Quantcast

സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാനായി ഇഡി ആശുപത്രിയിലെത്തും; ചികിത്സ മുടക്കരുതെന്ന് കോടതി

ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ബൈപാസ് സർജറിക്ക് ബാലാജിയെ വിധേയനാക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-17 06:15:45.0

Published:

17 Jun 2023 2:48 AM GMT

senthil balaji
X

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. എട്ടു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ട ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് ബാലാജി ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ബാലാജിയുടെ ഭാര്യ മേഖലയെയും, സഹോദരൻ അശോക് കുമാറിനെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. ചെന്നൈ സെഷൻസ് കോടതിയാണ് മന്ത്രിയെ എട്ടു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. മന്ത്രിയുടെ ജാമ്യഹരജി കോടതി തള്ളിയിരുന്നു. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്. മന്ത്രിയുടെ അടുത്ത സഹായികളായ ബി. ഷൺമുഖം, എം. കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി.

സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ ജൂൺ 28 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

മന്ത്രി ഇപ്പോൾ കാവേരി ആശുപത്രിയിൽ തുടരുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ബൈപാസ് സർജറിക്ക് ബാലാജിയെ വിധേയനാക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കാവേരി ആശുപത്രിയിൽ എത്തിയാകും ഇഡി മന്ത്രിയെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിൽ മന്ത്രിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകരുതെന്ന് കോടതി കർശനമായി നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ, സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവർണർ ആർ.എൻ രവി രംഗത്തെത്തിയിരുന്നു. ക്രിമിനൽ കേസിൽ പേരുള്ള ആളായതിനാൽ സെന്തിൽ മന്ത്രിസഭയിൽ തുടരുന്നത് ശരിയല്ല. മന്ത്രിയുടെ വകുപ്പുകൾ മാറ്റിനൽകിയതിന് ഗവർണർ അംഗീകാരം നൽകി. സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് മാറ്റിനൽകാനുള്ള എം.കെ സ്റ്റാലിന്റെ തീരുമാനത്തിനാണ് ഗവർണർ അംഗീകാരം നൽകിയത്.

TAGS :

Next Story