Quantcast

കർഷക കുടുംബങ്ങൾ കുലദേവതയായി ആരാധിച്ച് പോന്നത് ദിനോസർ മുട്ടകൾ; വ്യക്തമായത് വിദ​ഗ്ധ പഠനത്തിൽ

തന്റെ കൃഷിയിടത്തെയും കന്നുകാലികളെയും ബുദ്ധിമുട്ടുകളിൽ നിന്നും നിർഭാഗ്യങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന പൂർവികരുടെ വിശ്വാസമനുസരിച്ചായിരുന്നു ഇത്.

MediaOne Logo

Web Desk

  • Published:

    19 Dec 2023 12:26 PM GMT

Families offering prayers to dinosaur eggs as kuldevta
X

ഭോപ്പാൽ: വർഷങ്ങളായി കുലദേവതയായി ആരാധിച്ചുവന്ന ഉരുളൻ വസ്തുക്കൾ ​പുരാവസ്തു ​ഗവേഷകർ പഠനവിധേയമാക്കിയപ്പോൾ ദിനോസർ മുട്ട! മധ്യപ്രദേശിലെ ധാറിലാണ് സംഭവം. പദ്ല്യ ഗ്രാമത്തിൽ നിന്നുള്ള വെസ്റ്റ മണ്ഡലോയ് (40) എന്ന കർഷകനും കുടുംബവുമാണ് ഈ ഉരുളൻ കല്ലുകളെ "കാല ഭൈരവ" എന്ന് വിശേഷിപ്പിച്ച് കുൽദേവതയായി കണ്ട് ആരാധിച്ചുപോന്നിരുന്നത്. തന്റെ കൃഷിയിടത്തെയും കന്നുകാലികളെയും ബുദ്ധിമുട്ടുകളിൽ നിന്നും നിർഭാഗ്യങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന പൂർവികരുടെ വിശ്വാസമനുസരിച്ചായിരുന്നു ഇത്.

ധാറിലും സമീപ ജില്ലകളിലും നടത്തിയ ഖനനത്തിൽ കണ്ടെത്തിയ സമാന വസ്തുക്കൾ മണ്ഡലോയിയെപ്പോലെ മറ്റു പലരും ആരാധിച്ചുപോന്നിരുന്നതായി ​ഗവേഷകർ പറയുന്നു. ലഖ്‌നൗവിലെ ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ വിദഗ്ധർ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെയാണ് പ്രദേശവാസികൾ ആരാധിച്ചിരുന്ന ഉരുളൻ വസ്തുക്കൾ ടൈറ്റനോസോറസ് ഇനം ദിനോസറുകളുടെ ഫോസിലൈസ് ചെയ്ത മുട്ടകളാണെന്ന് കണ്ടെത്തിയത്.

ഈ വർഷം ജനുവരിയിൽ മധ്യപ്രദേശിലെ നർമദാ താഴ്‌വരയിൽ നിന്ന് പാലിയന്റോളജിസ്റ്റുകൾ സസ്യഭുക്കായ ടൈറ്റനോസറുകളുടെ അടുത്തടുത്തുള്ള കൂടുകളും 256 മുട്ടകളും കണ്ടെത്തിയിരുന്നു. കൂടാതെ, ഡൽഹി സർവകലാശാലയിലെയും കൊൽക്കത്തയിലെയും ഭോപ്പാലിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെയും ഗവേഷകർ ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽ ഓവും-ഇൻ-ഓവോ അല്ലെങ്കിൽ മൾട്ടി ഷെൽ മുട്ടകൾ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹർഷ ധിമാൻ, വിശാൽ വർമ, ഗുണ്ടുപള്ളി പ്രസാദ് എന്നിവരുൾപ്പെടെയുള്ളവർ പിഎൽഒസ് വൺ എന്ന ഗവേഷണ ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടുകളുടെയും മുട്ടകളുടെയും പരിശോധനയിൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന നീണ്ട കഴുത്തുള്ള സൗരോപോഡുകളുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിച്ചതായി അതിൽ പറയുന്നു.

“ഇന്ത്യൻ പ്ലേറ്റിൽ നിന്ന് സെയ്ഷെൽസ് പൊട്ടിപ്പോയപ്പോൾ ടെതിസ് കടൽ നർമദയുമായി ലയിച്ച സ്ഥലത്ത് രൂപംകൊണ്ട അഴിമുഖത്ത് നിന്നാണ് മുട്ടകൾ കണ്ടെത്തിയത്”- വർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഗവേഷകർ പറയുന്നതനുസരിച്ച്, ലോകത്ത് ഒരു ഉരഗത്തിന്റെ മൾട്ടി ഷെൽ മുട്ട കണ്ടെത്തുന്നത് ഇതാദ്യമാണ്. പക്ഷികളും ഇഴജന്തുക്കളും തമ്മിലുള്ള സമാനതകൾ സ്ഥാപിക്കാനും അവയുടെ കൂടുകെട്ടൽ ശീലങ്ങൾ സ്ഥാപിക്കാനും ഈ കണ്ടെത്തലിന് കഴിയുമെന്ന് അവർ പറഞ്ഞു.

TAGS :

Next Story