തലസ്ഥാനത്ത് ജനസാഗരം, മനുഷ്യക്കടലായി രാംലീല മൈതാനം; ഗ്യാനേഷിനെതിരെ 'ഇന്‍ഡ്യ'യുടെ മഹാറാലി
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് രാംലീലയിലേക്കാണ് മാര്‍ച്ച് നടക്കുക

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും എസ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം ആഹ്വാനം ചെയ്ത 'ചലോ ദില്ലി റാലി'ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഡല്‍ഹിയിലെ രാംലീല മൈതാനം. ഇന്‍ഡ്യ മുന്നണിയുടെ ചെയർമാനും രാജ്യസഭാ എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് രാംലീലയിലേക്കാണ് മാര്‍ച്ച് നടക്കുന്നത്. മിന്റോ റോഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കോണാട്ട് പ്ലേസ് വഴി രാംലീല മൈതാനത്തെത്തും.
മുൻ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി, മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി, മുഖ്യമന്ത്രിമാരായ വി.ഡി സതീശൻ, രേവന്ത് റെഡ്‌ഡി, ഡി.കെ ശിവകുമാർ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സിപിഎം നേതാക്കളായ എം.എ ബേബി, ജോൺ ബ്രിട്ടാസ്, എ.എ റഹീം അടക്കമുള്ള നേതാക്കളും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യ ഘടകകക്ഷികളായ കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഇടതു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുന്നു. വിദ്യാര്‍ത്ഥി-യുവജന സംഘടനകളായ എന്‍എസ്‌യു, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐസ, എംഎസ്എഫ് തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമായുണ്ട്.
മഹാറാലിക്കിടെ ബിജെപിക്കെതിരെ ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കോണാട്ട് പ്ലേസിലെ എല്ലാ കടകളും ബിജെപി ബലമായി അടപ്പിക്കുകയാണെന്നാണ് ആരോപണം. വ്യാപാരികള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത് ആരാണെന്നും അതെങ്ങനെയാണെന്നും നിങ്ങള്‍ മനസിലാക്കണമെന്നും രാഹുല്‍ എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ ചൂണ്ടിക്കാട്ടി.
റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ഷോപ്പിങ് നടത്തണമെന്നും വ്യാപാരികളോട് സഹകരിക്കണമെന്നും രാഹുല്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. രാംലീലയിലേക്ക് നോക്കുവെന്നും ജനാധിപത്യം എന്തെന്ന് മനസിലാക്കൂവെന്നും കോൺഗ്രസ് എംപി രേണുക ചൗധരി പറഞ്ഞു. ചലോ ദില്ലി മാർച്ച് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസികമായ ഒരേടെന്ന് ജോൺ ബ്രിട്ടാസ് എംപി എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ഇന്നലെ നടന്ന പ്രതീകാത്മക കുറ്റവിചാരണയിലൂടെ ഗ്യാനേഷ് കുമാറിനെ കുമാറിനെ ഇന്‍ഡ്യ സഖ്യം പുറത്താക്കിയിരുന്നു. ഗ്യാനേഷ് കുമാര്‍ നിയമപരമായ വിചാരണ നേരിടണമെന്ന പ്രമേയവും പ്രതിപക്ഷം പാസാക്കി. ഗ്യാനേഷ് കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടാനാകില്ലെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
ഖര്‍ഗെയുടെ രാജാജിമാര്‍ഗിലെ വസതിക്ക് മുന്നില്‍ ലോക്‌സഭയുടേതിന് സമാനമായി തയ്യാറാക്കിയ വേദിയിലാണ് വിചാരണ നടന്നത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷത വഹിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ഗ്യാനേഷ് കുമാറിനെതിരെ ആറ് കുറ്റങ്ങള്‍ ചുമത്തിയാണ് പ്രമേയം അവതരിപ്പിച്ചത്.
Adjust Story Font
16

