Quantcast

'തെറ്റായ വിധി, അവരെന്ത് തീവ്രവാദക്കുറ്റമാണ് ചെയ്തത്?': ഉമർ ഖാലിദിനും ഷർജീലിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചതിനെതിരെ മുൻ ജഡ്ജിമാർ

'ഈ വിദ്യാർഥികൾ എവിടെയാണ് കലാപം സൃഷ്ടിച്ചത്? നിങ്ങൾ അവരുടെ ഭാവി നശിപ്പിച്ചു. ജഡ്ജിമാരാണ് ഇതിന് ഉത്തരവാദികൾ'- മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ പറഞ്ഞു.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-13 06:09:26.0

Published:

13 Jan 2026 11:30 AM IST

Ex-SC Judges Criticise Supreme Courts Judgment Denying Bail To Umar Khalid and Sharjeel Imam
X

ന്യൂഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജെഎൻയു പൂർവവിദ്യാർഥികളായ ഉമർ ഖാലിദിനും ഷർ‌ജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രിംകോടതി നടപടിയെ വിമർശിച്ച് മുൻ ജഡ്ജിമാർ. ജസ്റ്റിസ് മദൻ ബി ലോകൂർ, ജസ്റ്റിസ് സുധാൻഷു ധുലിയ എന്നിവരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. ജാമ്യ നിഷേധം ദുഃഖകരമെന്ന് ജസ്റ്റിസ് ലോകൂർ പ്രതികരിച്ചു. നിരാശാജനകം എന്നാണ് ധുലിയയുടെ പ്രതികരണം. സുപ്രിംകോടതിയിൽ ഉമർ ഖാലിദിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നടത്തിയ ടോക്ക് ഷോയിൽ പങ്കെടുക്കവെയാണ് ഇരുവരുടെയും പ്രതികരണം. മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും ചർച്ചയിൽ പങ്കെടുത്തു.

അപ്പീൽ നൽകിയവരുടെ നീണ്ട തടവുകാലവും വിചാരണാ കാലതാമസവും പരി​ഗണിക്കാതെ നടത്തിയ വിധി തെറ്റാണെന്ന് ജസ്റ്റിസ് ലോകൂർ പറഞ്ഞു. 2020ലാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും അറസ്റ്റിലാകുന്നത്. എന്നാൽ, ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 207 പ്രകാരം മൂന്ന് വർഷത്തിന് ശേഷമാണ് അവർക്ക് പ്രോസിക്യൂഷൻ സാമഗ്രികൾ കൈമാറിയത്. വിധിയിൽ താൻ ഒട്ടും സന്തുഷ്ടനല്ല. വിധി പൂർണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമഗ്രികൾ കൈമാറുന്നതിലുണ്ടായ മൂന്ന് വർഷത്തെ കാലതാമസത്തിന് അപ്പീലർമാർ എങ്ങനെ ഉത്തരവാദികളാകുമെന്ന് അദ്ദേഹം ചോദിച്ചു.

യുഎപിഎ നിയമത്തിലെ 15ാം വകുപ്പ് പ്രകാരം തീവ്രവാദക്കുറ്റം ചുമത്തുന്നതിന്റെ അടിസ്ഥാനവും അദ്ദേഹം ചോദ്യം ചെയ്തു. 'അവർ എന്താണ് ചെയ്തത്? ചില യോ​ഗങ്ങളിൽ പങ്കെടുത്തു, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി, പ്രസംഗങ്ങൾ നടത്തി, ലഘുലേഖകൾ പ്രചരിപ്പിച്ചു. ഇതാണോ തീവ്രവാദ പ്രവർത്തനം?'- ജസ്റ്റിസ് ലോകൂർ ചോദിച്ചു.

ഈ രാജ്യത്തെ പൗരനെന്ന നിലയിൽ തനിക്ക് ഈ വിധി നിരാശാജനകമാണെന്ന് ജസ്റ്റിസ് ലോകൂറിന്റെ അഭിപ്രായങ്ങളെ പിന്തുണച്ച് ജസ്റ്റിസ് ധൂലിയ പറഞ്ഞു. യൂണിയൻ ഓഫ് ഇന്ത്യ വേഴ്സസ് കെ.എ നജീബ് കേസിൽ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ തെറ്റായി വ്യാഖ്യാനിച്ചതായി ജസ്റ്റിസ് ധൂലിയ പറഞ്ഞു. യുഎപിഎ സെക്ഷൻ 43ഡി(5) ന്റെ പ്രശ്നം ഉണ്ടായിരുന്നിട്ടും, ദീർഘകാല തടവും വിചാരണയുടെ കാലതാമസവും ജാമ്യം നൽകാനുള്ള കാരണങ്ങളാണെന്ന് നജീബ് വാദിച്ചിരുന്നതായി ജസ്റ്റിസ് ധൂലിയ പറഞ്ഞു.

എന്നാൽ, ഉമർ ഖാലിദ് കേസിലെ വിധിന്യായത്തിൽ ദീർഘകാല തടവിന്റെ വശം മാത്രമേ പരിഗണിച്ചിട്ടുള്ളൂ. വിചാരണ വൈകുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. നജീബ് കേസിൽ 200 സാക്ഷികളെയാണ് വിസ്തരിക്കാനുണ്ടായിരുന്നതെങ്കിൽ, ഈ കേസിൽ 900 സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. അതിനാൽ, സമീപഭാവിയിൽ വിചാരണ പൂർത്തിയാക്കുക എന്നത് പൂർണമായും അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമാമിനും ഖാലിദിനും ഷർ‌ജീൽ ഇമാമിനും പുതിയ ജാമ്യാപേക്ഷയ്ക്ക് സുപ്രിംകോടതി ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിന്റെ ആധികാരികതയെയും ജസ്റ്റിസ് ധൂലിയ ചോദ്യം ചെയ്തു. ഈ ചട്ടം എവിടെ നിന്നാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു. ഇരുവർക്കുമെതിരെയുള്ളത് 3000 പേജുള്ള കുറ്റപത്രമാണെന്നും രേഖകൾ 30,000ത്തിലധികം പേജുകൾ വരുമെന്നും കപിൽ സിബൽ വ്യക്തമാക്കി.

ജഡ്ജിമാർ ആദ്യം തീരുമാനമെടുക്കുകയും പിന്നീട് അവർ കാരണങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന് മുതിർന്ന അഭിഭാഷകനായ എന്ന് ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടു. 'സുപ്രിംകോടതി എപ്പോഴും പൊരുത്തക്കേടുകൾ നിറഞ്ഞതാണ്. നീതി ലഭിക്കുന്നത് ടോസ് ഇടുന്നത് പോലൊരു കാര്യമായി മാറിയിരിക്കുന്നു. നിങ്ങളുടെ കേസ് ഏത് ബെഞ്ചിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത്. ഇവരെ ആദ്യമേ അറസ്റ്റ് ചെയ്യാൻ പോലും പാടില്ലായിരുന്നു. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസിന് പോലും സാധ്യതയില്ല. അവർ ബോംബുകളോ സ്ഫോടകവസ്തുക്കളോ ഉപയോഗിച്ചിട്ടില്ല. അക്രമമോ കൊലപാതകമോ നടത്തിയിട്ടില്ല. അപ്പോൾ ഈ കേസ് എന്തടിസ്ഥാനത്തിലാണ്?'- ദവെ ചോദിച്ചു.

'യഥാർഥത്തിൽ കലാപത്തിലേക്ക് നയിച്ചത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസം​ഗങ്ങളാണ്. എന്നാൽ അവർക്കെതിരെ യാതൊരു നടപടികളുമില്ല. ഈ വിദ്യാർഥികൾ എവിടെയാണ് കലാപം സൃഷ്ടിച്ചത്? പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാൻ സുപ്രിംകോടതി ഇത്ര നിഷ്കളങ്കത കാണിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് വേദനയുണ്ടാക്കുന്നതാണ്. നിങ്ങൾ അവരുടെ ഭാവി നശിപ്പിച്ചു. ജഡ്ജിമാരാണ് ഇതിന് ഉത്തരവാദികൾ. ഇത് ദുഃഖകരമായ കാര്യമാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം അഞ്ചിനാണ്, ഡൽഹി ​കലാപ ​ഗൂഢലോചനക്കേസിൽ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റേയും ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയത്. ​ഗുൽഫിഷ ഫാത്തിമയടക്കം മറ്റ് അ‍ഞ്ച് പേർക്ക് ജാമ്യം നൽകുകയും ചെയ്ത കോടതി, വിചാരണ നീളുന്നത് ജാമ്യം നൽകാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഉമർ അടക്കമുള്ളവർ സുപ്രിംകോടതിയെ സമീപിച്ചത്.

2020 സെപ്തംബറിൽ അറസ്റ്റിലായ ഇവർ അഞ്ച് വർഷത്തിലധികമായി ജയിലിലാണ്. ഉമർ ഖാലിദിനെ കൂടാതെ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, അഥർഖാൻ, അബ്ദുൽ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാൻ, ഷിഫാഉർറഹ്മാൻ, ശദാബ്‌ അഹമ്മദ് എന്നിവരാണ് ഹരജി നൽകിയത്. ഇതിൽ ഏഴു പേരുടെ ഹരജിയിലാണ് സുപ്രിംകോടതി ഈ മാസം അഞ്ചിന് വിധി പറഞ്ഞത്. സെപ്തംബർ രണ്ടിനാണ് ഡൽഹി ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചത്.



TAGS :

Next Story