Quantcast

'പരിശ്രമം പരാജയപ്പെട്ടാലും പ്രാർഥന പരാജയപ്പെടില്ല': രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ചർച്ചയായി ഡി.കെയുടെ വാക്കുകൾ

തന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നാണ് ഡി.കെ ശിവകുമാര്‍ പറയുന്നത്

MediaOne Logo
പരിശ്രമം പരാജയപ്പെട്ടാലും പ്രാർഥന പരാജയപ്പെടില്ല: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ചർച്ചയായി ഡി.കെയുടെ വാക്കുകൾ
X

ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നതിനിടെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എക്സില്‍ പങ്കുവെച്ചൊരു പോസ്റ്റ് ചര്‍ച്ചയാകുന്നു.

പരിശ്രമം പരാജയപ്പെട്ടാലും പ്രാർഥന പരാജയപ്പെടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കന്നഡയിലായിരുന്നു ശിവകുമാറിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുമായി മൈസൂരുവിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം.

ഇന്നലെ തമിഴ്‌നാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുമ്പോൾ, മൈസൂരു വിമാനത്താവളത്തില്‍വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുമായുള്ള ഡി.കെ ശിവകുമാറിന്റെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള വെവ്വേറെ കൂടിക്കാഴ്ച. എന്താണ് ചര്‍ച്ചയായതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ കാണാൻ ശിവകുമാർ നടത്തിയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് അതിന് കഴിഞ്ഞിരുന്നില്ലെന്ന് വാര്‍ത്തകളുണ്ട്.

തന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നാണ് ഡി.കെ ശിവകുമാര്‍ പറയുന്നത്. "ഞാൻ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ല വരുന്നത്, എന്നിട്ടും ഞാൻ ഈ നിലയിലേക്ക് വളർന്നു. പാർട്ടി എന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാഷ്ട്രീയത്തിൽ എനിക്ക് നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്''- ഇങ്ങനെയായിരുന്നു ബംഗളൂരിവില്‍ നടന്നൊരു പരിപാടിയില്‍ ഡി.കെ പറഞ്ഞിരുന്നത്.

അതേസമയം സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും ചർച്ചകൾക്കായി ന്യൂഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എപ്പോഴാണോ ആവശ്യം അപ്പോഴായിരിക്കും വിളിപ്പിക്കുക എന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

TAGS :

Next Story