'കാലം എല്ലാത്തിനും മറുപടി നൽകും'; നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ പ്രതികരണവുമായി ഡി.കെ ശിവകുമാർ
ദാവോസിൽ നടക്കേണ്ട ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നത് റദ്ദാക്കിയാണ് ശിവകുമാർ ഡൽഹിയിലെത്തി പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയത്

- Published:
19 Jan 2026 5:27 PM IST

ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായിരിക്കെ രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും കണ്ട് ചർച്ച നടത്തി ഡി.കെ ശിവകുമാർ. മല്ലികാർജുൻ ഖാർഗെയുടെ വസതിയായ 10 രാജാജി മാർഗിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിന്റെ നിരീക്ഷകൻ എന്ന നിലയിലാണ് താൻ എത്തിയതെന്ന് ശിവകുമാർ വിശദീകരിച്ചെങ്കിലും, സംസ്ഥാനത്തെ നേതൃമാറ്റ ചർച്ചകളാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടയെന്നാണ് സൂചന.
വെള്ളിയാഴ്ചയാണ് യോഗം നടന്നത്. യോഗത്തിന്റെ ആദ്യ മൂന്ന് മണിക്കൂർ രാഹുൽ ഗാന്ധിയും ശിവകുമാറും നേരിട്ട് ചർച്ച ചെയ്തുവെന്നും അതിന് ശേഷം ശിവകുമാർ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ദാവോസിൽ നടക്കേണ്ട ലോക സാമ്പത്തിക ഫോറം റദ്ദാക്കിയാണ് ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചത് എന്നതും ശ്രദ്ധേയമാണ്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ട ശിവകുമാർ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. 'എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല. കാലം എല്ലാത്തിനും മറുപടി നൽകും. ഞങ്ങൾ രാഷ്ട്രീയക്കാരാണ്, രാഷ്ട്രീയം ചെയ്യുന്നു. അതിൽ തെറ്റൊന്നുമില്ല. പാർട്ടി കാര്യങ്ങൾക്കും സർക്കാർ ആവശ്യങ്ങൾക്കുമാണ് ഡൽഹിയിൽ വന്നത് അദ്ദേഹം പറഞ്ഞു. ശുഭവാർത്തകൾ ഉള്ളപ്പോൾ താൻ സംസാരിക്കാറില്ലെന്നും'- അദ്ദേഹം കൂട്ടിച്ചേർത്തു.
2025 നവംബറിൽ സിദ്ധരാമയ്യ സർക്കാറിൻ്റെ കാലാവധി പകുതി പിന്നിട്ടതോടെയാണ് കർണാടകയിൽ മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ മാറുമെന്നും ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാറോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയോ മുഖ്യമന്ത്രിയാകും എന്ന രീതിയിലാണ് അഭ്യൂഹങ്ങൾ പരന്നിരുന്നത്. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും ബാക്കി ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന് മുൻപ് ധാരണയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Adjust Story Font
16
