Quantcast

മയക്കുമരുന്ന്, ആഡംബര പാർട്ടികൾ, കൊലപാതകങ്ങൾ: ഡൽഹിയിലെ 'ലേഡി ഡോൺ' ഒരു കോടിയുടെ ഹെറോയിനുമായി അറസ്റ്റിൽ

33 കാരിയായ സോയ കുറച്ചുനാളുകളായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Feb 2025 11:08 AM IST

Zoya Khan
X

ഡൽഹി: വര്‍ഷങ്ങളോളം പൊലീസിന്‍റെ കൈയിൽ പെടാതെ വിലസുകയായിരുന്ന ഡൽഹിയിലെ 'ലേഡി ഡോൺ' ഒടുവിൽ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിൻ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് വിതരണത്തിനായി എത്തിച്ചതായിരുന്നു ഇത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വെൽക്കം ഏരിയയിൽ വെച്ചാണ് സോയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

33 കാരിയായ സോയ കുറച്ചുനാളുകളായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഭര്‍ത്താവ് ജയിലിലായതിന് ശേഷം ഗുണ്ടാ സാമ്രാജ്യത്തെ നയിച്ചിരുന്നത് സോയ ആയിരുന്നു. സോയയുടെ പങ്കിനെക്കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകളില്ലാത്തതിനാൽ അറസ്റ്റ് വൈകി. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി ഡസൻ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്‌ക്കെതിരെയുള്ളത്. സോയ ഇയാളുടെ രണ്ടാം ഭാര്യയാണ്. 2017ലാണ് സോയ ഹാഷിമിനെ വിവാഹം കഴിക്കുന്നത്. സോയയുടെ രണ്ടാം വിവാഹമാണ്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ അയൽവാസികളായ ഇരുവരും പ്രണയത്തിലായിരുന്നു.

ബാബ ജയിലിലായതോടെ ഗുണ്ടാ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ സോയ സ്വയം ഏറ്റെടുത്തു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ സഹോദരി ഹസീന പാർക്കറിനെ പോലെയായിരുന്നു ബാബയുടെ ഗ്യാങിൽ സോയയുടെ പങ്ക്. കള്ളക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സോയ നിരന്തരം ഏര്‍പ്പെട്ടിരുന്നതായി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിലെ വൃത്തങ്ങൾ പറയുന്നു. ഒരു സാധാരണ ഗുണ്ടാ നേതാവിൽ നിന്നും വ്യത്യസ്തയായിരുന്നു സോയ. സംഘാംഗങ്ങൾക്കിടയിൽ ഒരു പ്രത്യേക ഇമേജ് തന്നെ അവര്‍ക്കുണ്ടായിരുന്നു. വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുകയും ബ്രാന്‍ഡഡ് സാധനങ്ങള്‍ ഉപയോഗിക്കുകയും ആഡംബര പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്യാറുള്ള സോയ സോഷ്യൽമീഡിയയിലും സജീവമായിരുന്നു. തിഹാര്‍ ജയിയിലെത്തി അവര്‍ അടിക്കടി ഭര്‍ത്താവിനെ കണ്ടിരുന്നു.

സംഘത്തിൻ്റെ സാമ്പത്തിക കാര്യങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ബാബ സോയക്ക് ഉപേദശങ്ങള്‍ നൽകിയിരുന്നു. കോഡ് ഭാഷയിലായിരുന്നു ഇരുവരും സംസാരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. നാദിർഷാ വധക്കേസിൽ ഉൾപ്പെട്ട പ്രതികൾക്കും സോയ അഭയം നൽകിയതായി പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 ഏരിയയിലെ ജിം ഉടമയായ ഷാ വെടിയേറ്റു മരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സ്പെഷ്യൽ സെല്ലിൻ്റെ ലോധി കോളനിയിലെ ഓഫീസിൽ വെച്ച് ഇവരെ ചോദ്യം ചെയ്തിരുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബമാണ് സോയയുടേത്. ലൈംഗിക കടത്ത് സംഘത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2024ല്‍ സോയയുടെ അമ്മയുടെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ലഹരിമരുന്ന് ശൃംഖലയുമായി സോയയുടെ പിതാവിനും ബന്ധമുണ്ട്. വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സോയ പ്രവര്‍ത്തിച്ചിരുന്നത്. സായുധരായ അഞ്ചോളം പേര്‍ സദാസമയവും സോയക്കൊപ്പമുണ്ടായിരുന്നു. വടക്ക് കിഴക്കൻ ഡൽഹി മേഖലയ്ക്ക് ചെനു സംഘം, ഹാഷിം ബാബ സംഘം, നസീർ പെഹൽവാൻ സംഘം എന്നിവരുൾപ്പെടെയുള്ള ക്രിമിനൽ സംഘങ്ങളുമായി ദീർഘകാലമായി ബന്ധമുണ്ട്.

TAGS :

Next Story