Quantcast

പാർക്കിങ്ങിനെ ചൊല്ലി തർക്കം; കോളറിൽ പിടിച്ച് പൊലീസ്, തിരിച്ചു പിടിച്ച് ഡ്രൈവർ; വീഡിയോ

വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2025-10-25 17:28:09.0

Published:

25 Oct 2025 10:42 PM IST

പാർക്കിങ്ങിനെ ചൊല്ലി തർക്കം; കോളറിൽ പിടിച്ച് പൊലീസ്, തിരിച്ചു പിടിച്ച് ഡ്രൈവർ; വീഡിയോ
X

Photo|Special Arrangement

ബംഗളൂരു: സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കർണാടകയിലെ ആർടി നഗർ ഫ്‌ളൈഓവറിന് സമീപം ട്രാഫിക് പൊലീസുദ്യോഗസ്ഥനും ടാക്‌സി ഡ്രൈവറും തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ. പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ പൊലീസുദ്യോഗസ്ഥൻ ടാക്‌സി ഡ്രൈവറെ മർദിച്ചു എന്നാണ് ആരോപണം. 'കർണാടക പോർട്ട്‌ഫോളിയോ' എന്ന സോഷ്യൽ മീഡിയ പേജാണ് 'ഞെട്ടിക്കുന്ന സംഭവം' എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചത്.

വെറും അഞ്ച് മിനിറ്റ് നേരത്തേക്ക് പാർക്ക് ചെയ്തതിന്റെ പേരിൽ ഉദ്യോഗസ്ഥൻ ഡ്രൈവറോട് അധിക്ഷേപ ഭാഷയിൽ സംസാരിക്കുകയും, പിന്നീട് പൊതുജനമധ്യത്തിൽ വെച്ച് ഡ്രൈവറെ അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തതായി പോസ്റ്റിൽ പറയുന്നു. ഉദ്യോഗസ്ഥൻ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് ദൃക്‌സാക്ഷികളും ആരോപിക്കുന്നത്.

തെറ്റുകാരൻ ആരായാലും നിഷ്പക്ഷമായ അന്വേഷണം നടത്തി ഉടനടി നടപടിയെടുക്കണമെന്ന് 'കർണാടക പോർട്ട്‌ഫോളിയോ'യുടെ പോസ്റ്റിൽ ആവശ്യപ്പെടുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ, ബംഗളൂരു സിറ്റി പോലീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ആർടി നഗർ ട്രാഫിക് പൊലീസിനെയും ട്രാഫിക് നോർത്ത് വിഭാഗം ഡെപ്യൂട്ടി കമ്മീഷണറെയും ടാഗ് ചെയ്തുകൊണ്ട് വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

അതേസമയം, സംഭവത്തിൽ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. ഉദ്യോഗസ്ഥന്റെ ആക്രമണോത്സുകമായ പെരുമാറ്റത്തെ പലരും കുറ്റപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. എന്നാൽ, പാർക്കിങ് അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ഡ്രൈവറുടെ നിരുത്തരവാദപരമായ നടപടിയെ വിമർശിക്കുന്നവരും കൂട്ടത്തിലുണ്ട്. 'തെറ്റായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത ഡ്രൈവർ നിരപരാധിയല്ല. ഉദ്യോഗസ്ഥന്റെ മർദനം അപലപനീയമാണെങ്കിലും, തെറ്റായ പാർക്കിങ്ങിനുള്ള ന്യായീകരണമല്ല അത്. അഞ്ച് മിനിറ്റാണെങ്കിൽ പോലും അത് സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. ഡ്രൈവറെയും ശിക്ഷിക്കണം' എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 'പൊലീസ് ഒരിക്കലും അനാവശ്യമായി ഒരു ഡ്രൈവറെ തടയില്ല. ആരെങ്കിലും തങ്ങളോട് മോശമായി പെരുമാറിയാൽ മാത്രമേ അങ്ങനെ സംഭവിക്കാറുള്ളൂ, ഒരു മനുഷ്യനും അത് സഹിക്കില്ല' എന്നാണ് മറ്റൊരു കമന്റ്.

TAGS :

Next Story