Quantcast

അപകീർത്തി പരാമർശം: ബി.ജെ.പി നേതാവ് ദിലീപ് ഘോഷിനും കോൺഗ്രസ് വക്താവ് സുപ്രിയക്കും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം

MediaOne Logo

Web Desk

  • Published:

    27 March 2024 12:03 PM GMT

Supriya Shrinate and dileep gosh
X

ന്യൂഡൽഹി: അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ബി.ജെ.പി നേതാവ് ദിലീപ് ഘോഷിനും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റിനും കാരണം കാണിക്കൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം. ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കങ്കണ റണാവത്തിനെയാണ് സുപ്രിയ അധിക്ഷേപിച്ചത്.

സൂക്ഷ്മമമായ പരിശോധനയിൽ ഇരുവരുടെയും പരാമർശങ്ങൾ മോശവും മാന്യമല്ലാത്തതുമാണെന്ന് കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായും കൂട്ടിച്ചേർത്തു. നടപടിയെടുക്കാതിരിക്കാൻ കാരണമെന്തെങ്കിലും ഉണ്ടെങ്കിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മുമ്പ് മറുപടി നൽകണം.

കങ്കണ റണാവത്തിനെതിരെ സുപ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലൈംഗികതയും അസഭ്യവും നിറഞ്ഞ പോസ്റ്റ് കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി സുപ്രിയ രംഗത്തുവന്നിരുന്നു. തന്റെ അറിവോടെയെല്ല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് വന്നതെന്നും അത് നീക്കിയിട്ടുണ്ടെന്നും അവർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

‘എന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലേക്ക് നിരവധി പേർക്ക് ആക്സസ് ഉണ്ട്. അവരിൽ നിന്ന് ആരോ ഇന്ന് അങ്ങേയറ്റം അനുചിതമായ പോസ്റ്റിട്ടു. അറിഞ്ഞയുടൻ ഞാൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഒരു സ്ത്രീയോടും വ്യക്തിപരവും അശ്ലീലവുമായ അഭിപ്രായങ്ങൾ പറയാൻ തനിക്ക് കഴിയില്ലെന്ന് തന്നെ അറിയുന്ന എല്ലാവർക്കും അറിയാം’ -അവർ പറഞ്ഞു.

തൻ്റെ പേരിലുള്ള വ്യാജ അക്കൗണ്ടാണ് പോസ്റ്റിന് കാരണമായതെന്നും അവർ കുറ്റപ്പെടുത്തി. ആരോ അത് അവിടെനിന്ന് പകർത്തി തൻ്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. ആരാണ് ഇത് ചെയ്തതെന്ന് അറിയാൻ ശ്രമിക്കുകയാണ്. വ്യാജ അക്കൗണ്ട് നീക്കാൻ ‘എക്സി’ലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം, വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. സുപ്രിയക്കെതിരെ കങ്കണ റവാത്തും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം ​കാണിക്കൽ നോട്ടീസ്.

ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയാണ് അധിക്ഷേപിച്ചത്. ‘ദീദി (മമത) ഗോവയിൽ പോയി പറയുന്നു, ഞാൻ ഗോവയുടെ മകളാണ്. ത്രിപുരയിൽ പോകുമ്പോൾ, താൻ ത്രിപുരയുടെ മകളാണെന്ന് പറയുന്നു. നിങ്ങളുടെ പിതാവ് ആരാണെന്ന് തീരുമാനിക്കണം. ആരുടെയെങ്കിലും മകളാകുന്നത് നല്ലതല്ല’ എന്നായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം. സംഭവത്തിൽ ബി.ജെ.പി നേതൃത്വം ഇദ്ദേഹത്തിൽനിന്ന് വിശദീകരണം തേടിയിരുന്നു. ബി.ജെ.പി മുൻ ദേശീയ ​​വൈസ് പ്രസിഡന്റായ ദിലീപ് ഘോഷ് നിലവിൽ മെദിനിപുരിലെ സിറ്റിങ് എം.പിയാണ്.

TAGS :

Next Story