'അഴിമതി കാൻസർ പോലെയാണ്, കീമോ തെറാപ്പി വേണ്ടി വരും';അഴിമതിക്കേസിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെയടക്കം 13 പേരെ ജയിലിലേക്കയച്ച് ഡൽഹി കോടതി
മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോടതി

Photo: Special arrangement
ന്യൂഡൽഹി: ഡൽഹിയിൽ അഴിമതിക്കേസിൽ 13 പേരെ ജയിലിലടക്കാൻ ഹൈക്കോടതി ഉത്തരവ്. കോടിക്കണക്കിന് രൂപയുടെ സഹകരണ ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയുടെ(സിജിഎച്ച്എസ്) അഴിമതിക്കേസിലാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനടക്കം 13 പേരെ ജയിലിലടക്കാൻ ഹൈക്കോടതി വിധിച്ചത്. ഇത്തരം അഴിമതി സമൂഹത്തെ ബാധിക്കുന്ന കാൻസറാണെന്നും കീമോ തെറാപ്പിയിലൂടെ മാത്രമേ സുഖപ്പെടുത്താനാവുകയില്ലെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി. അഴിമതിയെന്ന കുറ്റകൃത്യത്തെ ഉരുക്കുമുഷ്ടിയിലൂടെയാണ് ഇല്ലായ്മ ചെയ്യാനാവുകയെന്നും കോടതി കൂട്ടിച്ചേർത്തു.
സൊസൈറ്റിയുടെ(സിജിഎച്ച്എസ്) പ്രവർത്തനത്തിനായി വ്യാജരേഖകൾ ചമച്ചുകൊണ്ട് കോടികൾ തട്ടിയെന്നതാണ് കേസ്. കുറ്റവാളികൾ 1000 വീടുകൾ നിർമിച്ചുനൽകാമെന്ന് വ്യാജ വാഗ്ധാനങ്ങൾ നൽകുകയും ചെയ്തിരുന്നു.
അഴിമതി ജനാധിപത്യത്തിനും സാമൂഹിക ക്രമത്തിനും എതിരാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സാംസ്കാരിക പൈതൃകങ്ങളെയും തകിടം മറിക്കും. മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരന്റെ വിശ്വാസം തകരാനിടയാകരുതെന്നും പ്രത്യേക അഭിഭാഷകൻ പ്രശാന്ത് ഷർമ കൂട്ടിച്ചേർത്തു.
സഫാദർജുങ് സഹകരണ ഗ്രൂപ്പ് ഹൗസിങ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് പിടികൂടിയ 13 പേരെയും കഴിഞ്ഞ മാസം 13നാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കരംവീർ സിങ്, നരേന്ദ്ര കുമാർ, മഹാനൻ ഷർമ, പങ്കജ് മദൻ, ആഹ്വാനി ഷർമ, അശുധോഷ് പന്ത്, സുദർശൻ ടണ്ടോൻ, മനോജ് വാത്, വിജയ് താക്കൂർ, വികാസ് മദൻ, പൂനം അവസ്ഥി എന്നിവരെ അഞ്ച് വർഷത്തെക്കാണ് പിഴയോടുകൂടി ജയിലിലേക്കയച്ചത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ 84കാരൻ ഗോപാൽ ദീക്ഷിതിനെയും 92കാരനായ നരേന്ദ്ര ധീറിനെയും രണ്ട് വർഷത്തേക്ക് പിഴയോടുകൂടി ജയിലിലടക്കാൻ ഉത്തരവിട്ടു.
Adjust Story Font
16

