മഹാരാഷ്ട്രയിലെ ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് തന്ത്രപീഠധീശ്വർ അനികേത് ശാസ്ത്രി മഹാരാജ്
ശവകുടീരം എത്രയും വേഗം പൊളിച്ചുകളയണമെന്ന് ശാസ്ത്രി മഹാരാജ് മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ന്യൂഡൽഹി: മുഗൾ ചക്രവർത്തിയായിരുന്നു ഔറംഗസീബിന്റെ മഹാരാഷ്ട്രയിലെ ശവകുടീരം നീക്കം ചെയ്യണമെന്ന് തന്ത്രപീഠധീശ്വർ അനികേത് ശാസ്ത്രി മഹാരാജ് ആവശ്യപ്പെട്ടു. മറാഠ രാജാവായിരുന്ന സാംഭാജിക്കെതിരെ ഔറംഗസീബ് ചെയ്ത ക്രൂരതകൾ നോക്കിയാൽ അദ്ദേഹത്തിന്റെ ശവകുടീരം ഒരിക്കലും സംസ്ഥാനത്തിന് യോജിച്ചതല്ലെന്ന് അനികേത് ശാസ്ത്രി പറഞ്ഞു.
ക്രൂരനായ ഔറംഗസീബിന്റെ ശവകുടീരത്തിന് മഹാരാഷ്ട്രയിൽ ഇടമില്ല. ആ ശവകൂടീരം മഹാരാഷ്ട്രക്ക് ആവശ്യമില്ല. മഹാരാഷ്ട്ര സർക്കാർ അത് എത്രയും വേഗം പൊളിച്ചുകളയണം. ഔറംഗസീബ് ക്രൂരനായ ഭരണാധികാരിയായിരുന്നു. അക്രമിയും സമൂഹത്തിൽ ശിഥിലീകരണം ഉണ്ടാക്കുന്നവനുമായിരുന്നു. ഹിന്ദുക്കൾക്ക് വലിയ ദുരിതം വിതച്ചവനാണെന്നും ശാസ്ത്രി മഹാരാജ് പറഞ്ഞു.
ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിലും ഹിന്ദുത്വ ആശയത്തെ പിന്തുണക്കുന്ന മുഴുവനാളുകളും ഒരുമിച്ചിറങ്ങണം. ഛത്രപതി ശിവജിയുടെയും സാംഭജിയുടെയും അനുയായികൾ ഒരുമിച്ച് ശബ്ദമുയർത്തണം. വിഎച്ച്പി, ബജ്‌റംഗ് ദൾ അടക്കമുള്ള സംഘടനകൾ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശാസ്ത്രി മഹാരാജ് പറഞ്ഞു.
ശിവജിയുടെ പിൻമുറക്കാരനും ബിജെപി എംപിയുമായ ഉദയൻരാജെ ഭോസ്‌ലെയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഛത്രപതി സാംഭാജി നഗറിൽ നിന്ന് 15 കിലോമീറ്റർ അകലെ ഖുൽദാബാദിലാണ് ശവകുടീരമുള്ളത്. സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി ഔറംഗസീബിനെ വാഴ്ത്തിയതോടെയാണ് വീണ്ടും വിവാദമുയർന്നത്.
ശവകുടീരം നീക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ഭോസ്‌ലേക്കുള്ള മറുപടിയായി മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എന്നാൽ അത് ചെയ്യുന്നത് നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടാകണം. കോൺഗ്രസ് ഭരണകാലത്താണ് ശവകുടീരം എഎസ്‌ഐക്ക് കീഴിലാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Adjust Story Font
16

