Quantcast

ബിജെപിയുടെ അക്കൗണ്ടിൽ 209 കോടി, കോണ്‍ഗ്രസിന് വെറും 2 കോടി; തെരഞ്ഞെടുപ്പ് ഫണ്ടിലും മോദി-അമിത്ഷാ സമ്പൂര്‍ണാധിപത്യം

കഴിഞ്ഞ വർഷം 31 കോടി ലഭിച്ചിരുന്നിടത്തുനിന്ന് ഇത്തവണ കോണ്‍ഗ്രസിന്‍റെ വിഹിതം വെറും രണ്ടു കോടിയായി കുറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2021-12-05 17:17:47.0

Published:

5 Dec 2021 5:43 PM IST

ബിജെപിയുടെ അക്കൗണ്ടിൽ 209 കോടി, കോണ്‍ഗ്രസിന് വെറും 2 കോടി; തെരഞ്ഞെടുപ്പ് ഫണ്ടിലും മോദി-അമിത്ഷാ സമ്പൂര്‍ണാധിപത്യം
X

രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മുഖ്യപങ്കും ലഭിക്കുന്നത് ബിജെപിക്ക്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ടോറൽ ട്രസ്റ്റായ പ്രൂഡന്റ് വഴി ഈ സാമ്പത്തിക വർഷം വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 245.7 കോടി രൂപയാണ്. ഇതിൽ 209 കോടിയും എത്തിയത് ബിജെപി അക്കൗണ്ടിൽ. കോൺഗ്രസിന് ലഭിച്ചത് വെറും രണ്ടു കോടി രൂപയാണ്!

കോര്‍പറേറ്റുകള്‍ക്കും കോണ്‍ഗ്രസിനെ വേണ്ട

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടു കോടിയുടെ മാത്രം വർധനവേ ബിജെപിക്ക് ലഭിച്ച സംഭാവനയിലുണ്ടായിട്ടുള്ളൂവെങ്കിലും കോൺഗ്രസിന്റെ വിഹിതത്തിൽ 93 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം 31 കോടി ലഭിച്ചിരുന്നിടത്തുനിന്ന് ഇത്തവണ വെറും രണ്ടു കോടിയായാണ് കുറഞ്ഞത്.


പ്രാദേശിക പാർട്ടിയായ ജനതാദളിന്(യുനൈറ്റഡ്-ജെഡിയു) 25 കോടി രൂപ ലഭിച്ചപ്പോഴാണ് കോൺഗ്രസിന്റെ ഈ സ്ഥിതി. പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റിന്റെ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടികളിൽ രണ്ടാം സ്ഥാനക്കാരാണ് ജെഡിയു. എൻസിപിക്കും കോൺഗ്രസിനെക്കാൾ ഉയർന്ന തുക ലഭിച്ചിട്ടുണ്ട്. അഞ്ചു കോടിയാണ് എൻസിപിക്ക് കിട്ടിയത്. രാഷ്ട്രീയ ജനതാദളിനും(ആർജെഡി) രണ്ടു കോടി ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം 203 കോടി രൂപയായിരുന്നു പ്രൂഡന്റ് ട്രസ്റ്റിൽനിന്ന് ബിജെപിക്ക് ലഭിച്ചത്. ഇതിൽനിന്ന് ആറുകോടിമാത്രമാണ് കൂടിയതെങ്കിലും ഇപ്പോഴും കോർപറേറ്റ് ഫണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി തുടരുകയാണ് ബിജെപി. കഴിഞ്ഞ വർഷം മൊത്തം ഫണ്ടിന്റെ 75 ശതമാനമായിരുന്നു ബിജെപി അക്കൗണ്ടിലെത്തിയതെങ്കിൽ ഇത്തവണ അത് 85 ശതമാനമായി ഉയർന്നു.

കോൺഗ്രസിനു പുറമെ ആം ആദ്മി പാർട്ടി(എഎപി)ക്കും ഫണ്ട് വിഹിതത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 11.2 കോടി രൂപ ലഭിച്ചിരുന്നിടത്തുനിന്ന് ഇത്തവണ 1.7 കോടി രൂപയായാണ് കുറഞ്ഞത്. 84 ശതമാനത്തിന്റെ ഇടിവാണിത്.

ശിവസേനയ്ക്കും എസ്‍പിക്കും നയാ പൈസയില്ല

ഏറെ കൗതുകമുള്ള കാര്യം കഴിഞ്ഞ തവണ ഫണ്ട് കൈപ്പറ്റിയ പല പ്രമുഖ പാർട്ടികളും ഇത്തവണ പട്ടികയിൽനിന്നു തന്നെ പുറത്തായിട്ടുണ്ടെന്നതാണ്. ശിവസേനയും സമാജ്‌വാദി പാർട്ടി(എസ്‍പി)യുമാണ് സംഭാവനരഹിതരായ പ്രമുഖ പാർട്ടികൾ.

സേനയ്ക്കും എസ്പിക്കും പുറമെ ജനനായക് ജനതാ പാർട്ടിക്കും ലോക് ജനശക്തി പാർട്ടി(എൽജിപി) ഇത്തവണ ഒരുരൂപ പോലും പ്രൂഡന്റ് ഫണ്ടിൽനിന്ന് ലഭിച്ചിട്ടില്ല. ഈ പാർട്ടികളെല്ലാം കഴിഞ്ഞ സാമ്പത്തിക വർഷം ചെറിയ വിഹിതമാണെങ്കിലും കോർപറേറ്റ് സംഭാവനയുടെ ഗുണം ലഭിച്ചിരുന്നു.


കൂടുതൽ പണം ഒഴുകിയത് കോയമ്പത്തൂർ കമ്പനിയിൽനിന്ന്

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ കേന്ദ്രമായുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസാണ് പ്രൂഡന്റ് ഫണ്ടിൽ ഏറ്റവും കൂടുതൽ തുക നൽകിയ കോർപറേറ്റ് സ്ഥാപനം. 100 കോടി രൂപയാണ് ഇവർ പ്രൂഡന്റ് ഫണ്ടിലേക്ക് നൽകിയത്. കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപായായിരുന്നു ഇതെന്നാണ് റിപ്പോർട്ട്.

ഹൽദിയ എനർജി ഇന്ത്യ, മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാടെൽ, ഫിലിപ്‌സ് കാർബൺ ബ്ലാക്ക് എന്നിവയാണ് കൂടുതൽ സംഭാവനകൾ നൽകിയ മറ്റ് കോർപറേറ്റുകൾ. ഹൽദിയ-25 കോടി രൂപ, മേഘ-22 കോടി, ഫിലിപ്‌സ്-20 കോടി, ഭാരതി എയർടെൽ-15 കോടി, ഭാരതി ഇൻഫ്രാടെൽ-10 കോടി എന്നിങ്ങനെയാണ് ഈ കമ്പനികളുടെ വിഹിതം.

Summary: The share of Prudent Trust – the richest electoral trust in India – for BJP rose marginally by 2 per cent at Rs 209 crore, compared to Rs 203 crore in the last fiscal. And the share for the Congress party dipped by more than 93 per cent, dropping from Rs 31 crore last year to just 2 crore this fiscal, an analysis of its contribution submitted to the Election Commission shows.

TAGS :

Next Story