Quantcast

ടീലെ വാലി മസ്ജിദ് കേസ് തുടരും; മുസ്‌ലിം വിഭാഗത്തിന്റെ ഹരജി തള്ളി ജില്ലാ കോടതി

ടീലെ വാലി മസ്ജിദ് 'ലക്ഷമൺ ടീല'യാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശ വാദം

MediaOne Logo

Web Desk

  • Updated:

    2024-02-29 06:48:06.0

Published:

29 Feb 2024 5:53 AM GMT

District court rejects petition challenging maintainability of suit on Teele Wali Masjid
X

ലഖ്‌നൗ: ടീലെ വാലി മസ്ജിദിന്റെ കേസ് നിലനിർത്തുന്നത് ചോദ്യം ചെയ്തുള്ള മുസ്‌ലിം വിഭാഗത്തിന്റെ ഹരജി ലഖ്‌നൗവിലെ ജില്ലാ കോടതി തള്ളി. ടീലേ വാലി മസ്ജിദ് വളപ്പിലുള്ള ശേഷ് നാഗേഷ് തീലേശ്വർ മഹാദേവ് മന്ദിറിൽ പ്രാർഥന നടത്താനുള്ള അവകാശം തേടിയുള്ള സിവിൽ കേസ് നിലനിർത്താൻ ജൂനിയർ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2023 സെപ്തംബർ ആറിന് പുറപ്പെടുവിച്ച ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള മുസ്‌ലിം കക്ഷികളുടെ റിവിഷൻ ഹരജി അഡീഷണൽ ജില്ലാ ജഡ്ജിയുടെ കോടതിയാണ് തള്ളിയത്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹരജിയിലാണ് അഡീഷണൽ ജില്ലാ ജഡ്ജി (മൂന്ന്) നരേന്ദ്ര കുമാർ ബുധനാഴ്ച ഉത്തരവിട്ടത്.

ഹിന്ദു കക്ഷികളുടെ ഹരജി നിലനിൽക്കുമെന്ന് കാണിച്ച് 2023 സെപ്തംബർ ആറിന് സിവിൽ ജഡ്ജി (സൗത്ത്) പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് മൗലാനാ കാരി സയ്യിദ് ഷാ ഫസലുൽ മന്നാനാണ് സിവിൽ റിവിഷൻ ഹരജി സമർപ്പിച്ചത്. എന്നാൽ ഹരജി നിയമത്തിന്റെയും വസ്തുതകളുടെയും സമ്മിശ്രചോദ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാൽ തെളിവുകൾ രേഖപ്പെടുത്താതെ, 1991-ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഉയർത്തിയുള്ള മുസ്‌ലിം പക്ഷത്തിന്റെ എതിർപ്പിൽ മാത്രം കേസ് തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു. 2023 സെപ്തംബർ ആറിലെ ഉത്തരവിൽ ഒരു നിയമവിരുദ്ധതയും ഇല്ലെന്നും നിരീക്ഷിച്ചു.

ടീലേശ്വർ മഹാദേവ് മന്ദിറിൽ പ്രാർത്ഥിക്കാൻ അനുമതി ആവശ്യപ്പെട്ട് 2023 ഫെബ്രുവരി 15നാണ് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡ്യ ഹരജി നൽകിയിരുന്നത്. 'ക്ഷേത്ര'ത്തിൽ പ്രാർത്ഥിക്കാൻ അനുമതി തേടിയുള്ള ഹരജി ഇനി സിവിൽ കോടതി (ജൂനിയർ ഡിവിഷൻ)യാണ് പരിഗണിക്കുക. കേസിൽ ഹിന്ദു വിഭാഗത്തെ അഡ്വ. അഭയ് ശ്രീവാസ്തവയും സംസ്ഥാന സർക്കാറിനെ അഡ്വ. റിതേഷ് റസ്‌തോഗിയുമാണ് പ്രതിനിധീകരിച്ചത്.

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ ഗോമതി നദീ തീരത്താണ് ടീലെ വാലി മസ്ജിദ് നിലകൊള്ളുന്നത്. മസ്ജിദ് 'ലക്ഷമൺ ടീല'യാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശ വാദം. ഭഗവാൻ രാമന്റെ സഹോദരൻ ലക്ഷ്മണാണ് ഇത് നിർമിച്ചതെന്നും അവർ അവകാശപ്പെടുന്നു.

ടീലെ വാലി മസ്ജിദിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി മാർച്ച് രണ്ടിന് അഡീഷണൽ ജില്ലാ കോടതി പരിഗണിക്കും. 2013ൽ അഭിഭാഷകനായ ഹരി ശങ്കർ ജെയ്‌നാണ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ട് ലഖ്‌നൗ സിവിൽ കോടതിയിൽ ഹരജി നൽകിയിരുന്നത്. ഈ കേസ് നിലനിൽക്കില്ലെന്ന് കാണിച്ച് മുസ്‌ലിം വിഭാഗം അഡീഷണൽ ജില്ലാ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

2013-ൽ ഭഗവാൻ ശേഷനാഗേഷ് തീലേശ്വർ മഹാദേവ് വിരാജ്മാൻ വേണ്ടിയാണെന്ന് പറഞ്ഞ് ഡോ. വി.കെ. ശ്രീവാസ്തവ സിവിൽ ഹരജി നൽകിയിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് ഹിന്ദു നിർമിതിയായ ലക്ഷ്മൺ ടീല തകർത്താണ് ടീലെ വാലി മസ്ജിദ് നിർമിച്ചതെന്നും അതിനാൽ യഥാർത്ഥ ഹിന്ദു ക്ഷേത്രം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്.

2013ൽ മസ്ജിദ് കമ്മിറ്റി അതിർത്തി ഭിത്തി നിർമിച്ച് കൂട്ടിച്ചേർത്ത ഭാഗമടക്കമുള്ള മസ്ജിദ് കാമ്പസ് സർവേ നടത്താൻ അനുവദിക്കണമെന്നാണ് അവർ കോടതിയോട് ആവശ്യപ്പെടുന്നത്. തിലേശ്വർ ക്ഷേത്രം മസ്ജിദിനുള്ളിലാണെന്നും സമുച്ചയം മുഴുവനായും ശേഷ്‌നാഗ് ദുധേശ്വർ മഹാദേവന്റെ സ്ഥലമാണെന്നും ഹിന്ദു വിഭാഗത്തിന്റെ ഹരജിയിൽ അവകാശപ്പെടുന്നു.

District court rejects petition challenging maintainability of suit on Teele Wali Masjid

TAGS :

Next Story