Quantcast

'വിയോജിപ്പും കലാപവും ഒന്നല്ല, അവരെ ബലിയാടാക്കി': ജാമിഅ കേസില്‍ ഡല്‍ഹി പൊലീസിന് കോടതിയുടെ വിമര്‍ശനം

വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും അതിനെ കലാപമായി കാണാനാകില്ലെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2023-02-04 12:50:04.0

Published:

4 Feb 2023 12:06 PM GMT

delhi court criticise police in Jamia Violence Case
X

ഷര്‍ജീല്‍ ഇമാം, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ

ഡല്‍ഹി: 2019ലെ ജാമിഅ സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച് കോടതി. പൊലീസ് അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമായിരുന്നു. യഥാര്‍ഥ പ്രതികളെ പിടികൂടാതെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ചിലരെ പ്രതികളും ചിലരെ സാക്ഷികളുമാക്കി. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും അതിനെ കലാപമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഷർജീൽ ഇമാം ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി ഉത്തരവിടുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019ലെ കേസിൽ ഷർജീൽ ഇമാം, സഫൂറ സർഗർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെയും മറ്റ് എട്ട് പേരെയും വിട്ടയച്ച ഡൽഹി കോടതി നിരീക്ഷിച്ചതിങ്ങനെ- "യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. കുറ്റം ചുമത്തിയവരെ ബലിയാടുകളാക്കി". അക്രമത്തില്‍ പങ്കെടുക്കാതെ പ്രതിഷേധ സ്ഥലത്ത് സാന്നിധ്യമുണ്ടായതുകൊണ്ട് മാത്രം കുറ്റം ചെയ്തെന്ന് കണക്കാക്കാനാവില്ലെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് അരുള്‍ വര്‍മ നിരീക്ഷിച്ചു. ഇവരെ ദീർഘനാളത്തെ വിചാരണയ്ക്ക് വിധേയരാക്കുന്നത് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

"വിയോജിപ്പും കലാപവും തമ്മിലുള്ള വ്യത്യാസം അന്വേഷണ ഏജൻസികൾ തിരിച്ചറിയണം. രണ്ടാമത്തേത് അവസാനിപ്പിക്കേണ്ടതുണ്ട്. വിയോജിപ്പ് പൗരന്‍റെ മനസ്സാക്ഷിക്ക് മുറിവേറ്റതിന്‍റെ പ്രതിഫലനമാകാം"- കോടതി പറഞ്ഞു.

കേസിലെ മൂന്നാമത്തെ അനുബന്ധ കുറ്റപത്രം അടുത്തിടെയാണ് പൊലീസ് സമർപ്പിച്ചത്. ചില ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്. പുതിയ തെളിവുകൾ നിരത്തുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടെന്ന് ജഡ്ജി നിരീക്ഷിച്ചു. കുറ്റാരോപിതർ കുറ്റം ചെയ്തെന്ന പൊലീസിന്റെ ഭാഷ്യം സാധൂകരിക്കുന്ന ദൃക്‌സാക്ഷികളൊന്നും ഇല്ല. കുറ്റാരോപിതര്‍ ആയുധമെടുത്തതിനോ കല്ലെറിഞ്ഞതിനോ തെളിവില്ല. പ്രതികൾ നിയമപാലനത്തെ എതിർത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ വിചാരണ ആരംഭിക്കാനാകില്ല. സാധ്യതകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ല. അന്വേഷണ ഏജൻസികൾ സാങ്കേതിക വിദ്യ ഉൾപ്പെടുത്തുകയോ വിശ്വസനീയമായ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യണമായിരുന്നു. അല്ലാത്തപക്ഷം പ്രതിഷേധിച്ച വ്യക്തികള്‍ക്കെതിരെ ഇത്തരം തെറ്റായ കുറ്റപത്രം സമർപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമായിരുന്നുവെന്നും കോടതി വിശദീകരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 13 മുതൽ മൂന്ന് ദിവസമാണ് ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ സംഘർഷം നടന്നത്. ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. കൂടാതെ ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു. കേസിൽ 2021 ജൂണിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം 2020ലെ ഡൽഹി കലാപ കേസില്‍ ഷർജീൽ ഇമാം ജയിലിലാണ്. കലാപത്തിന്‍റെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഈ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ഷർജീലിന് പുറത്തിറങ്ങാൻ സാധിക്കൂ.

Summary- A Delhi court on Saturday discharged Sharjeel Imam, Safoora Zargar, Asif Iqbal Tanha and eight others in a case related to the violence that took place at Jamia Millia Islamia in December 2019. In a detailed order, Additional Sessions Arul Varma said that that dissent has to be encouraged and not stifled

TAGS :

Next Story