മുഖത്തടിച്ചു, ജാതീയമായി അധിക്ഷേപിച്ചു; ഫരീദാബാദിൽ വീട്ടുജോലിക്കാരി രണ്ടുവർഷത്തിനിടെ നേരിട്ടത് ക്രൂരപീഡനം, പൊലീസ് കേസെടുത്തു
ഫരീദാബാദിലെ സെക്ടർ 17 ലെ താമസക്കാരി ദീപാലി ജൈനിനെതിരെയാണ് കേസ്

ഫരീദാബാദ്: വീട്ടുജോലിക്കാരിയെ നിരവധി തവണ മുഖത്തടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയിൽ വീട്ടുടമക്കെതിരെ കേസ്. ഫരീദാബാദിലെ സെക്ടർ 17 ലെ താമസക്കാരി ദീപാലി ജൈനിനെതിരെയാണ് കേസ്. ദീപാലിയുടെ വീട്ടിൽ പാചകക്കാരിയായി കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തുവരുന്ന ശ്യാമ ദേവിയാണ് പരാതിക്കാരി.
ശ്യാമയെ നിരവധി തവണ അതിക്രൂരമായി മുഖത്തടിക്കുകയും പിന്നീട് മോപ്പുകൊണ്ട് അടിക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വ്യക്തി പിടിച്ചുമാറ്റുന്നതു വരെ അതിക്രമം തുടരുന്നതായി വീഡിയോയിൽ കാണാം.
' 10,12 തവണ ഡ്രൈവർ ബെല്ലടിച്ചപ്പോൾ ഞാൻ ചെന്ന് വാതിൽ തുറന്നുകൊടുത്തു. അപ്പോഴാണ് ദീപാലി വന്ന് എന്താണ് കാര്യമെന്നുപോലും പറയാതെ എന്നെ തല്ലിയത്. എന്റെ മൂക്കിൽ നിന്നും രക്തം വന്നു, കവിളുകൾ വീർത്തിട്ടുണ്ട്,' കൂടാതെ അസഹ്യമായ തലവേദനയുള്ളതായും പരാതിക്കാരി വ്യക്തമാക്കുന്നു. ഇതാദ്യമായല്ല തന്നോട് മോശമായി പെരുമാറുന്നതെന്നും ജാതീയമായി തന്നെ അധിക്ഷേപിക്കാറുണ്ടെന്നും ശ്യാമ ആരോപിക്കുന്നു. തന്റെ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുന്നതായും ശ്യാമ പറയുന്നു.
മുമ്പും ഇത്തരം അതിക്രമം ഉണ്ടായിരുന്നെങ്കിലും ഇത്തവണ കേസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ശ്യാമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Adjust Story Font
16

