ഹലാൽ ഉൽപ്പന്നങ്ങൾ വാങ്ങരുത്, ആ പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു: യോഗി ആദിത്യനാഥ്
ഹലാല്‍ ഉല്‍പ്പന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദം, നിര്‍ബന്ധിത മത പരിവര്‍ത്തനം, 'ലവ് ജിഹാദ്' എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നതെന്നും യോഗി

യോഗി ആദിത്യനാഥ് Photo-ANI
ലക്‌നൗ: ഹലാല്‍ ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന ആഹ്വാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്‍പ്പന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദം, നിര്‍ബന്ധിത മത പരിവര്‍ത്തനം, 'ലവ് ജിഹാദ്' എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നതെന്നും യോഗി ആരോപിച്ചു.
ഗോരഖ്പൂരില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍.
കേന്ദ്രത്തിൽ നിന്നോ സംസ്ഥാന സർക്കാരുകളിൽ നിന്നോ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും, ഇത്തരം ലേബലുകൾ നൽകുന്ന ഏജൻസികൾ രാജ്യത്തുടനീളം ഏകദേശം 25,000 കോടി രൂപ സമ്പാദിച്ചതായി യോഗി ആദിത്യനാഥ് ആരോപിച്ചു. പണമെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നും ഇന്ത്യന്‍ ഉപയോക്താക്കളെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ പേരില്‍ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യോഗി പറയുന്നു.
'നിങ്ങള്‍ എന്ത് വാങ്ങുമ്പോഴും അതില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ടാഡ് ഇല്ലെന്ന് ഉറപ്പുവരുത്തണം. വസ്ത്രങ്ങളിലും സോപ്പുകളിലും തീപ്പെട്ടിയിലും വരെ ഇപ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ടാഗ് വരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ അതിന് ആരും ധൈര്യപ്പെടില്ല. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഔദ്യോഗിക അംഗീകാരം ഇല്ലാതിരുന്നിട്ടുപോലും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപോയഗിച്ച് അവര്‍ 25,000 കോടി രൂപ ലാഭമുണ്ടാക്കി. ഈ പണമെല്ലാം ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തിനും ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനുമായി ഉപയോഗിക്കുകയാണ്': യോഗി ആദിത്യനാഥ് പറഞ്ഞു.
രാജ് ഭവനിലും മുഖ്യമന്ത്രിയുടെ വസതിയിലും നടന്നുവന്നിരുന്ന ഈദ് മിലന്‍ അവസാനിപ്പിച്ചതും യോഗി പറഞ്ഞു.
Adjust Story Font
16

