Quantcast

എൺപത് ലക്ഷം പുരുഷന്മാരെ നിർബന്ധിതമായി വന്ധ്യംകരിച്ചു; അടിയന്തരാവസ്ഥയുടെ 50 വർഷം ഓർത്തെടുത്ത് ഒരു ഗ്രാമം

അടിയന്തരാവസ്ഥയുടെ മുറിവുകൾ ഇനിയും ഉത്തവാർ അടക്കമുള്ള ഗ്രാമങ്ങളിൽ ഉണങ്ങിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    25 Jun 2025 2:39 PM IST

എൺപത് ലക്ഷം പുരുഷന്മാരെ നിർബന്ധിതമായി വന്ധ്യംകരിച്ചു; അടിയന്തരാവസ്ഥയുടെ 50 വർഷം ഓർത്തെടുത്ത് ഒരു ഗ്രാമം
X

മുഹമ്മദ് ദീനു തന്റെ പേരമക്കൾക്കൊപ്പം

ഉത്തവാർ (ഹരിയാന): 1976 നവംബറിലെ ഒരു രാത്രി, ഗ്രാമത്തിലേക്ക് ഇരച്ചെത്തിയ പൊലീസിൽ നിന്നും രക്ഷപ്പെടാനായി പുരുഷന്മാരെല്ലാം തൊട്ടടുത്ത ഗ്രാമങ്ങളിലേക്കും കാട്ടിലേക്കും ഓടിയപ്പോൾ മുഹമ്മദ് ദീനു മാത്രം എങ്ങോട്ടും പോയില്ല. ഹരിയാനയിലെ ഉത്തവാർ ഗ്രാമത്തിലെ അന്തേവാസിയായ ദീനു അടിയന്തരാവസ്ഥ കാലത്തെ നിർബന്ധിത വന്ധ്യംകരണത്തിനിരയായ ഇരുണ്ട ദിനങ്ങൾ ഓർത്തെടുക്കുന്നു.

പ്രത്യുൽപാദന ശേഷിയുള്ള പ്രായമായവരെ തേടിയെത്തിയ പൊലീസിൽ നിന്നൊളിക്കാൻ പലരും കിണറുകളിലടക്കം ഇറങ്ങി നിന്നു. ഗ്രാമത്തെ ചുറ്റിയ പൊലീസ് പക്ഷേ എളുപ്പം പിരിഞ്ഞുപോകില്ലെന്നുറപ്പിച്ച ഗ്രാമത്തിലെ പ്രായമായവരുടെ നിർദേശ പ്രകാരമാണ് ചിലരെ തെരഞ്ഞെടുത്ത് പൊലീസിന് നൽകിയത്. ദീനു അടക്കം 14 പേരെയാണ് അന്ന് പൊലീസ് കൂട്ടിക്കൊണ്ട് പോയത്. ദീനുവിനെയും കൂട്ടുകാരെയും കൊണ്ട് പൊലീസ് പോയത് കൃത്യമായ സൗകര്യങ്ങൾ പോലുമില്ലാത്ത വന്ധ്യംകരണ ക്യാമ്പിലേക്കാണ്. ഗ്രാമത്തിന്റെ സുരക്ഷയ്ക്കും ഭാവി തലമുറയ്ക്കും വേണ്ടി ചെയ്ത ത്യാഗമായിട്ടാണ് ദീനു അതിനെ നോക്കിക്കാണുന്നത്.

' ആളുകളെല്ലാം സ്വയം രക്ഷിക്കാനായി വഴികൾ തേടുകയായിരുന്നു. എന്നാൽ പൊലീസിന് ആരെയും ലഭിച്ചില്ലെങ്കിൽ കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഗ്രാമത്തിലെ മുതിർന്നവർക്കു തോന്നി', പൊട്ടിയ മരക്കട്ടിലിലിരുന്ന് ദീനു പതുക്കെ ആ ഓർമകളിലേക്ക് വഴുതി വീണു. 'അതുകൊണ്ടാണ് ഗ്രാമത്തിലെ ചിലരെ തെരഞ്ഞെടുത്ത് പൊലീസിന് വിട്ടുകൊടുത്തത്'. 'ഞങ്ങളുടെ ത്യാഗമാണ് ഈ ഗ്രാമത്തെ രക്ഷിച്ചത്. ഇന്നിവിടെ ഓടിക്കളിക്കുന്ന ഓരോ കുഞ്ഞും അതിന്റെ ഫലമാണ്. ചുറ്റിലും നോക്കൂ..., ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഈ ഗ്രാമത്തിലാകെ,' തൊണ്ണൂറുകളുടെ ക്ഷീണം ബാധിച്ചതെങ്കിലും അഭിമാനം നിറഞ്ഞ കണ്ണുകൾ ചിമ്മിത്തുറന്ന് ദീനു പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അടിയന്തരവാസ്ഥയുടെ 50 വർഷക്കാലം പിന്നിടുമ്പോൾ നിർബന്ധിത വന്ധ്യംകരണത്തിന്റെ ഇരയായി ഉത്തവാർ ഗ്രാമത്തിൽ ജീവിച്ചിരിക്കുന്ന അവസാന വ്യക്തിയാണ് ദീനു. 1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിക്കുന്നതിനിടെ എട്ട് മില്യൺ പുരുഷന്മാരാണ് നിർബന്ധിത വന്ധ്യംകരണത്തിന്റെ ഇരകളായത്. 1976ൽ മാത്രം അറുപത് ലക്ഷം പുരുഷന്മാർ ഈ ക്രൂരതയുടെ ഇരകളായി. 2000ത്തോളം പേർ ശസ്ത്രക്രിയയിലെ അപാകതകൾ മൂലം കൊല്ലപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. അഞ്ച് ദശാബ്ദങ്ങൾക്ക് ശേഷവും ആ മുറിവുകൾ അതേ വേദനയിൽ ഉത്തവാറിൽ അവശേഷിക്കുന്നുണ്ട്.

'ഒരു ശ്മശാനം, നിശബ്ദത മാത്രം'

മുഹമ്മദ് നൂറും സുഹൃത്ത് താജ്മുൽ മുഹമ്മദും

ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് അഞ്ച് വർഷം പിന്നിടുമ്പോൾ, കൃത്യമായി പറഞ്ഞാൽ 1952ലാണ് ഇന്ത്യ ദേശീയ കുടുംബാസൂത്രണ പദ്ധതി കൊണ്ടുവരുന്നത്. കുടുംബാസൂത്രണ പദ്ധതി നിലവിൽ വരുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമായിരുന്നു ഇന്ത്യ. ഒരു കുടുംബത്തിന് രണ്ടുകുട്ടികൾ എന്ന ആശയം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ 1960കളിൽ ഒരു സ്ത്രീക്ക് ശരാശരി ആറുകുട്ടികൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ കൂടുതൽ ശക്തമായ നീക്കത്തിലേക്ക് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ കടന്നു. വർധിച്ചുവരുന്ന ജനസംഖ്യാ നിരക്ക് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് ഒരു ഭാരമാവുകയായിരുന്നു.

ജനാധിപത്യത്തിന്റെ എല്ലാ നിയന്ത്രണങ്ങളും പറിച്ചെറിയപ്പെട്ട അടിയന്തരാവസ്ഥക്കാലത്താണ് നിർബന്ധിത വന്ധ്യംകരണം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിർബന്ധിക്കുകയും അതിന് തയാറാകാത്തവരെ ശിക്ഷിക്കാനടക്കമുള്ള നീക്കത്തിലേക്കും ഭരണകൂടം കടന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് നിശ്ചിത എണ്ണം ആളുകളെ വന്ധ്യംകരണത്തിന് വിധേയമാക്കിയിരിക്കണം എന്നതടക്കമുള്ള നിർദേശങ്ങളുണ്ടായിരുന്നു. അതിന് സാധിക്കാത്തവരുടെ ശമ്പളം പിടിച്ചുവെക്കുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന ഭീഷണികളോ നേരിടേണ്ടിവന്നു. അതേസമയം, വന്ധ്യംകരണത്തിന് തയാറാകാത്ത ഗ്രാമങ്ങളിലെ ജലസേചന വിതരണമടക്കം നിർത്തിവെക്കുന്ന നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു.

ജനനിരക്കിൽ ആ സമയത്ത് മുന്നിലുണ്ടായിരുന്നത് മുസ്‌ലിം വിഭാഗത്തിലുള്ളവരായതിനാൽ വന്ധ്യംകരണത്തിൽ പ്രത്യേക ശ്രദ്ധാകേന്ദ്രം ഈ വിഭാഗക്കാരായിരുന്നു. ഉത്തവാറും മുസ്‌ലിംകൾ കൂടുതലായുള്ള ഗ്രാമങ്ങളിലൊന്നായിരുന്നു.

ദീനുവിന്റെ വീടിനടുത്തുള്ള മുഹമ്മദ് നൂറിന് അന്ന് 13 വയസാണ് പ്രായം. തന്റെ പിതാവിനോടൊപ്പം വീടിനു മുൻവശത്തെ കട്ടിലിൽ ഉറങ്ങുന്നതിനിടയിലാണ് പൊലീസ് വീട് വളഞ്ഞത്. പിതാവ് കാട്ടിലേക്കോടി ഒളിക്കുകയായിരുന്നു. വീടിനകത്തേക്കോടിയ നൂറിനെ വീടിന്റെ വാതിൽ പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. 'കണ്ണിൽ കണ്ടതെല്ലാം അവർ തല്ലിയുടച്ചു, അതുപോരാഞ്ഞിട്ടാകണം വീട്ടിലുണ്ടായിരുന്ന മാവിൽ പൂഴി ചേർത്തു. നാലു ദിവസത്തേക്ക് ഗ്രാമത്തിലെ ഒരു വീട്ടിൽ പോലും ഭക്ഷണമുണ്ടാക്കാൻ സാധിച്ചിട്ടില്ല,' നൂർ പറയുന്നു. നൂറിനെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ചെങ്കിലും വന്ധ്യംകരണത്തിന് വിധേയമാക്കാൻ മാത്രം പ്രായമാകാത്തതിനാൽ പിന്നീട് വിട്ടയച്ചു.

അന്നത്തെ രാത്രിയുടെ ഭീകരത ഗ്രാമം ഇന്നും ഒരു നാടോടിക്കഥയിലൂടെ ഓർമയിൽ സൂക്ഷിക്കുന്നു. ഗ്രാമത്തിന് പുറത്ത് ആരും അറിയാത്ത എന്നാൽ ഗ്രാമത്തിന്റെ ചരിത്രത്തിൽ എന്നും ജ്വലിച്ച് നിൽക്കുന്ന അന്നത്തെ ഗ്രാമത്തലവൻ അബ്ദുൽ റഹ്‌മാനെക്കുറിച്ച് നൂറിന്റെ സുഹൃത്തായ താജ്മുൽ മുഹമ്മദ് വിവരിച്ചു. 'ഉത്തവാറിൽ റെയ്ഡ് നടത്തുന്നതിന് മുമ്പ് നിരവധി തവണ പൊലീസും ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തിയിരുന്നു. കുറച്ചു പുരുഷന്മാരെ നൽകുക എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാൽ അദ്ദേഹമതിന് തയാറായില്ല. ഒരു കുടുംബത്തെയും ആ സ്ഥാനത്ത് നിർത്താൻ തനിക്ക് സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഗം' താജ്മുൽ പറയുന്നതിന് നൂർ തലകുലുക്കി സമ്മതിച്ചു. സമീപത്തെ ഗ്രാമങ്ങളിൽ നിന്നും അഭയം തേടിയെത്തിയവരെ പിടിച്ചു കൊടുക്കാനും റഹ്‌മാൻ തയാറായില്ല.

'എന്റെ പ്രദേശത്തു നിന്ന് ഒരു പട്ടിയെപോലും ഞാൻ വിട്ടു നൽകില്ല, അപ്പോഴാണ് നിങ്ങൾ മനുഷ്യരെ ചോദിക്കുന്നത്, ഒരിക്കലുമില്ല' എന്നായിരുന്നു ഉത്തവാറിലെ ഇതിഹാസ കഥയനുസരിച്ച് ഉദ്യോഗസ്ഥരോട് റഹ്‌മാന്റെ മറുപടി. 'ഗ്രാമത്തിൽ നിന്നും ഓടി രക്ഷപ്പെട്ടവരും പൊലീസ് പിടിച്ചുകൊണ്ട് പോയവരും ദിവസങ്ങളോളം തിരിച്ചെത്തിയില്ല. ഇവിടമപ്പോൾ ഒരു ശ്മശാനം പോലെയായിരുന്നു, ചുറ്റിലും നിശബ്ദത മാത്രം,' ഹൂക്കയിൽ നിന്നും ഒരു പുക ആഞ്ഞുവലിച്ച് നൂർ പറഞ്ഞു.

ഏഴ് തലമുറകൾ

നവംബറിൽ ദീനുവിനെ പൊലീസ് കൊണ്ടുപോകുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. പൊലീസ് വാനിലിരിക്കുമ്പോൾ ഭാര്യ സലീമയെക്കുറിച്ച് മാത്രമായിരുന്നു ദീനുവിന്റെ ചിന്ത. വിവാഹം കഴിക്കാത്തവരും, കുട്ടികളില്ലാത്തവരുമായ ഒരുപാട് പേർ പൊലീസിനോട് തങ്ങളെ വിട്ടയക്കാൻ വേണ്ടി കെഞ്ചിപറഞ്ഞു. എന്നാൽ ഒരാളെപോലും വിട്ടയച്ചില്ലെന്ന് ദീനു പറയുന്നു. 'ഈ ഗ്രാമത്തെ നിരവധി വർഷക്കാലം വേട്ടയാടിയ ശാപമാണ് വന്ധ്യംകരണം,' വേദനയോടെ ദീനു പറഞ്ഞു.

ഒരു വർഷത്തിനു ശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോൾ ദീനുവിന്റെ ഭാര്യ ദമ്പതികളുടെ ഏക മകന് ജന്മം നൽകിയിരുന്നു. ഇന്ന് ദീനുവിന് മൂന്ന് പേരമക്കളും നിരവധി കൊച്ചുമക്കളുമുണ്ട്.

'ഞങ്ങളാണ് ഈ ഗ്രാമത്തെ രക്ഷിച്ചത്, അല്ലായിരുന്നെങ്കിൽ ഇന്ദിര ഈ ഗ്രാമത്തിന് തീവെച്ചേനെ' എന്ന് അഭിമാനത്തോടെ ചിരിച്ചുകൊണ്ട് ദീനു അൽ ജസീറയോടു പറഞ്ഞുവെച്ചു. ഏഴ് തലമുറകൾ കണ്ട കൃതാർഥതയോടെ തന്റെ പ്ലാസ്റ്റിക് കപ്പിലെ പാനീയം കുടിച്ചുകൊണ്ട് ദീനു ഞെളിഞ്ഞിരുന്നു.

TAGS :

Next Story