Quantcast

മരിച്ചാലും അനീതിയോട് സന്ധിയാവില്ല; വൻതുക നൽകി കേരളത്തിലേക്കില്ല; നിലപാട് വ്യക്തമാക്കി മഅ്ദനി

ആരെങ്കിലുമൊക്കെ സഹായിക്കും എന്നതുകൊണ്ടുമാത്രം ഒരു നീതിനിഷേധത്തോട് സന്ധിയാവാൻ കഴിയില്ല.

MediaOne Logo

Web Desk

  • Updated:

    2023-05-01 13:11:48.0

Published:

1 May 2023 1:04 PM GMT

Even in death there is no tie up with injustice, Will not go to Kerala by paying huge amount Says Maudany
X

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോവണമെങ്കിൽ 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക പൊലീസ് നിബന്ധനയ്‌ക്കെതിരായ ഹരജി തള്ളിയ സുപ്രിംകോടതി വിധിയിൽ പ്രതികരണവുമായി അബ്ദുൽനാസർ മഅ്ദനി. മരണപ്പെട്ടാലും അനീതിയോട് സന്ധി ചെയ്യില്ലെന്നും വൻ തുക നൽകി കേരളത്തിലേക്ക് ഇല്ലെന്നും മഅ്ദനി വ്യക്തമാക്കി.

കോടതിയിൽ നിന്ന് ജാമ്യം കിട്ടി ഇരിക്കുന്ന തനിക്ക് രോഗിയായ പിതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്കും വേണ്ടി പിറന്ന നാട്ടിലേക്ക് പോവണമെങ്കിൽ പത്തിരുനൂറ് പൊലീസും കോടിക്കണക്കിന് രൂപയുമൊക്കെ കൊടുക്കണമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഈ നിബന്ധനകൾ പാലിച്ച് കേരളത്തിലേക്ക് പോവാൻ താൻ തയാറല്ല.

'ആരെങ്കിലുമൊക്കെ സഹായിക്കും, ഏതെങ്കിലുമൊക്കെ പാവങ്ങളൊക്കെ കൂടി പൈസയെടുത്ത് തരും എന്നതുകൊണ്ടുമാത്രം ഒരു നീതിനിഷേധത്തോട് സന്ധിയാവാൻ കഴിയില്ല. അങ്ങനെ നേരത്തെ സന്ധിയായിരുന്നെങ്കിൽ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പലതും നേരിടേണ്ടിവരില്ലായിരുന്നു'.

'അബ്ദുൽനാസർ മഅ്ദനിയെ സഹായിക്കാൻ ചെലപ്പോൾ ആളുകളുണ്ടാവും. പക്ഷേ എനിക്കറിയുന്ന, പട്ടിണി കിടന്ന് ജയിൽവാസമനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. പീഡനങ്ങളനുഭവിക്കുന്ന, കഠിനമായ നീതി നിഷേധം നേരിട്ടുകൊണ്ടിരിക്കുന്ന ഒരുപാട് പേരുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാത്ത ആ പട്ടിണിപ്പാവങ്ങളിലൊരാൾക്കാണ് ഇത് സംഭവിക്കുന്നതെങ്കിൽ തീർച്ചയായും അയാളെ സഹായിക്കാനാരുമുണ്ടാവില്ല'.

'അപ്പോൾ സഹായിക്കാൻ സന്നദ്ധരായ കുറെ സഹോദരന്മാരുണ്ടെന്നും സഹായം കിട്ടും എന്നും ഉറപ്പുണ്ടെങ്കിലും ഈ നീതിനിഷേധത്തോട് ഞാൻ സന്ധിയായാൽ, ഇങ്ങനെയൊരു കീഴ്‌വഴക്കം ഞാനുണ്ടാക്കിയാൽ നാളെ ഏതെങ്കിലുമൊരു സാധുവിന് അയാളുടെ നാട്ടിൽ പോവേണ്ടിവരുന്ന സാഹചര്യമുണ്ടാവുമ്പോൾ കർണാടക സർക്കാർ ലക്ഷങ്ങളുടേയും കോടികളുടേയും കണക്കെഴുതി കൊടുത്താൽ അയാളെന്ത് ചെയ്യും'- മഅ്ദനി ചോദിച്ചു. അതിനാൽ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കാൻ തയാറല്ല.

വരുംദിവസങ്ങളിൽ അഭിഭാഷകരുമായി സംസാരിച്ചിട്ട് എന്തെങ്കിലും പരിഹാരമുണ്ടാക്കാൻ കഴിയുമോ, ഈ അനീതിയുടെ വിധിയെ ചലഞ്ച് ചെയ്യാൻ ഏതെങ്കിലും വിധത്തിൽ കഴിയുമോ എന്നതൊക്കെ ആലോചിച്ചിട്ട് മാത്രമേ ഇനി തീരുമാനമെടുക്കുന്നുള്ളൂ. ആരോഗ്യപരമായ വിഷമാവസ്ഥ കൊണ്ടുണ്ടാകാൻ പോവുന്ന പരമമായ അവസ്ഥ മരണമാണ്. ആ മരണം അഭിമുഖീകരിക്കേണ്ടിവന്നാലും, അനീതിയോട് സന്ധിയാവാതെ മരണപ്പെട്ടു എന്ന് അറിയപ്പെടാനും സ്മരിക്കപ്പെടാനുമാണ് താൻ ആഗ്രഹിക്കുന്നത്.

ആ നിലയിലുള്ള പ്രാർഥന കിട്ടാനാണ് ആഗ്രഹം. അനീതിയോട് സന്ധിയായിക്കൊണ്ടും അനീതിയുടെ വക്താക്കൾക്കൊപ്പം നിന്നുകൊണ്ടും അനീതിയുടെ വിധികളെ അംഗീകരിച്ചുകൊണ്ടും മുന്നോട്ടുപോവുന്നത് പ്രയാസമാണ്. ഇത് ധിക്കാരത്തിന്റെ ശബ്ദമല്ല. മറിച്ച് നീതിനിഷേധിക്കപ്പെടുന്നൊരു വ്യക്തിയുടെ വേദനയോടു കൂടിയുള്ള ശബ്ദമാണെന്നും മഅ്ദനി വിശദമാക്കി.

മഅ്ദനിയുടെ ഓഡിയോ സന്ദേശത്തിന്റെ പൂർണരൂപം

60 ലക്ഷത്തോളം രൂപ കെട്ടിവെച്ച് കേരളത്തിലേക്ക് പോകണമെന്ന കർണാടക പൊലീസിന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രിംകോടതി തയാറല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരുപാട് പേർ സോഷ്യൽമീഡിയകളിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയും വ്യക്തിപരമായി എനിക്ക് മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഫോൺ അറ്റൻഡ് ചെയ്യാൻ സംസാരിക്കാനുമുള്ള പരിമിതി കൊണ്ട് ഒന്നിനും മറുപടി നൽകാനോ എല്ലാം വായിക്കാനോ കഴിയില്ല. എങ്കിലും എന്ത് വില കൊടുത്തും കേരളത്തിലക്ക് എത്തണം, സാമ്പത്തികം ഏതുവിധേനയും ഞങ്ങൾ സംഘടിപ്പിക്കാം എന്നാണ് പൊതുവെയുള്ള വികാരം.

വാപ്പ കഠിനമായ രോഗശയ്യയിലാണ്. കാണണമെന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹമാണ് ഞാൻ ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന രോഗത്തിന്റെ തീവ്രതയേക്കാൾ, കേരളത്തിലേക്ക് പോവാനായി ഇങ്ങനെയൊരു ഹരജി നൽകാനും അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കാനും കാരണം. സുപ്രിംകോടതിയിൽ നിന്നു തന്നെ ലഭിച്ച ജാമ്യത്തിലിരിക്കുന്നൊരാളാണ് ഞാൻ. ആ ജാമ്യത്തിൽ കർണാടക പൊലീസ് നേരത്തെ സൂചിപ്പിച്ചതുപോലെ ഹൗസ് അറസ്‌റ്റെന്നോ വീടിന് പുറത്തിറങ്ങിക്കൂടെന്നോ ഉള്ള നിബന്ധനയില്ല. എന്നാൽ അതിലുള്ള രണ്ട് നിബന്ധനകളിലൊന്ന് ബാംഗ്ലൂർ സിറ്റി വിട്ട് പോവണമെങ്കിൽ കോടതിയുടെ അനുമതി വേണം എന്നതാണ്. മറ്റൊന്ന് സാക്ഷികളെ സ്വാധീനിക്കരുത് എന്നതാണ്.

കേസിന്റെ വിചാരണ കഴിഞ്ഞു. സാക്ഷികളെ സ്വാധീനിച്ചു എന്നൊരു പരാതി എന്നെക്കുറിച്ച് ഇതുവരെയും പ്രോസിക്യൂഷൻ ഉൾപ്പെടെ പറഞ്ഞിട്ടില്ല. ഇപ്രാവശ്യം അത് സുപ്രിംകോടതിയിൽ പറഞ്ഞപ്പോൾ പ്രോസിക്യൂഷൻ ഒരു സാധനം സുപ്രിംകോടതിയിൽ കൊണ്ടുകൊടുത്തു. ഏതോ ഒരു നമ്പർ കൊടുത്തിട്ട്, എന്റെ കേസിലെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞിട്ടായിരുന്നു അത്. അതിൽ താനുമുണ്ടെന്നൊക്കെ പറഞ്ഞു. എന്നാൽ അങ്ങനെയൊരു ക്രൈം നമ്പരോ പരാതിയോ കർണാടകയിൽ എവിടെയും ഇല്ല എന്ന് നമ്മുടെ വക്കീലന്മാർ നോക്കിയപ്പോൾ മനസിലായി. ഇക്കാര്യം സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ആ ആരോപണങ്ങളൊന്നും അവരുന്നയിച്ചില്ല.

മുമ്പ് ബാംഗ്ലൂർ സിറ്റി വിട്ട് പുറത്തുപോയത് കോടതിയുടെ അനുമതിയോടെയായിരുന്നു. അതിലൊരു പ്രാവശ്യം പൊലീസിന്റെ അകമ്പടിയില്ലായിരുന്നു. വിധിയിലും അങ്ങനെയില്ലായിരുന്നു. മകളുടെ വിവാഹത്തിനാണ് ആദ്യം പോയത്. പിന്നീട് രണ്ടുമൂന്ന് പ്രാവശ്യം പോയപ്പോൾ അകമ്പടിയുണ്ടായിരുന്നെങ്കിലും ചെലവ് 60 ലക്ഷമൊന്നും ഉണ്ടായിരുന്നില്ല. മകന്റെ വിവാഹത്തിന് പോകുമ്പോൾ കുറച്ചധികം തുക കർണാടക പൊലീസ് എഴുതിത്തന്നു. ഇത്രയും തുക കൊടുത്ത് പോകുന്നില്ല എന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. തുടർന്ന് സുപ്രിംകോടതിയിൽ പോയി. അന്ന് നീതിയുടെ ഭാഗത്തുണ്ടായിരുന്ന ജഡ്ജിമാരാണുണ്ടായിരുന്നത്. അവർ, മഅ്ദനി കർണാടക പൊലീസിന്റെ ശമ്പള ദാതാവാണോ എന്നൊക്കെ ചോദിച്ച് ശക്തമായ വിമർശനമുന്നയിച്ച് ആ തുക വളരെയധികം കുറച്ചുതന്നിരുന്നു. തുടർന്നാണ് മകന്റെ വിവാഹത്തിന് പോയത്.

ഇപ്പോൾ പല സഹോദരന്മാരും അവരുടെ ഭൂമി വിറ്റൊക്കെ പണം തരാമെന്ന് പറഞ്ഞ് മെസേജ് വിടുന്നുണ്ട്. ജാതിമത ഭേദമന്യേ കേരളത്തിലെ ജനങ്ങളുടെ ആ സ്‌നേഹവും പിന്തുണയും സഹായവും കൊണ്ടാണ് അന്തമില്ലാതെ നീണ്ടുപോകുന്ന ഈ നീതിനിഷേധത്തിന്റെ വേളകളിലും ഞാനിങ്ങനെ പിടിച്ചുനിൽക്കുന്നതും നിയമപോരാട്ടം നൽകുന്നതും മുന്നോട്ടുപോകുന്നതുമൊക്കെ. എല്ലാവർക്കുമറിയാം ഇവിടെയൊരു പൊലീസുകാരൻ മാത്രമാണ് എനിക്ക് അകമ്പടിയുള്ളത്. ആശുപത്രിയിൽ പോവുമ്പോഴും കോടതിയിൽ പോവുമ്പോഴും വീട്ടിലുള്ളപ്പോഴും ഒരാൾ മാത്രമാണുണ്ടാവുക. അങ്ങനെയിരിക്കുന്ന എനിക്ക്, കോടതിയിൽ നിന്ന് ജാമ്യം കിട്ടി ഇരിക്കുന്ന ഒരാൾക്ക് രോഗിയായ പിതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്കും വേണ്ടി പിറന്ന നാട്ടിലേക്ക് പോവണമെങ്കിൽ പത്തിരുനൂറ് പൊലീസും കോടിക്കണക്കിന് രൂപയുമൊക്കെ കൊടുക്കണമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.

ആരെങ്കിലുമൊക്കെ സഹായിക്കും, ഏതെങ്കിലുമൊക്കെ പാവങ്ങളൊക്കെ കൂടി പൈസയെടുത്ത് തരും എന്നതുകൊണ്ടുമാത്രം ഒരു നീതിനിഷേധത്തോട് സന്ധിയാവാൻ കഴിയില്ല. അങ്ങനെ നേരത്തെ സന്ധിയായിരുന്നെങ്കിൽ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പലതും നേരിടേണ്ടിവരില്ലായിരുന്നു. അബ്ദുൽനാസർ മഅ്ദനിയെ സഹായിക്കാൻ ചെലപ്പോൾ ആളുകളുണ്ടാവും. പക്ഷേ എനിക്കറിയുന്ന, പട്ടിണി കിടന്ന് ജയിൽവാസമനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. പീഡനങ്ങളനുഭവിക്കുന്ന, കഠിനമായ നീതി നിഷേധം നേരിട്ടുകൊണ്ടിരിക്കുന്ന ഒരുപാട് പേരുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാത്ത ആ പട്ടിണിപ്പാവങ്ങളിലൊരാൾക്കാണ് ഇത് സംഭവിക്കുന്നതെങ്കിൽ തീർച്ചയായും അയാളെ സഹായിക്കാനാരുമുണ്ടാവില്ല. അപ്പോൾ സഹായിക്കാൻ സന്നദ്ധരായ കുറെ സഹോദരന്മാരുണ്ട്, സഹായം കിട്ടും എന്നതുറപ്പുണ്ടെങ്കിലും ഈ നീതിനിഷേധത്തോട് ഞാൻ സന്ധിയായാൽ, ഇങ്ങനെയൊരു കീഴ്‌വഴക്കം ഞാനുണ്ടാക്കിയാൽ നാളെ ഏതെങ്കിലുമൊരു സാധുവിന് അയാളുടെ നാട്ടിൽ പോവേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ കർണാടക സർക്കാർ ലക്ഷങ്ങളുടേയും കോടികളുടേയും കണക്കെഴുതി കൊടുത്താൽ അയാളെന്ത് ചെയ്യും.

അതിനാൽ തെറ്റായൊരു കീഴ്‌വഴക്കം സൃഷ്ടിക്കാൻ ഞാൻ സന്നദ്ധനാവുന്നില്ല. ഇപ്പോൾ എന്തായാലും ഈ നിബന്ധനകൾ പാലിച്ച് കേരളത്തിലേക്ക് പോവാൻ ഞാൻ തയാറല്ല. വരുംദിവസങ്ങളിൽ വക്കീലന്മാരുമായി സംസാരിച്ചിട്ട് എന്തെങ്കിലും പരിഹാരമുണ്ടാക്കാൻ കഴിയുമോ, എനിക്കെതിരായ ഈ അനീതിയുടെ വിധിയെ ചലഞ്ച് ചെയ്യാൻ ഏതെങ്കിലും വിധത്തിൽ കഴിയുമോ എന്നുള്ളതൊക്കെ ആലോചിച്ചിട്ട് മാത്രമേ തീരുമാനമെടുക്കുന്നുള്ളൂ. ആരോഗ്യപരമായ വിഷമാവസ്ഥ കൊണ്ടുണ്ടാകാൻ പോവുന്ന പരമമായ അവസ്ഥ മരണമാണ്. ആ മരണം അഭിമുഖീകരിക്കേണ്ടിവന്നാലും, അനീതിയോട് സന്ധിയാവാതെ മരണപ്പെട്ടു എന്ന് അറിയപ്പെടാനും സ്മരിക്കപ്പെടാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലയിലുള്ള പ്രാർഥന കിട്ടാനാണ് ആഗ്രഹം. അനീതിയോട് സന്ധിയായിക്കൊണ്ട്... അനീതിയുടെ വക്താക്കൾക്കൊപ്പം നിന്നുകൊണ്ട്... അനീതിയുടെ വിധികളെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോവുന്നത് പ്രയാസമാണ്. അതിനു കഴിയില്ല. എല്ലാവരും ആത്മാർഥമായി പ്രാർഥിക്കുക. കാരുണ്യവാനായ നാഥനിലാണ് നാമെല്ലാം വിശ്വസിക്കുന്നത്. ആ നാഥന്റെ തീരുമാനം എന്തായാലും അത് സ്വീകരിക്കുക. ഇത് ധിക്കാരത്തിന്റെ ശബ്ദമല്ല. മറിച്ച് നീതിനിഷേധിക്കപ്പെടുന്നൊരു വ്യക്തിയുടെ വേദനയോടു കൂടിയുള്ള ശബ്ദമാണ്. പ്രാർഥിക്കുക. അസ്സലാമു അലൈക്കും.


TAGS :

Next Story