Quantcast

ടോൾ കുടിശ്ശികയുണ്ടോ?; എൻഒസിയും ഫിറ്റ്‌നസും മറന്നേക്കൂ

1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ഭേദഗതി ചെയ്തുകൊണ്ട് 'സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 2026'പുറത്തിറക്കി

MediaOne Logo
ടോൾ കുടിശ്ശികയുണ്ടോ?; എൻഒസിയും ഫിറ്റ്‌നസും  മറന്നേക്കൂ
X

ന്യൂഡൽഹി: ദേശീയപാതകളിൽ ടോൾ നൽകാതെ പോവുന്നവരെ പിടിക്കാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, നാഷണൽ പെർമിറ്റ് എന്നിവ തടയാനുള്ള നിയമഭേദഗതി പുറത്തിറക്കി. 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ഭേദഗതി ചെയ്തുകൊണ്ട് 'സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 2026' ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.

ഭേദഗതി പ്രകാരം 'അടയ്ക്കാത്ത ടോൾ' എന്നതിന് വ്യക്തമായ നിർവചനം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ടോൾ കളക്ഷൻ സിസ്റ്റം വഴി ഒരു വാഹനത്തിന്റെ യാത്ര രേഖപ്പെടുത്തുകയും എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ദേശീയപാതയിലെ ടോൾ തുക ഈടാക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ അത് കുടിശ്ശികയായി കണക്കാക്കും എന്നാണ് നിയമ ഭേദഗതിയിൽ പറയുന്നത്. ഭാവിയിൽ നടപ്പിലാക്കാൻ പോകുന്ന 'മൾട്ടി ലെയ്ൻ ഫ്രീ ഫ്‌ലോ' ടോൾ സംവിധാനത്തിന്റെ ആദ്യ ഘട്ടമാണ് ഇതെന്ന് ഉപരിതല ഗതാഗത വകുപ്പ് അവകാശപ്പെടുന്നു. ടോൾ പ്ലാസകളിൽ ബാരിക്കേഡുകൾ ഇല്ലാതെ തന്നെ വാഹനങ്ങളുടെ യാത്രയിൽ ടോൾ ഈടാക്കുന്ന രീതിയാണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്‌ലോ ടോൾ സംവിധാനം.

പുതിയ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ വാഹനത്തിന് ടോൾ കുടിശ്ശിക പാടില്ലെന്ന് നിയമഭേദഗതിയിൽ വ്യക്താമാക്കുന്നു. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനോ, വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനോ ആവശ്യമായ എൻഒസി ലഭിക്കണമെങ്കിൽ നിലവിലുള്ള എല്ലാ ടോൾ കുടിശ്ശികകളും തീർപ്പാക്കിയിരിക്കണം എന്നും ഭേദഗതിയിലുണ്ട്. എൻഒസിക്കായി സമർപ്പിക്കുന്ന 'ഫോം 28'-ലും ഭേദഗതി വരുത്തിയിട്ടുണ്ട്. തന്റെ വാഹനത്തിന് കുടിശ്ശിക ഉണ്ടോ എന്നത് ഫോമിൽ തന്നെ വ്യക്തമാക്കണം. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഈ ഫോം ഓൺലൈൻ പോർട്ടൽ വഴി ഇലക്ട്രോണിക്കായി നൽകാനും സൗകര്യമുണ്ടാകും.

TAGS :

Next Story