ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ: മൃതദേഹാവശിഷ്ടങ്ങൾ തിരയുന്ന വനമേഖലയിൽ വൻതോതിൽ മണ്ണും മാലിന്യവും തള്ളി
ദുരുഹ മരണങ്ങൾ സംബന്ധിച്ച തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണ് മാലിന്യം തള്ളിയതെന്ന് ധർമസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ മാതാവിന്റെ അഭിഭാഷകൻ ആരോപിച്ചു.

മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം. ശനിയാഴ്ച ഖനനം ആരംഭിച്ച ബാഹുബലി കുന്നിന്റെ താഴ്‌വരയിലെ നിർണായക വനമേഖലയിൽ വലിയ അളവിൽ മണ്ണും മാലിന്യവും തള്ളിയതായി കണ്ടെത്തി. ഇത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണെന്ന് ധർമസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ മാതാവിന്റെ അഭിഭാഷകൻ എൻ.മഞ്ജുനാഥ് ആരോപിച്ചു.
ധർമസ്ഥലയിലെ ദുരുഹമരണങ്ങൾ സംബന്ധിച്ച് മുൻ ശുചീകരണ തൊഴിലാളിയുടെ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഈ സ്ഥലം പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന സ്വാധീനമുള്ള നിക്ഷിപ്ത താത്പര്യക്കാരായിരിക്കാം മാലിന്യം തള്ളിയത്.
പുതുതായി പുതിയ മണ്ണ് നിക്ഷേപിച്ച സ്ഥലത്ത് ഏഴ് അടി വരെ കുഴിച്ചിട്ടും മനുഷ്യാവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ല. അത്തരം അവശിഷ്ടങ്ങൾ ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ടെങ്കിൽ, അത് സ്വാഭാവിക കാരണങ്ങളാൽ ആയിരിക്കാൻ സാധ്യതയില്ലെന്നും അവ നീക്കം ചെയ്യാനോ മറച്ചുവെക്കാനോ മനഃപൂർവമായ ശ്രമത്തിന്റെ ഫലമാണെന്നും അഭിഭാഷകൻ മഞ്ജുനാഥ് ആരോപിച്ചു.
Adjust Story Font
16

