Quantcast

'സോണിയാഗാന്ധിയെ കണ്ടിട്ടില്ല, ഔദ്യോഗിക സ്ഥാനാർത്ഥിയല്ല'; മലക്കം മറിഞ്ഞ് മല്ലികാർജുൻ ഖാർഗെ

'ശശി തരൂറുമായി താരതമ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ല'

MediaOne Logo

Web Desk

  • Published:

    12 Oct 2022 7:40 AM GMT

സോണിയാഗാന്ധിയെ കണ്ടിട്ടില്ല, ഔദ്യോഗിക സ്ഥാനാർത്ഥിയല്ല; മലക്കം മറിഞ്ഞ് മല്ലികാർജുൻ ഖാർഗെ
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സോണിയ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. 'താൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ല. താഴേത്തട്ടിലുള്ള പ്രവർത്തകൻ മാത്രമാണ്'. നേതാക്കളാണ് എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടതെന്നും ഖാർഗെ പറഞ്ഞു. 'ഇന്ത്യാ ടുഡേ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നേരത്തെയുള്ള വാദം തിരുത്തിയത്.

'ഞാൻ സോണിയാ ഗാന്ധിയെ കണ്ടിട്ടില്ല. ആ കാലയളവിൽ അവർ ആരെയും കണ്ടിട്ടില്ല. ഇത്തരം വാർത്തകളെല്ലാം ആളുകൾ സൃഷ്ടിക്കുന്നതാണ്. രാജസ്ഥാൻ പ്രതിസന്ധി ഘട്ടത്തിൽ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ പോയപ്പോഴാണ് സോണിയയെ കണ്ടതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.'ഹൈക്കമാൻഡിന്റെയും ഗാന്ധി കുടുംബത്തിന്റെയും അനൗദ്യോഗിക സ്ഥാനാർത്ഥിയാണോ എന്ന ചോദ്യത്തിന് ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ഖാർഗെയുടെ മറുപടി.

'മുതിർന്ന നേതാക്കളും പിസിസി പ്രസിഡന്റുമാരും നിർദ്ദേശകരും മറ്റ് പ്രതിനിധികളും എന്നെ ഫോണിൽ വിളിച്ചു. ഗാന്ധി കുടുംബം മത്സര രംഗത്തില്ലെങ്കിൽ ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അവർ പറഞ്ഞു. നിരവധി പ്രതിനിധികളുടെയും മുതിർന്ന നേതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് ഞാൻ മത്സരിക്കുന്നത്.' ശശി തരൂറുമായി താരതമ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അധികാര വികേന്ദ്രീകരണത്തിനായുള്ള ശശി തരൂരിന്റെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോളായിരുന്നു ഖാർഗെയുടെ മറുപടി.

സോണിയ ഗാന്ധി വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് തന്നോട് പാർട്ടിയെ നയിക്കാൻ ആവശ്യപ്പെട്ടത് എന്നായിരുന്നു നേരത്തെ ഖാര്‍ഗെ പറഞ്ഞിരുന്നത്. ദേശീയ വാർത്താ ഏജൻസിയോട് മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രതികരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു.

TAGS :

Next Story