ഒരു വിഭാഗത്തിന് തോക്കു നൽകാനൊരുങ്ങി അസാം ഭരണകൂടം; ഭിന്നിപ്പുണ്ടാക്കുന്ന തീരുമാനമെന്ന് വിമർശനം
'പ്രശ്‌ന ബാധിത പ്രദേശത്ത്' താമസിക്കുന്ന 'തദ്ദേശീയർ' ആയവർക്കാണ് ആയുധ ലൈസൻസ് നൽകാനാണ് ഹേമന്ത് വിശ്വ ഭരണകൂടത്തിന്റെ തീരുമാനം

അസാമിലെ ഭൂരിപക്ഷ വിഭാഗത്തിന് ആയുധ ലൈസൻസ് നൽകാനുള്ള തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹിമാന്ത വിശ്വ ശർമ സർക്കാർ. 'പ്രശ്‌ന ബാധിത പ്രദേശത്ത് താമസിക്കുന്ന സ്വദേശികൾ' ആയവർക്കാണ് ആയുധ ലൈസൻസ് നൽകാനുള്ള തീരുമാനം. ഭരണത്തിലെത്തിയതിന് ശേഷം ഹിമാന്ത വിശ്വയുടെ ഭരണകൂടം നടത്തിവരുന്ന മുസ്‌ലിം വിരുദ്ധ നടപടികളുടെ തുടർച്ചയായാണ് ഇതിനെയും വിലയിരുത്തുന്നത്.
കഴിഞ്ഞ കുറച്ച് കാലമായി അസാം ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മിയ മുസ്‌ലിം വിഭാഗത്തിന് നേരെ നിരന്തരമായ പ്രതികാര നടപടികൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ തീരുമാനം.ദുബ്രി, ഗോൾപാറ, ബാർപെട്ട, ദരംങ്, തുടങ്ങിയ വിവിധ ജില്ലകളിലെ മുസ്‌ലിം വീടുകൾ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പല ന്യായങ്ങളും ഉന്നയിച്ച് തകർത്തതും, ഇതിനിടയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ് നടത്തിയതിനെതുടർന്നുണ്ടായ മരണവുമെല്ലാം അസാമിലെ സർക്കാർ സ്‌പോൺസേർഡ് വർഗീയ വിഭജനത്തിന്റെ തെളിവുകളാണെന്നാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ.ചാരുബക്ര, ചിരാകുട്ട, സന്ദേശ്പൂർ, ദുബ്രി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ജോലി ആവശ്യാർഥം കിഴക്കൻ അസാമിലെ വിവിധ ജില്ലകളിലേക്ക് താമസം മാറിയിട്ടുള്ള മിയ മുസ്‌ലിം വിഭാഗത്തിന് നേരെയും സ്ഥലം വിടാനുള്ള നിർദേശവും ഭീഷണിയുമുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തിനകത്ത് മിയ വിഭാഗത്തിന്റെ നീക്കങ്ങൾക്ക് കയറിടുക എന്നതാണ് ഇത്തരം നീക്കങ്ങൾക്കു പിറകിലെന്ന് ആരോപണങ്ങളുണ്ട്. പലപ്പോഴായി മുഖ്യമന്ത്രി നടത്തിയ വിദ്വേഷ പരാമർശങ്ങളും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിന്റെ ജീവിതം ദുഃസ്സഹമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനൊക്കെ ഇടയിലാണ് 'തദ്ദേശീയർക്ക്' ആയുധ ലൈസൻസ് നൽകാനുള്ള തീരുമാനം. ആകെ താമസക്കാരിൽ 'തദ്ദേശീയരുടെ എണ്ണം' കുറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ സ്വയം സുരക്ഷക്കുവേണ്ടി എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ തീരുമാനം കൂടുതൽ വർഗീയ സംഘട്ടനങ്ങൾക്ക് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തലുകൾ.
അസാമിലെ 'ഖിലോഞ്ചിയർ'തദ്ദേശീയ വിഭാഗത്തെ മിയ വിഭാഗത്തിനെതിരെ തിരിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനായി വിദ്വേഷ ഭാഷാ പ്രയോഗങ്ങളെയാണ് ഭൂരിപക്ഷ ശക്തികൾ ആശ്രയിക്കുന്നത്. 'പുറത്തുനിന്ന് വന്നവർ', 'അനധികൃത കുടിയേറ്റക്കാർ', 'ബംഗ്ലാദേശി', 'സംശയാലുക്കളായ വോട്ടർമാർ' തുടങ്ങിയ വിദ്വേഷ രാഷ്ട്രീയ പദപ്രയോഗങ്ങളും, ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്കെതിരെ നടത്തുന്ന നിന്ദ്യമായ പ്രയോഗങ്ങളുമാണ് അസാമിൽ നിലവിൽ രാഷ്ട്രീയ നിലനിൽപിന് അടിസ്ഥാനമായി കരുതപ്പെടുന്നതെന്ന രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
തദ്ദേശീയരെന്നതിന്റെ നിർവചനം പോലും വളരെയധികം വെല്ലുവിളികളുള്ളതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അസാമിൽ തദ്ദേശീയരെന്നത് ഒരു വിഭാഗത്തെ മാറ്റി നിർത്താനുള്ള വഴിയാണ്. 1980കളിലെ പ്രക്ഷോഭങ്ങളാകട്ടെ, എൻആർസിയുമായി ബന്ധപ്പെട്ട ചർച്ചകളാകട്ടെ തദ്ദേശീയർ - വിദേശികൾ എന്നത് അസാമിന്റെ രാഷ്ട്രീയത്തിലെ സുപ്രധാന വിഷയമാണ്. നൂറ്റാണ്ടുകളായി സംസ്ഥാനത്ത് താമസിക്കുന്ന അഹോം, മോരൻ, മുട്ടുക്, സോനോവാൾ, ബ്രാഹ്മിൺ, ബംഗാളി, ആദിവാസി, മിയ മുസ്‌ലിംകൾ അടക്കമുള്ള വൈവിധ്യമാർന്ന വിഭാഗങ്ങളുള്ള അസാമിന്റെ ചരിത്രത്തെ ദുർബലപ്പെടുത്തുന്നതാണ് നിലവിലെ ചർച്ചകൾ. പല സമയത്തായി അസാമിലേക്ക് കുടിയേറിയവരാണ് ഈ വിഭാഗങ്ങളെല്ലാം തന്നെ. പൗരത്വ ഭേദഗതി നിയമത്തിലൂടെ രേഖകളില്ലാത്ത് ബംഗ്ലാദേശികൾക്ക് കൂടി പൗരത്വം നൽകാനുള്ള സർക്കാർ നടപടിയോടെ സ്ഥിതി കൂടുതൽ വഷളമാവുകയായിരുന്നുവെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.
അസാമിലെ മുസ്‌ലിം ജനസംഖ്യയുടെ വലിയൊരു ഭാഗം മിയ മുസ്‌ലിംകളാണെങ്കിലും 'തദ്ദേശീയരെ'ന്നത് അവരൊഴികെയുള്ള മുഴുവൻ വിഭാഗങ്ങളും ഉൾപ്പെടുന്ന രീതിയിലേക്ക് മാറി. ഇന്ത്യൻ ഭരണഘടന തന്റെ പൗരന് വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾക്കെതിരാണ് ഇത്തരം പദപ്രയോഗങ്ങളെന്നത് മറ്റൊരു വശം.
കൃത്യമായി നിർവചിക്കുക പോലും ചെയ്യാത്ത തദ്ദേശീയർക്ക് ആയുധം കൈവശം വെക്കാനുള്ള അവകാശം നൽകുന്നത് വഴി കൂടുതൽ സാമൂഹിക സംഘർഷങ്ങൾക്ക് വഴിയൊരുങ്ങുക മാത്രമാണുണ്ടാവുക. പൗരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന നീക്കത്തിനെതിരെ വിവിധ വിഭാഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് ഭരണകൂടത്തിന്റെയും പൊലീസിന്റെയും ചുമതലയാണെന്നിരിക്കെ ഒരു വിഭാഗത്തിന് ആയുധം കൈവശം വെക്കാൻ അവകാശം നൽകുകയെന്നത് ഒരു തരത്തിലും ന്യായീകരിക്കപ്പെടേണ്ടതല്ല. കൃത്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും, കൂടുതൽ ജോലി സാധ്യതകളുമാണ് അസാമിന് ആവശ്യം. തോക്കുകൾ നൽകുന്നത് ഒന്നിനും പരിഹാരമാകുന്നേയില്ലെന്നുമാണ് പൊതു അഭിപ്രായം.
Adjust Story Font
16

