Quantcast

രാഷ്ട്രീയ താത്പര്യങ്ങൾക്കായി പൊതുപണം ദുരുപയോഗം ചെയ്യരുത്: മദ്രാസ് ഹൈക്കോടതി

MediaOne Logo

Web Desk

  • Published:

    8 Sep 2021 6:33 AM GMT

രാഷ്ട്രീയ താത്പര്യങ്ങൾക്കായി പൊതുപണം ദുരുപയോഗം ചെയ്യരുത്: മദ്രാസ് ഹൈക്കോടതി
X

പൊതുപണം രാഷ്ട്രീയക്കാരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിത ഉൾപ്പെടയുള്ള മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്‌കൂൾ ബാഗുകളും സ്റ്റേഷനറി ഉത്പന്നങ്ങളും ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കോടതി നന്ദി അറിയിക്കുകയും ചെയ്തു.


മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്‌കൂൾ ബാഗുകൾ, ക്രയോണുകൾ, പെൻസിലുകൾ ഉൾപ്പെടെയുള്ളവയുടെ പഴയ സ്റ്റോക്കുകൾ ഉപയോഗപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താത്പര്യ ഹരജി തീർപ്പാക്കി കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയും ജസ്റ്റിസ് പി.ഡി ഔദികേശവാലുവും ഉൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.

" വോട്ടവകാശം പോലുമില്ലാത്ത കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ നേതാക്കന്മാരുടെ ചിത്രങ്ങളുമായി പോവുകയെന്നത് അത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടേതാണെങ്കിൽ പോലും മോശപ്പെട്ട കാര്യമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി പൊതു പണം ഉപയോഗിക്കാൻ പാടില്ല. ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടരുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണം" - കോടതി പറഞ്ഞു.

നേരത്തെ, മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഉത്‌പന്നങ്ങളുടെ പഴയ സ്റ്റോക്ക് തീർത്തും ഉപയോഗപ്പെടുത്താനുള്ള സർക്കാർ തീരുമാനം അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു. നിലവിലെ മുഖ്യമന്ത്രി തന്റെ ചിത്രങ്ങൾ ഇങ്ങനെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തന്നെ തീരുമാനമെടുത്തതിനാൽ ഇനിയൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും പൊതു പണം രാഷ്ട്രീയ നേതാക്കളുടെ പ്രചാരത്തിനായി ഉപയോഗപ്പെടുത്തിന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

TAGS :

Next Story