Quantcast

'ബദാം കഴിച്ച് ഓർമ ശക്തി കൂട്ടൂ' ; ഫയൽ കാണാനില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥയുടെ മേശപ്പുറത്ത് ബദാം വിതറി യുവാവിന്റെ പ്രതിഷേധം

തന്റെ ഫയൽ എവിടെയാണെന്ന് 'ഓർത്തെടുക്കാൻ' ഉദ്യോഗസ്ഥർക്ക് ഈ ബദാം സഹായിക്കട്ടെ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു തരുണിന്റെ ഈ നീക്കം

MediaOne Logo
ബദാം കഴിച്ച് ഓർമ ശക്തി കൂട്ടൂ ; ഫയൽ കാണാനില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥയുടെ മേശപ്പുറത്ത് ബദാം വിതറി യുവാവിന്റെ പ്രതിഷേധം
X

ബിലാസ്പൂർ: സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയ്ക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കുമെതിരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച തരുൺ സാഹു എന്ന യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ബിലാസ്പൂരിലെ ഹൗസിംഗ് ബോർഡ് ഓഫീസിലാണ് സിനിമയെ വെല്ലുന്ന ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഒരു വർഷം മുൻപാണ് തരുൺ സാഹു ഒരു ഫ്‌ലാറ്റ് വാങ്ങിയത്. ഇതിന്റെ ഉടമസ്ഥാവകാശ രേഖകൾ മാറുന്നതിനായി അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഓരോ തവണ ഓഫീസിൽ കയറി ഇറങ്ങുമ്പോഴും 'ഫയൽ കാണാനില്ല, തിരഞ്ഞുകൊണ്ടിരിക്കുകയാണ്' എന്ന സ്ഥിരം മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയിരുന്നത്. പലതവണ പരാതി നൽകിയിട്ടും ഫയൽ കണ്ടെത്താൻ ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിലാണ് തരുൺ ബദാം പൊതിയുമായി ഓഫീസിലെത്തിയത്. സബ് രജിസ്ട്രാർ ഓഫീസറുടെ മുന്നിലെത്തിയ തരുൺ, തന്റെ പക്കലുണ്ടായിരുന്ന ബദാം ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് വിതറുകയായിരുന്നു.

ബദാം കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പൊതുവായ ധാരണ. തന്റെ ഫയൽ എവിടെയാണെന്ന് 'ഓർത്തെടുക്കാൻ' ഉദ്യോഗസ്ഥർക്ക് ഈ ബദാം സഹായിക്കട്ടെ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു തരുണിന്റെ ഈ നീക്കം. 'എപ്പോൾ വന്നാലും ഫയൽ കാണാനില്ലെന്നാണ് പറയുന്നത്. എത്രകാലം ഇങ്ങനെ തുടരാനാകും?' - തരുൺ വിഡിയോയിൽ ചോദിക്കുന്നുണ്ട്. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവർ അമ്പരപ്പോടെയാണ് ഈ പ്രതിഷേധം കണ്ടുനിന്നത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സാധാരണക്കാർ സർക്കാർ ഓഫീസുകളിൽ നേരിടുന്ന ദുരനുഭവങ്ങളുടെ നേർച്ചിത്രമാണിതെന്ന് പലരും പ്രതികരിച്ചു.

TAGS :

Next Story