Quantcast

'രാഷ്ട്രീയ എതിരാളികളെ നീചമാർഗത്തിലൂടെ തകർക്കുന്ന ബിജെപിയുടെ ക്രൂരസമീപനം'; രാഹുലിനെ അയോ​ഗ്യനാക്കിയതിൽ ഇ.ടി മുഹമ്മദ് ബഷീർ

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാനും ബിജെപി മടിക്കില്ല.

MediaOne Logo

Web Desk

  • Published:

    24 March 2023 11:55 AM GMT

ET Muhammad Basheer MP Against Disqualification of Rahul Gandhi
X

ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ ഇ.ടി മുഹമ്മദ് ബഷീർ എം.പി. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാർഗത്തിലൂടെയും തകർക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാനും ബിജെപി മടിക്കില്ല. ദേശീയ- അന്തർദേശീയ തലത്തിൽ ബിജെപിയുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് അദ്ദേഹം. അതിനാൽ ബിജെപിയുടെ ഏറ്റവും പുതിയ ലക്ഷ്യം രാഹുൽ ഗാന്ധിയാണ്.

ബിജെപി മുക്ത ഭാരതം സാധ്യമാക്കുന്നതിൽ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന് പിന്തുണയുമായി മുസ്‍ലിം ലീഗ് രം​ഗത്തെത്തിയിരുന്നു. ജനാധിപത്യ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമുണ്ടാകുമെന്ന് മുസ്‍ലിം ലീഗ് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരായ നടപടി ദൗർഭാഗ്യകരമാണെന്നും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കോടതി വിധിയും തുടർന്നുണ്ടായ നടപടിയും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജനാധിപത്യം അപകടത്തിലെന്ന് എല്ലാവർക്കും മനസിലായെന്നും വിഷയത്തിൽ എൽഡിഎഫ്-യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുതയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നതെന്നും എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

രാഹുൽ 2019ൽ കർണാടകയിൽ നടത്തിയ പ്രസം​ഗത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ​ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതാണ് അയോ​ഗ്യതയ്ക്ക് കാരണമായത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്.

നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസം​ഗം. ഇത്, മോദി സമുദാ​യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബി.ജെ.പി എംഎൽഎയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് ലോക്സഭാ സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ അയോ​ഗ്യനാക്കിയത്. ഇനി ആറ് വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല.

ഇ.ടിയുടെ പോസ്റ്റിന്റെ പൂർണരൂപം

തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാർഗത്തിലൂടെയും തകർക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

ദേശീയ അന്തർ ദേശീയ തലത്തിൽ ബിജെപിയുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ബിജെപി മുക്ത ഭാരതം സാധ്യമാക്കുന്നതിൽ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണ്.

BJP wouldn't hesitate to go to any extent to eliminate its political rivals. Rahul Gandhi has become the most recent target for them. BJP's heinous tactics of fabricating false cases and imprisoning innocents are a disgrace to our nation.

#SupportRahulGandi #iuml


TAGS :

Next Story