Quantcast

കഴിഞ്ഞ കൊല്ലത്തെ ഇന്ത്യൻ ബജറ്റിലെ വാഗ്ദാനങ്ങൾ നടന്നോ? ബി.ബി.സി റിയാലിറ്റി ചെക്ക് റിപ്പോർട്ട് പുറത്ത്

2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന അവസാന പൂർണ ബജറ്റ് ബുധനാഴ്ചയാണ് അവതരിപ്പിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-31 16:36:25.0

Published:

31 Jan 2023 2:12 PM GMT

കഴിഞ്ഞ കൊല്ലത്തെ ഇന്ത്യൻ ബജറ്റിലെ വാഗ്ദാനങ്ങൾ നടന്നോ? ബി.ബി.സി റിയാലിറ്റി ചെക്ക് റിപ്പോർട്ട് പുറത്ത്
X

നാളെ 2023ലെ ഇന്ത്യൻ ബജറ്റ് പുറത്തുവരാനിരിക്കെ കഴിഞ്ഞ കൊല്ലത്തെ വാഗ്ദാനങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുന്ന ബി.ബി.സി. റിയാലിറ്റി ചെക്ക് റിപ്പോർട്ട് പുറത്തുവന്നു. ശ്രുതി മേനോൻ ഷാദാബ് നസ്മി എന്നിവർ തയാറാക്കിയ റിപ്പോർട്ട് ബി.ബി.സി.കോമാണ് പ്രസിദ്ധീകരിച്ചത്. 2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന അവസാന പൂർണ ബജറ്റ് ബുധനാഴ്ചയാണ് അവതരിപ്പിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വട്ടത്തെ വാഗ്ദാനങ്ങൾ പരിശോധിച്ചത്. ആ റിപ്പോർട്ടിലൂടെ...

സാമ്പത്തിക വളർച്ചയും വാഗ്ദാനങ്ങളും

2022ലെ ബജറ്റിൽ 2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ വാക്ക് നൽകിയത്. വമ്പൻ സാമ്പത്തിക ശക്തികളുടേതിനേക്കാൾ വലുതാണ് ഈ വാഗ്ദാനം. എന്നാൽ യുക്രൈനിലെ യുദ്ധത്തിനുശേഷം ആഗോള മാന്ദ്യവും ഊർജ വിലയും ഉയരുമെന്ന ഭയത്താൽ, റിസർവ് ബാങ്ക് വളർച്ചാ നിരക്ക് 6.8% മാത്രമേ ഉണ്ടാകൂവെന്ന് കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു.

എന്നാൽ ആഗോളതലത്തിലെ വികസ്വരമായ ഏഴ് സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് ലോകബാങ്ക് പറഞ്ഞിരിക്കുന്നത്. ആഗോള ശരാശരിയേക്കാൾ മികച്ച പ്രകടനം ഇന്ത്യ കാഴ്ചവെക്കുന്നതായാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ഈ മാസം പറഞ്ഞത്.

ഗവൺമെന്റ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (2022 മുതൽ) ഇന്ത്യയുടെ ജിഡിപി വളർച്ച 13.5% ആയിരുന്നു, എന്നാൽ ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും ഊർജ്ജ വിലയും കാരണം നിർമാണ മേഖല മന്ദഗതിയിലായതിനാൽ രണ്ടാം പാദത്തിൽ 6.3% ആയി കുറഞ്ഞു. കഴിഞ്ഞ വർഷം സാമ്പത്തികമായി ഉയർച്ചയും താഴ്ചയുമുണ്ടായതായാണ് നോമുറ ഫിനാൻഷ്യൽ സർവീസ് ഗ്രൂപ്പിലെ ഡോ. ഔറോദീപ് നന്ദി നിരീക്ഷിക്കുന്നത്.

കടപ്പാട്: ബി.ബി.സി

ഇന്ത്യയുടെ ധനക്കമ്മി ടാർഗറ്റ്- മൊത്തം ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസം- ജി.ഡി.പിയുടെ 6.4 ശതമാനമായി നിലനിർത്തുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം ഇതുവരെ ആ നിലയിൽ നിലനിർത്തിയിട്ടുണ്ട്. കോവിഡ് സംബന്ധമായ ആവശ്യങ്ങളുണ്ടായതിനാൽ 2020 (9.1%), 2021 (6.7%) എന്നിവയേക്കാൾ കുറഞ്ഞ ലക്ഷ്യമാണ് ഇക്കുറിയുണ്ടായിരുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ ചെലവ് 39.45 ട്രില്യൺ രൂപയായി (4,800 ബില്യൺ ഡോളർ) നിലനിർത്താനുള്ള സർക്കാർ ലക്ഷ്യം. എന്നാൽ ഉയർന്ന ഇറക്കുമതിച്ചെലവുകളും ഭക്ഷണം, ഇന്ധനം, വളം എന്നിവയ്ക്കുള്ള സബ്സിഡിയും കാരണം ഈ ലക്ഷ്യം നേടനായിട്ടില്ല. 'ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ബജറ്റ് ചെലവ് ജിഡിപിയുടെ 1.1% കവിയുന്നുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്' ഡോ നന്ദി പറഞ്ഞു.

കടപ്പാട്: ബി.ബി.സി

ക്ഷേമ വാഗ്ദാനങ്ങൾ എന്തായി?

എല്ലാവർക്കും വീട് ഉറപ്പുവരുത്താനായി 2015ൽ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (PMAY) നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതികളിൽ ഒന്നാണ്. 2022-23 ബജറ്റിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും ഗുണഭോക്താക്കൾക്കായി എട്ട് ദശലക്ഷം വീടുകൾ നിർമിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ, 480 ബില്യൺ രൂപ (59 ബില്യൺ ഡോളർ) അനുവദിച്ചിരുന്നു. ഗ്രാമീണ, നഗര പ്രദേശങ്ങളിലായുള്ള പദ്ധതി വിവിധ മന്ത്രാലയങ്ങളാണ് നടപ്പാക്കുന്നത്. പദ്ധതി ലക്ഷ്യത്തിന് പിന്നിലാണെന്നും കഴിഞ്ഞ വർഷം ആഗസ്തിൽ ഗവൺമെന്റിൽ നിന്ന് സമയപരിധി നീട്ടാനും കൂടുതൽ സാമ്പത്തിക സഹായത്തിനും അപേക്ഷിച്ചിട്ടുണ്ടെന്നുമാണ് നഗരങ്ങളിൽ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഭവന, നഗരകാര്യ മന്ത്രാലയം പറയുന്നത്. അന്തിമ സമയപരിധി 2024 ഡിസംബറിലേക്ക് മാറ്റിയതായാണ് അവർ അറിയിക്കുന്നത്.

2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെയായി സർക്കാറിന് കീഴിൽ നടക്കുന്ന ഭവന നിർമാണ പദ്ധതിയിൽ 3.8 ദശലക്ഷം വീടുകളാണ് പൂർത്തിയായിട്ടുള്ളത്. 4.2 ദശലക്ഷം വീടുനിർമാണം ബാക്കിയുണ്ട്. ബി.ബി.സി ഗ്രാഫടക്കം റിപ്പോർട്ടിൽ വ്യക്തമാക്കി. ഇന്ത്യൻ സർക്കാർ രേഖകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

നഗരപ്രദേശങ്ങളിൽ 1.2 ദശലക്ഷം വീടുകൾ പൂർത്തീകരിച്ചതായാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ 2022 ഏപ്രിൽ 1 മുതൽ 2023 ജനുവരി 23 വരെയുള്ള ഡാറ്റ കാണിക്കുന്നത്. ഗ്രാമീണ പ്രദേശങ്ങളിൽ 2.6 ദശലക്ഷം വീടുകൾ നിർമിച്ചതായും പറയുന്നു. സർക്കാർ നേരത്തെ പറഞ്ഞതിനേക്കാൾ 4.2 ദശലക്ഷം വീടുകൾ ഇനിയും നിർമിക്കാനുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

കടപ്പാട്: ബി.ബി.സി

കുടിവെള്ളം കിട്ടിയോ?

2022-23 ൽ 38 ദശലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് വഴിയുള്ള കുടിവെള്ള കണക്ഷനുകൾ നൽകുകയെന്ന ലക്ഷ്യത്തോടെ ധനമന്ത്രി 600 ബില്യൺ രൂപ അനുവദിച്ചിരുന്നു. ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ ഏകദേശം 17 ദശലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് പൈപ്പ് വാട്ടർ കണക്ഷൻ നൽകിയത്. ലക്ഷ്യത്തിന്റെ പകുതിയിലേറെ കുറവാണിത്. 2019 ഓഗസ്റ്റിൽ ആരംഭിച്ചതുമുതൽ, പദ്ധതി മൊത്തം 77 ദശലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം നൽകിയിട്ടുള്ളത്.

റോഡ് നിർമാണം മന്ദഗതിയിൽ

ദേശീയ പാത ശൃംഖല 2022-23ൽ 25,000 കിലോമീറ്റർ (15,534 മൈൽ) വികസിപ്പിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. പുതിയ റോഡ് നിർമാണവും നിലവിലുള്ളവയുടെ വികസനവും സംസ്ഥാന പാതകളെ ദേശീയ പാതയായി പ്രഖ്യാപിക്കലും ഉൾപ്പെടെയായിരുന്നു ഈ 25,000 കിലോമീറ്റർ റോഡ് പ്രഖ്യാപിച്ചത്. എന്നാൽ ഈ സാമ്പത്തിക വർഷത്തിൽ 12,000 കിലോമീറ്റർ (7,456 മൈൽ) നിർമിക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനമുള്ളൂ. 2022 ഏപ്രിലിനും ഡിസംബറിനുമിടയിൽ ആകെ 5,774 കിലോമീറ്റർ (3,588 മൈൽ) ദേശീയ പാതകൾ മാത്രമേ നിർമിച്ചിട്ടുള്ളൂവെന്നാണ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത്. - അതിനാൽ കഴിഞ്ഞ ബജറ്റിലെ ലക്ഷ്യത്തിന്റെ പകുതിയിൽ താഴെ മാത്രമാണ് റോഡ് വികസനവും നടന്നിരിക്കുന്നത്. ഈ വർഷം ജനുവരിയിലെ ഡാറ്റ ഇതുവരെ തങ്ങളുടെ പക്കലില്ലെന്നും ബി.ബി.സി വ്യക്തമാക്കി.

മുൻ വർഷങ്ങളിലെ ഡാറ്റ അനുസരിച്ച്, 2021-22-ൽ പ്രതിദിനം 29 കി.മീറ്ററും 2020-21ൽ 37 കി.മീറ്ററും ആയിരുന്ന നിർമാണ വേഗത ഈ വർഷം ശരാശരി 21 കി.മീ (13 മൈൽ) ആയി കുറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

>>>>>>>>>>>>>>>

അതേസമയം, പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്നാരംഭിച്ചിരിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപന പ്രസംഗം നടത്തി. സർക്കാറിന്റെ വികസന നേട്ടങ്ങളും രാഷ്ട്രപതി എണ്ണിപ്പറഞ്ഞു. കോവിഡ് കാലത്ത് ശക്തമായി ഇടപെട്ടു. കർഷകർക്കായി നിരവധി പദ്ധതികൾ നടപ്പാക്കി. ലോകത്തിന്റെ ആകെ പ്രതീക്ഷയാണ് ഇന്നത്തെ ഇന്ത്യയെന്ന് പറഞ്ഞ രാഷ്ട്രപതി മിന്നലാക്രമണത്തിലും മുത്തലാഖിലും കണ്ടത് സർക്കാറിന്റെ ദൃഢനിശ്ചയമാണെന്നും അവകാശപ്പെട്ടു. ഭീകരതക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പറഞ്ഞ രാഷ്ട്രപതി പാക്, ചൈന അതിർത്തികളിലെ സാഹചര്യവും പരാമർശിച്ചു. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ദ്രൗപതി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.

രണ്ട് ഘട്ടമായിട്ടാണ് ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ഇന്നാരംഭിച്ചു അടുത്ത മാസം 14 ന് അവസാനിക്കും. മാർച്ച് 14 മുതൽ ഏപ്രിൽ 6 വരെയാണ് രണ്ടാംഘട്ടം സഭ. സമ്മേളന കാലയളവിൽ പാസാക്കാനായി 36 ബില്ലുകളാണ് തയാറാക്കിയിരിക്കുന്നത്. ബജറ്റിന് മുന്നോടിയായി ഇന്ന് സാമ്പത്തിക സർവേ പുറത്ത് വിട്ടിരിക്കുകയാണ്.

Did the promises in last year's Indian budget come true? BBC reality check report is out

TAGS :

Next Story