തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 36 ആയി
സംഭവത്തിൽ ഫാര്‍മകമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല

ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാരാത്ത് കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. സ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 36 ആയി ഉയർന്നത്. സ്ഫോടനത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെയായിരുന്നു സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇൻഡസ്ട്രിയൽ ഏരിയയിൽ സിഗാച്ചി കെമിക്കൽസ് പ്ലാന്റിൽ അപകടമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് പ്ലാന്റിന്റെ ചില ഭാഗങ്ങൾ കത്തിനശിക്കുകയും ഫാക്ടറി പരിസരത്ത് വൻ തീപിടിത്തമുണ്ടാവുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റിയാക്ടർ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമികവിവരം. സംഭവസമയത്ത് ഫാക്ടറിയില്‍ 150 പേരുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ സ്‌ഫോടനം നടന്ന ഇടത്തായിരുന്നുവെന്നും ഐജി വി. സത്യനാരായണ പറഞ്ഞു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഫയർഫോഴ്സ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സംഭവത്തിൽ ഫാര്‍മകമ്പനി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു. തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞുിരുന്നു.
Adjust Story Font
16

