'മുന്നിൽ വഴികാട്ടാൻ ദൈവം, പിന്നില്‍ ആരാധകർ, വശങ്ങളിൽ ജനങ്ങൾ'; ബിജെപി പിന്തുണയോടെ രാഷ്ട്രീയത്തിലേക്കെന്ന പ്രചാരണം തള്ളി ധനുഷ്
തമിഴ്‌നാട്ടില്‍ ധനുഷ് ഉടനെ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ചെന്നൈ: ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന്‍ ധനുഷ്. തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ് പറഞ്ഞു. മുമ്പില്‍ വഴികാട്ടാൻ ദൈവവും പിന്നില്‍ പിന്തുണയുമായി ആരാധകരും ജനങ്ങളുമാണ് ഉള്ളതെന്ന് ധനുഷ് വ്യക്തമാക്കി. ഓം എന്ന തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ധനുഷിന്റെ പ്രതികരണം.
"എന്നെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, ചിലർ എന്റെ പിന്നിലാണെന്നും മറ്റുള്ളവർ എന്റെ പക്ഷത്താണെന്നും അവകാശപ്പെടുന്നു. ദൈവം എന്നെ നയിക്കുന്നു; എന്റെ ആരാധകർ എന്റെ പിന്നിലുണ്ട്, ജനങ്ങൾ എന്റെ പക്ഷത്തുണ്ട്", ധനുഷ് പറഞ്ഞു
തമിഴ്‌നാട്ടില്‍ ധനുഷ് ഉടനെ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്രഭരണ കക്ഷിയായ ബിജെപിയുടെ പിന്തുണയോടെ താരം നീക്കം നടത്തുന്നതായിട്ടായിരുന്നു ചില പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളടക്കം ആരോപിച്ചിരുന്നത്. തന്റെ ഫാന്‍സ് ക്ലബുകളെ ധനുഷ് നര്‍പണി ഇയക്കം എന്ന പേരില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സംഘടനയാക്കി പുനഃസംഘടിപ്പിച്ചതും പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെയും 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സൗജന്യ എയർകണ്ടീഷൻഡ് ട്യൂഷൻ സെന്ററുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി. ഈ പശ്ചാത്തലത്തിലാണ് പ്രചാരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ധനുഷ് രംഗത്തെത്തിയത്.
Adjust Story Font
16

