സ്‌കൂളിൻ്റെ പേരിനെ ചൊല്ലി തർക്കം: ഡെറാഡൂണിൽ വിദ്യാഭ്യാസ ഡയറക്ടറെ മർദിച്ച ബിജെപി എംഎൽഎയ്‌ക്കെതിരെ കേസ്
തങ്ങൾക്കാണ് മർദനമേറ്റത് എന്ന് പറഞ്ഞ് എംഎൽഎയുടെ സുരക്ഷ ഉദ്യോഗസ്ഥരും പരാതി നൽകിയിട്ടുണ്ട്

- Published:
22 Feb 2026 9:59 PM IST

ഡെറാഡൂൺ:സർക്കാർ സ്‌കൂളിൻ്റെ പേര് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടക്ക് വിദ്യാഭ്യാസ ഡയറക്ടറെ മർദിച്ച ബിജെപി എംഎൽഎക്കെതിരെ കേസ്. ബിജെപി എംഎൽഎ ഉമേഷ് ശർമ കൗവിനും അനുയായികൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഡെറാഡൂണിലെ നാനൂർഖേഡയിലുള്ള ഡയറക്ടറേറ്റ് ഓഫീസിലായിരുന്നു സംഭവം.
റായ്പൂർ മേഖലയിലെ ഒരു സർക്കാർ സ്‌കൂളിൻ്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്‌കൂളിനായി ഭൂമി നൽകിയ വ്യക്തിയുടെ പേര് സ്‌കൂളിന് നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ എത്തിയത്. എന്നാൽ, ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സംസ്ഥാന സർക്കാരാണെന്നും ഡയറക്ടറേറ്റിന് ഇതിൽ നേരിട്ട് അധികാരമില്ലെന്നും പ്രൈമറി വിദ്യാഭ്യാസ ഡയറക്ടർ അജയ് നൗഡിയാൽ പറഞ്ഞു. ഇതാണ് എംഎൽഎയെയും കൂട്ടരെയും പ്രകോപിപ്പിച്ചത്.
ഡയറക്ടറുടെ ഫോൺ പിടിച്ചുവാങ്ങി അദ്ദേഹത്തെ മർദിക്കുകയായിരുന്നു. മുഖത്തും കണ്ണിനും പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർണിച്ചറുകൾ തകർക്കുകയും ഫയലുകൾ വലിച്ചുകീറുകയും ചെയ്തു എന്നും തടയാൻ ശ്രമിച്ച വനിത ജീവനക്കാരെയും സംഘം അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. എംഎൽഎയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡയറക്ടറുടെ ഓഫീസിൽ വെച്ച് തങ്ങൾക്കാണ് മർദനമേറ്റതെന്നാണ് ഇവരുടെ വാദം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഉന്നത ഉദ്യോഗസ്ഥനെതിരെ നടന്ന അതിക്രമത്തിൽ ഉത്തരാഖണ്ഡിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയക്കാരുടെ ഗുണ്ടായിസത്തിൽ നിന്ന് ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
Adjust Story Font
16
