Quantcast

മുൻ ജഡ്ജിയെ മധ്യപ്രദേശിൽ 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' കമ്മിറ്റി കോർഡിനേറ്ററായി നിയമിച്ച് ബിജെപി

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന രോഹിത് ആര്യ കഴിഞ്ഞ വർഷം ജൂലൈയിലാണ് ബിജെപിയിൽ ചേർന്നത്.

MediaOne Logo

Web Desk

  • Published:

    23 Jan 2025 4:48 PM IST

Ex-Judge Rohit Arya Appointed BJP State Coordinator for MPs One Nation One Election Committee
X

ന്യൂഡൽഹി: മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി രോഹിത് ആര്യയെ സംസ്ഥാനത്ത് 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' കമ്മിറ്റിയുടെ പാർട്ടി കോർഡിനേറ്ററായി നിയമിച്ച് ബിജെപി. കഴിഞ്ഞ വർഷം ജൂലൈയിലാണ് രോഹിത് ആര്യ ബിജെപിയിൽ ചേർന്നത്. ഹൈക്കോടതിയിൽനിന്ന് വിരമിച്ച് മൂന്ന് മാസത്തിന് ശേഷമായിരുന്നു പാർട്ടി പ്രവേശനം.

ജഡ്ജിയായിരിക്കുമ്പോൾ രോഹിത് ആര്യ നടത്തിയ പല വിധികളും വിവാദമായിരുന്നു. 2021ൽ ഇൻഡോറിൽ പാർട്ടി നടത്തിയതിന് കോവിഡ് നിയമങ്ങൾ ലംഘിച്ചും മതവികാരം വ്രണപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തി മുനവ്വർ ഫാറൂഖി, നളിൻ യാദവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ ജാമ്യഹരജി രോഹിത് ആര്യയുടെ ബെഞ്ച് തള്ളിയിരുന്നു. ഇന്ത്യയിലെ ഒരു വിഭാഗം പൗരൻമാരുടെ മതവികാരങ്ങളെ ബോധപൂർവമായി പ്രകോപിക്കാൻ ശ്രമിച്ചുവെന്നാണ് ജാമ്യം നിരസിച്ചുകൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് ആര്യ പറഞ്ഞത്.

സ്ത്രീയുടെ മാന്യതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് രക്ഷാബന്ധൻ ദിനത്തിൽ പരാതിക്കാരിയുടെ അടുത്തെത്തി രാഖി കെട്ടണം എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. ജസ്റ്റിസ് ആര്യയുടെ ഉത്തരവ് പിന്നീട് സുപ്രിംകോടതി റദ്ദാക്കി. സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളിൽ കീഴ്‌ക്കോടതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു.

TAGS :

Next Story