Quantcast

'എന്നെ കൊല്ലാൻ ഏക്‌നാഥ് ഷിൻഡെയുടെ മകൻ വാടക കൊലയാളിയെ ഏർപ്പാടാക്കി'; ഗുരുതര ആരോപണവുമായി സഞ്ജയ് റാവത്ത്

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് റാവത്ത് കത്ത് നൽകി.

MediaOne Logo

Web Desk

  • Published:

    21 Feb 2023 3:01 PM GMT

Sanjay Raut, Shivsena, Eknath Shinde
X

Sanjay Raut

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനെതിരെ ഗുരുതര ആരോപണവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ തന്നെ കൊല്ലാൻ വാടക കൊലയാളിയെ ഏർപ്പാടാക്കിയെന്നാണ് റാവത്തിന്റെ ആരോപണം. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് റാവത്ത് കത്ത് നൽകി.

അടുത്തിടെ സംസ്ഥാനത്ത് നിരവധി ജനപ്രതിനിധികൾ അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം അക്രമം വർധിച്ചുവരികയാണെന്നും റാവത്ത് കത്തിൽ ആരോപിച്ചു. സർക്കാർ മാറിയതോടെ തന്നെ സുരക്ഷ എടുത്തു കളഞ്ഞെന്നും റാവത്ത് പറഞ്ഞു. അത്തരം രാഷ്ട്രീയ തീരുമാനങ്ങളോട് പരാതിയില്ല, മഹാരാഷ്ട്രയിൽ ക്രമസമാധാന നില മോശമായതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയെന്ന പേരും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് നൽകിയ തീരുമാനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാവത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാർട്ടിയുടെ പേരും ചിഹ്നവും കൈവശപ്പെടുത്താൻ 2,000 കോടിയുടെ ഇടപാട് നടന്നുവെന്നായിരുന്നു റാവത്തിന്റെ ആരോപണം.

എന്തുകൊണ്ടാണ് ഇത്തരമൊരു കത്ത് എഴുതിയതെന്ന് അറിയില്ലെന്നായിരുന്നു റാവത്തിന്റെ ആരോപണത്തോട് ഫഡ്‌നാവിസിന്റെ പ്രതികരണം. സുരക്ഷ കിട്ടാനാണോ അതോ വാർത്ത സൃഷ്ടിക്കാനാണോ എന്നതിൽ സംശയമുണ്ട്. എല്ലാ ദിവസവും കളവ് പറഞ്ഞ് അനുകമ്പ നേടാനാണ് അവർ ശ്രമിക്കുന്നത്. തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story