Quantcast

ഡൽഹിയിൽ കഫേ പാർട്ടിക്കിടെ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റിൽ

കഫേയിൽനിന്ന് മടങ്ങിയതിന് പിന്നാലെ രണ്ട് പുരുഷ സഹപ്രവർത്തകർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി

MediaOne Logo

Web Desk

  • Updated:

    2026-11-25 03:32:54

Published:

25 Nov 2026 7:27 AM IST

ഡൽഹിയിൽ കഫേ പാർട്ടിക്കിടെ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റിൽ
X

കഫേ സുൽത്താന

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലെ കഫേയിൽ വെച്ചുനടന്ന രാത്രി പാർട്ടിക്കിടെ 22കാരിക്ക് കൂട്ടബലാത്സംഗം നേരിട്ടതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ആറ് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇതിൽ രണ്ട് പുരുഷന്മാർ ചേർന്ന് പീഡിപ്പിക്കുകയും മറ്റ് സഹപ്രവർത്തകർ അതിന് ഒത്താശ ചെയ്തെന്നുമാണ് യുവതിയുടെ പരാതി. ഒളിവിലുള്ള മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കർകഡൂമയിലെ ക്രോസ് റിവർ മാളിലുള്ള കഫേ സുൽത്താന എന്ന കഫേയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ഇതേ കഫേയിൽ ജോലി ചെയ്യുന്ന മറ്റ് ഏഴ് സഹപ്രവർത്തകർക്കൊപ്പമാണ് യുവതി പ്രീത് വിഹാറിലെ കഫേയിലെത്തിയത്. രാത്രി 11.30ന് അടയ്ക്കുന്ന കഫേയുടെ താക്കോൽ ജീവനക്കാരിലൊരാളുടെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ച് കഫേ വീണ്ടും തുറന്നാണ് പാർട്ടി നടത്തിയത്.

സംഘം കഫേയിൽ ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടർന്ന് പുലർച്ചെ 3.30ഓടെയാണ് സംഘം കഫേയിൽനിന്ന് മടങ്ങിയത്. കഫേയിൽനിന്ന് മടങ്ങിയതിന് പിന്നാലെ രണ്ട് പുരുഷ സഹപ്രവർത്തകർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. മറ്റ് സഹപ്രവർത്തകർ പീഡനത്തിന് ഒത്താശ ചെയ്തതായും യുവതി ആരോപിച്ചു. സംഭവത്തിൽ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആറ് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കേസിലെ പ്രതികൾ. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.

സംഭവം നടന്ന ഉടൻ യുവതി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നില്ല എന്നതാണ് പ്രാഥമിക വിവരം. ഒരു പുരുഷ സുഹൃത്തിനും രണ്ട് സ്ത്രീകൾക്കുമൊപ്പം വാഹനത്തിൽ പോകുന്ന യുവതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തുടർന്ന് പുലർച്ചെ 5.45ഓടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിലും രേഖപ്പെടുത്തും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story