Quantcast

സ്ത്രീധനത്തെച്ചൊല്ലി പീഡനം; മകളെ മടിയിലിരുത്തി അധ്യാപിക തീകൊളുത്തി മരിച്ചു

മകൾ ജനിച്ചതിന് ശേഷം ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    26 Aug 2025 2:40 PM IST

സ്ത്രീധനത്തെച്ചൊല്ലി പീഡനം; മകളെ മടിയിലിരുത്തി അധ്യാപിക തീകൊളുത്തി മരിച്ചു
X

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ വെള്ളിയാഴ്ച സ്കൂൾ അധ്യാപിക മൂന്ന് വയസ്സുള്ള മകളെ മടിയിലുത്തി തീകൊളുത്തി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമ്മ സഞ്ജു ബിഷ്‌ണോയി ചികിത്സക്കിടെയാണ് ശനിയാഴ്ചയാണ് മരിച്ചത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള ഭര്‍ത്താവിന്‍റേയും ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെയും പീഡനം സഹിക്കാതെയാണ് ജീവനൊടുക്കിയതെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണഅടെടുത്തു.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സ്കൂളിൽ നിന്ന് സർനാദ ഗ്രാമത്തിലെ വീട്ടിലെത്തിയ ശേഷമാണ് ബിഷ്‌ണോയി മകളുമായി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം വീട്ടില്‍ ഭര്‍ത്താവോ ബന്ധുക്കളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍ക്കാരാണ് പൊലീസിനെയും ബന്ധുക്കളെയും ഇക്കാര്യം അറിയിച്ചത്. അവര്‍ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണത്തിന് പിന്നാലെ ബിഷ്ണോയിയുടെയും മകളുടെയും മൃതദേഹം വിട്ടുകിട്ടുന്നതിനെച്ചൊല്ലി മാതാപിതാക്കളും ഭര്‍ത്താവിന്‍റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബിഷ്ണോയിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി. അമ്മയെയും മകളെയും ഒരുമിച്ചാണ് സംസ്കരിച്ചത്.

മകളെ ഭര്‍ത്താവും അയാളുടെ അമ്മയും അച്ഛനും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ബിഷ്ണോയിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

12 വർഷം മുമ്പാണ് മകളുടെ വിവാഹം കഴിച്ചയച്ചത്. വിവാഹത്തിന് സ്ത്രീധനമായി ഒരു കാറും മറ്റ് സ്വത്തുക്കളും നൽകിയെന്നും ഇവര്‍ പറയുന്നു. എന്നാൽ അയാൾ അവളെ നിരന്തരം ഉപദ്രവിച്ചിരുന്നു. മകൾ ജനിച്ചപ്പോൾ സ്ഥിതി വഷളായതായും പരാതിയിൽ പറയുന്നു.

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) സംഘത്തിന്റെ സഹായത്തോടെ പൊലീസ് സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു. അന്വേഷണത്തിനിടെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇവരുടെ അവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

ആത്മഹത്യാക്കുറിപ്പിൽ, ഭർത്താവ്, അമ്മായിയമ്മ, അമ്മായിയച്ഛന്‍, സഹോദരി എന്നിവർക്കെതിരെ പീഡനക്കുറ്റം ചുമത്തിയിട്ടുണ്ട്. ഭര്‍ത്താവിന്‍റെ സുഹൃത്തായ ഗണപത് സിംഗ് എന്നയാളെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്.ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

( (ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

TAGS :

Next Story