Quantcast

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പാകിസ്താനെ അനുവദിക്കില്ല; താലിബാൻ സർക്കാരുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുത്തതിനു ശേഷമുള്ള വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള ആദ്യ കൂടികാഴ്ചയാണിത്

MediaOne Logo

Web Desk

  • Updated:

    2025-05-16 06:13:47.0

Published:

16 May 2025 11:30 AM IST

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പാകിസ്താനെ അനുവദിക്കില്ല; താലിബാൻ സർക്കാരുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ
X

ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പാകിസ്താനെ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും താലിബാൻ സർക്കാർ പ്രതിനിധിയും അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായ ആമിർ ഖാൻ മുത്തഖിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഭാഗമായാണ് പ്രസ്താവന. ജനുവരിയിൽ ദുബായിൽ താലിബാൻ വിദേശകാര്യ മന്ത്രിയും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയാണ് ജയ്ശങ്കറും മുത്തഖിയും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നത്. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുത്തതിനു ശേഷമുള്ള വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള ആദ്യ കൂടികാഴ്ചയാണിത്. ഇരു രാജ്യങ്ങളുടെയും പ്രാദേശിക സ്ഥിരതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ ചർച്ചക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്.

ഇന്ത്യക്കും അഫ്ഗാനിസ്താനുമിടയിൽ ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്താൻ സൃഷ്ടിച്ച വിടവുകൾ നികത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ചകൾ. അഫ്ഗാനിസ്താനിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാകിസ്താന്റെ അവകാശവാദങ്ങളെ കാബൂൾ നിഷേധിച്ചു. പാകിസ്താന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനയത്തുല്ല ഖവർസ്മി പറഞ്ഞു. പാകിസ്താന്റെ ആരോപണങ്ങൾ തെറ്റാണെന്നും തികച്ചും പരിഹാസ്യമായ അവകാശവാദമാണെന്നും ഇന്ത്യയും വിശേഷിപ്പിച്ചു. ഇന്ത്യയുടെ പ്രധാന സുരക്ഷാ ആശങ്കകളായ ലഷ്കറെ തൊയ്ബ (എൽഇടി), ജയ്ഷെ മുഹമ്മദ് (ജെഎം) പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾക്കായി അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്നത് തടയുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, വ്യാപാരം പ്രോത്സാഹിപ്പിക്കുക, നയതന്ത്ര ഇടപെടൽ മെച്ചപ്പെടുത്തുക എന്നിവയെക്കുറിച്ച് ജയ്ശങ്കറും മുത്തഖിയും അഭിപ്രായങ്ങൾ കൈമാറിയതായി താലിബാൻ പക്ഷത്തുനിന്നുള്ള പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ വ്യാപാരികൾക്കും രോഗികൾക്കും വിസ നൽകുന്നതിൽ ഇന്ത്യയുടെ സഹായം തേടിയ മുത്തഖി നിലവിൽ ഇന്ത്യയിൽ തടവിലാക്കപ്പെട്ട അഫ്ഗാൻ തടവുകാരെ മോചിപ്പിച്ച് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അഫ്ഗാൻ തടവുകാരുടെ വിഷയത്തിൽ ഉടനടി ശ്രദ്ധ ചെലുത്തുമെന്നും വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജയ്ശങ്കർ മുത്തഖിക്ക് ഉറപ്പ് നൽകിയതായി അഫ്ഗാൻ പ്രസ്താവനയിൽ പറയുന്നു.




TAGS :

Next Story