'ഓഹരി വിപണിയിൽ കൃത്രിമം കാട്ടാനുള്ള ശ്രമം'; എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മമത ബാനർജി
'200-ലധികം സീറ്റുകൾ നേടി വിജയിക്കാൻ പോവുകയാണ് , കേന്ദ്ര സേനയുടെ അതിക്രമങ്ങൾക്ക് ഇരയായവർക്ക് പാർട്ടി വേണ്ട പാരതോഷികം നൽകു'മെന്നും മമത പറഞ്ഞു.

- Published:
2 May 2026 7:19 PM IST

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 200-ലധികം സീറ്റുകൾ നേടി വൻ വിജയം നേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വോട്ടെണ്ണൽ ഏജൻ്റുമാരുമായുള്ള വിഡിയോ കോൺഫറൻസിലാണ് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ 'ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് തള്ളിക്കളയുകയും ചെയ്തു.
" 200-ലധികം സീറ്റുകൾ നേടി വിജയിക്കാൻ പോവുകയാണ്. എക്സിറ്റ് പോളുകൾ ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല. 2001-ലും 2024-ലും അവർ ഇത് ചെയ്തു, ഇപ്പോഴും അത് തുടരുന്നു," മമത പറഞ്ഞു. തൃണമൂൽ പ്രവർത്തകർക്കെതിരെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് ക്രൂരത കാട്ടി. ഇത്തരം അതിക്രമങ്ങൾക്ക് ഇരയായവർക്ക് പാർട്ടി വേണ്ട പരിഗണന നൽകുമെന്നും മമത ബാനർജി പറഞ്ഞു. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ഫാൽതയിലെ പല പോളിംഗ് ബൂത്തുകളിലും വോട്ടർമാരെ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചിരുന്നു. തുടർന്ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ശനിയാഴ്ച റീപോളിംഗ് നടന്നിരുന്നു. ഇതിനിടെയാണ് മമതയുടെ പ്രതികരണം.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും റീപോളിംഗിൽ മികച്ച പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ശനിയാഴ്ച വൈകുന്നേരം 3 മണി വരെ 72.43 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 പോളിംഗ് ബൂത്തുകളിൽ 72.5 ശതമാനം വോട്ട് രേഖപ്പെടുത്തി. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ നാല് ബൂത്തുകളിൽ 72.36 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഭൂരിഭാഗം ഏജൻസികളും തങ്ങളുടെ എക്സിറ്റ് പോളുകളിൽ ബിജെപിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. തൃണമൂൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്.
Adjust Story Font
16
