കർണാടക കോൺഗ്രസിൽ തർക്കം തുടരുന്നു; ഹൈക്കമാൻഡ് വിളിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ
ഹൈക്കമാന്‍ഡ് വിളിപ്പിച്ചില്ലെന്നും വിളിച്ചാല്‍ പോകുമെന്നും സിദ്ധരാമയ്യ

ഡി.കെ ശിവകുമാര്‍- സിദ്ധരാമയ്യ Photo-PTI
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിളിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡികെയും സിദ്ധരാമയ്യയും രംഗത്ത് എത്തി.
ഹൈക്കമാന്‍ഡ് വിളിച്ചിട്ടില്ലെന്നും വിളിച്ചാല്‍ പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഡി.കെ ശിവകുമാറും ഇതെ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. അതേസമയം വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് സിദ്ധരാമയ്യ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും പ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിൽ ധാരണയിൽ എത്തിയിരുന്നു എന്നാണ് ഡി.കെ ശിവകുമാർ ക്യാമ്പിന്റെ അവകാശവാദം. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും ബാക്കി രണ്ടര വർഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ. എന്നാൽ മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകാൻ സിദ്ധരാമയ്യ തയ്യാറാകാത്തതോടെയാണ് കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായത്. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഹൈക്കമാന്‍ഡിനെ കാണുകയും ചെയ്തിരുന്നു.
അതേസമയം ഇന്ന് ചേരുന്ന ബിഹാർ അവലോകന യോഗത്തിന് ശേഷം നേതാക്കൾ കർണാടക വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. അതിനിടെ മുഖ്യമന്ത്രിയായാൽ പിന്തുണയ്ക്കുമെന്ന ബിജെപി വാദം ഡികെ ശിവകുമാർ തള്ളി. ബിജെപിയും ജനതാദളും തന്നെ കുറിച്ചോർത്ത് വിഷമിക്കേണ്ടെന്നും പ്രതിപക്ഷ നേതാക്കൾ സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ എന്നും ഡി.കെ ശിവകുമാർ പ്രതികരിച്ചു.
Adjust Story Font
16

