അക്ഷർധാമിൽ വ്യാജ സന്യാസി വഞ്ചിച്ചു; 1.8 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി യുവാവ്
റെഡ്ഡിറ്റിലെ ഒരു പോസ്റ്റിൽ മറ്റ് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്

ന്യൂ ഡൽഹി: അക്ഷർധാം ക്ഷേത്രത്തിന് സമീപം വ്യാജ സന്യാസിയുടെ വഞ്ചനയിൽപ്പെട്ട് സ്മാർട്ട്‌ഫോൺ, സ്മാർട്ട് വാച്ച്, പണം, വ്യക്തിഗത രേഖകൾ എന്നിവയുൾപ്പെടെ ഏകദേശം 1.8 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി ഡൽഹി സ്വദേശിയായ യുവാവ്. റെഡ്ഡിറ്റിലെ ഒരു പോസ്റ്റിൽ മറ്റ് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്. പലപ്പോഴും ആദ്യമായി സന്ദർശിക്കുന്നവരെയും ഒറ്റയ്ക്ക് സന്ദർശിക്കുന്നവരെയും ലക്ഷ്യമിടുന്ന ഇത്തരം തട്ടിപ്പുകളുടെ സങ്കീർണ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ഒരു ബസിൽ വെച്ച് പ്രായമായ, സൗമ്യനായ ഒരു വ്യക്തി തന്റെ അടുത്തേക്ക് വന്നുവെന്നും അദ്ദേഹം ഒരു സൗഹൃദ സംഭാഷണം ആരംഭിക്കുകയും തന്റെ വിശ്വാസം നേടുകയും ചെയ്തുവെന്നും യുവാവ് വിശദീകരിച്ചു. ഊഷ്മളനും വാചാലനുമായ ആ മനുഷ്യൻ 'ഞാൻ നിങ്ങൾക്ക് എല്ലാം കാണിച്ചുതരാം' എന്ന് പറഞ്ഞുകൊണ്ട് ചുറ്റും കാണിക്കാമെന്ന് വാഗ്ദാനം ചെയ്തു. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ക്ലോക്ക് റൂം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകിയ അയാൾ പഴ്സും മറ്റ് വസ്തുക്കളും മറ്റൊരാളെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു. അയാളെ വിശ്വസ്തനായി തോന്നിയത് കൊണ്ട് തന്റെ വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം അവിടെ ഏൽപ്പിച്ചതായും യുവാവ് പറയുന്നു.
തുടർന്ന് ക്ഷേത്രം മൊത്തം സന്ദർശിക്കുകയും അപ്പോഴെല്ലാം സന്ന്യാസിയായ ഇയാൾ കൂടെ ഉണ്ടായിരുന്നതായും യുവാവ് അവകാശപ്പെട്ടു. എന്നാൽ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പണം നിക്ഷേപിച്ച് വരാം എന്ന് പറഞ്ഞ സന്ന്യാസി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. മിനിറ്റുകൾക്ക് ശേഷം ആ മനുഷ്യൻ അപ്രത്യക്ഷനായാതായി തനിക്ക് ബോധ്യപ്പെട്ടതായി യുവാവ് പറയുന്നു. നഷ്ടപ്പെട്ട വസ്തുക്കളിൽ ഒരു സാംസങ് എസ് 24 അൾട്രാ ഫോൺ, ഒരു അൾട്രാ വാച്ച്, 8,000 രൂപ പണമടങ്ങിയ ഒരു വാലറ്റ്, രണ്ട് ക്രെഡിറ്റ് കാർഡുകൾ, ഒരു ഡെബിറ്റ് കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉൾപ്പെടുന്നു. മൊത്തം മൂല്യം 1.8 ലക്ഷം രൂപയാണെന്ന് കണക്കാക്കുന്നു.
Adjust Story Font
16

