Quantcast

'യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കില്ല, പകരം...'; എഐഎംഐഎമ്മിൻ്റെ പദ്ധതി വിശദീകരിച്ച് ഉവൈസി

സഖ്യസാധ്യതകള്‍ സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    21 Sept 2026 3:04 PM IST

Dont want to contest alone Owaisi
X

ലഖ്നൗ: 2027ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന സൂചന നല്‍കി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ താല്‍പര്യമുള്ള, സമാന ചിന്താഗതിക്കാരായ, പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് ചാനല്‍ അഭിമുഖത്തില്‍ ഉവൈസി പറഞ്ഞു.

'ബിജെപി വീണ്ടും യുപിയില്‍ അധികാരത്തിലെത്തരുത്. അതിന് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്' -ഉവൈസി പറഞ്ഞു. അതേസമയം, എഐഎംഐഎമ്മിനെ ബിജെപിയുടെ ബി-ടീം എന്ന് വിശേഷിപ്പിച്ച സമാജ് വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

2027ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ എഐഎംഐഎം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. സഖ്യസാധ്യതകള്‍ സംബന്ധിച്ച തീരുമാനം ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.

നേരത്തെ, എസ്പിയുമായി സഖ്യമുണ്ടാക്കാന്‍ ഉവൈസി ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. 2022ലെ തെരഞ്ഞെടുപ്പില്‍ 111 സീറ്റുകള്‍ എസ്പി നേടിയിരുന്നു. എന്നാല്‍, ഉവൈസിയുമായുള്ള സഖ്യസാധ്യതകളെ തള്ളിക്കൊണ്ട്, ബിജെപിയുടെ ബി-ടീം എന്ന് വിളിക്കുകയാണ് അഖിലേഷ് യാദവ് ചെയ്തത്. എന്നാല്‍, സ്വന്തം പാര്‍ട്ടിയുടെ മോശം പ്രകടനത്തെ വിലയിരുത്താതെ തങ്ങളെ കുറ്റപ്പെടുത്തുകയാണ് അഖിലേഷ് ചെയ്യുന്നതെന്ന് ഉവൈസി വിമര്‍ശിച്ചു.

'യുപിയില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് എസ്പി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ തോറ്റു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴും അവര്‍ ഞങ്ങളെയാണ് കുറ്റപ്പെടുത്തിയത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെയും 2022ലെ നിയമസഭ തെരഞ്ഞെടുപ്പിലെയും തോല്‍വിക്ക് ഞങ്ങള്‍ക്ക് തന്നെ കുറ്റം. അവര്‍ ഒരിക്കലും ആത്മപരിശോധനക്ക് തയ്യാറാകുന്നില്ല. പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്' -ഉവൈസി പറഞ്ഞു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും എഐഎംഐഎം വിവിധ പ്രതിപക്ഷ നേതാക്കളുമായി സഖ്യത്തിനായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഉവൈസി പറഞ്ഞു. ആറ് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം അംഗീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെന്നും താഴെത്തട്ടില്‍നിന്ന് നേതൃത്വം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഉവൈസി അവകാശപ്പെട്ടു.

TAGS :

Next Story