Quantcast

50,000ലേറെ പൊലീസുകാര്‍, 12 തടങ്കല്‍ കേന്ദ്രങ്ങള്‍, അടച്ചിട്ട് മെട്രോ സ്‌റ്റേഷനുകള്‍; സമരത്തെ നേരിടാന്‍ വന്‍ സന്നാഹം

300 കാമറകള്‍ ജന്തര്‍ മന്തര്‍ മേഖലയില്‍ സ്ഥാപിച്ചു

MediaOne Logo

Web Desk

  • Published:

    10 Oct 2026 7:49 AM IST

Delhi police plan to contain CJP protest
X

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് അഹ്വാനം ചെയ്ത ജന്തര്‍ മന്തര്‍ 2.0 സമരത്തെ നേരിടാന്‍ സര്‍വസന്നാഹവുമായി ഡല്‍ഹി പൊലീസ്. സമരത്തെ നേരിടാനായി മാത്രം 50,000ല്‍ ഏറെ പൊലീസുകാരെയാണ് നഗരത്തില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. സമരക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റുന്നതിനായി 12 താല്‍ക്കാലിക തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 300 കാമറകള്‍ ജന്തര്‍ മന്തര്‍ മേഖലയില്‍ സ്ഥാപിച്ചു. സമരക്കാർ എത്തുന്നത് തടയാൻ 45 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടുമുണ്ട്.

ജന്തര്‍ മന്തറിലേക്ക് എത്താനുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. ജമ്മു-കശ്മീരില്‍ നിന്നും ഛത്തിസ്ഗഢിലെ നക്സല്‍ ബാധിത മേഖലകളില്‍ നിന്നും അമര്‍നാഥ് യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച സംഘങ്ങളില്‍ നിന്നും വരെ പിന്‍വലിച്ച 20,000ലേറെ സിആര്‍പിഎഫ് ജവാന്മാരെ ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന് ചുറ്റും നിരോധനാജ്ഞയുണ്ട്. ഇവിടേക്കുള്ള മിക്ക പാതകളിലും ബാരിക്കേഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.


ഡല്‍ഹിയിലെ രണ്ട് സ്‌റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയാണ് താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ പൊലീസ് സാന്നിധ്യമുണ്ട്. 45 മെട്രോ സ്‌റ്റേഷനുകളിലാണ് നിലവില്‍ പ്രവേശനം നിരോധിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലിറങ്ങുന്ന മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചിരിക്കുകയാണ്.

ജന്തര്‍ മന്തര്‍, ജനപഥ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് എന്നിവയടങ്ങുന്ന ഒന്നര കിലോമീറ്റര്‍ ചുറ്റളവ് അതീവ സുരക്ഷാ മേഖലയാക്കി മാറ്റിയിരിക്കുകയാണ്. ഇവിടെ മാത്രം 6500 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. റോഡുകളില്‍ ഏഴ് നിരയായാണ് ബാരിക്കേഡുകള്‍ നിരത്തിയിരിക്കുന്നത്. ന്യൂഡല്‍ഹി ജില്ലയെ 20 സോണുകളാക്കി തിരിച്ചാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്.

കേവലം ഒരു ദിവസത്തെ ധര്‍ണയില്‍ സമരം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജന്തര്‍ മന്തറില്‍ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് തയാറെടുത്ത് ബാഗുകള്‍ പാക്ക് ചെയ്തു വരണമെന്നുമാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും സമരത്തിന് പുറപ്പെട്ട പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം. തെറ്റിദ്ധാരണ പരത്തുന്നതും കൃത്യമല്ലാത്തതുമായ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയമാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകള്‍ ആശങ്കാജനകമെന്നും മന്ത്രാലയം പറഞ്ഞു.

TAGS :

Next Story