് അനാശാസ്യവൃത്തിക്കായുള്ള ഓഫറുമായി ഓട്ടോറിക്ഷ ഡ്രൈവർ. ഡല്‍ഹി നഗരമധ്യത്തിലൂടെ ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ടൂറിസ്റ്റുകൾക്ക് ഓട്ടോക്കാരനിൽ നിന്ന് ദുരനുഭവം നേരിട്ടത്. തന്‍റെ പക്കൽ ചെറിയ പെണ്‍കുട്ടികളുണ്ടെന്നും ഇരുപത് മിനിറ്റ് സര്‍വീസ് ലഭ്യമാണെന്നുമുള്ള തരത്തിലുള്ള ഓട്ടോക്കാരന്റെ പെരുമാറ്റം സഞ്ചാരികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ, ഓട്ടോക്കാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.
ഡേവിഡ് ഡാക്‌സിയോ എന്ന യൂസറാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അനാശാസ്യവൃത്തിക്കായി മുറിയെടുത്തുതരാമെന്ന് ഓട്ടോക്കാരന്‍ വാഗ്ദാനം ചെയ്തതായി ടൂറിസ്റ്റ് വെളിപ്പെടുത്തി. താന്‍ നിരസിച്ചിട്ടും അയാള്‍ മതിയാക്കാന്‍ കൂട്ടാക്കിയിരുന്നില്ല. യാത്രയിലുടനീളം ചെറിയ പെണ്‍കുട്ടികള്‍ തന്റെ പക്കലുണ്ടെന്നും അധികം വില നല്‍കേണ്ടതില്ലെന്നും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അയാളെന്നും പോസ്റ്റിൽ ടൂറിസ്റ്റ് വെളിപ്പെടുത്തി.
'40-50 വയസുള്ളവരോട് താല്‍പ്പര്യമില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് സമ്മതമാണെന്നുണ്ടെങ്കില്‍ 18-20 വയസ് പ്രായമുള്ള ചെറിയ പെണ്‍കുട്ടികളെ തരപ്പെടുത്തിത്തരാം.' വീഡിയോയില്‍ ഓട്ടോക്കാരന്‍ പറഞ്ഞു. ഡ്രൈവറുടെ പ്രവൃത്തി തന്നെ നിരാശപ്പെടുത്തിയെന്നും യാത്രയിലുടനീളം താന്‍ അസ്വസ്ഥനായിരുന്നുവെന്നും ടൂറിസ്റ്റ് പറഞ്ഞു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി പൊലീസിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്ത്യയുടെ അന്തസ്സിന് ഇത്തരം പെരുമാറ്റങ്ങള്‍ കളങ്കം വരുത്തുമെന്നും വിദേശ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഇന്ത്യയിലെ പൊതുഗതാഗതത്തെ കുറിച്ചും വിദേശസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമായിരിക്കുകയാണ്. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി നിരന്തരം നടപടികള്‍ സ്വീകരിക്കുന്ന ഡല്‍ഹി പൊലീസിന്റെ പരിധിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Adjust Story Font
16
