Quantcast

എസി കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കിടെ ബെഡ് ഷീറ്റ് മോഷ്ടിച്ച് കുടുംബം; കയ്യോടെ പിടികൂടി ടിടിഇ, വീഡിയോ

പുരുഷോത്തം എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ റെയിൽവേ ബെഡ്ഷീറ്റുകൾ മോഷ്ടിച്ചത്

MediaOne Logo

Web Desk

  • Published:

    20 Sept 2025 12:41 PM IST

എസി കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കിടെ ബെഡ് ഷീറ്റ് മോഷ്ടിച്ച് കുടുംബം; കയ്യോടെ പിടികൂടി ടിടിഇ, വീഡിയോ
X

ഭുവനേശ്വര്‍: എസി കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കിടെ ട്രെയിനിലെ ബെഡ് ഷീറ്റുകൾ മോഷ്ടിച്ച ഒരു കുടുംബത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പുരുഷോത്തം എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ റെയിൽവേ ബെഡ്ഷീറ്റുകൾ മോഷ്ടിച്ചത്. ട്രെയിൻ സ്റ്റേഷനിലെത്തിയതിന് ശേഷം അധികൃതര്‍ സ്ത്രീയുടെ ബാഗിൽ നിന്നും ബെഡ് ഷീറ്റുകൾ പുറത്തെടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒഡിഷയിലെ പുരിക്കും ന്യൂഡൽഹിക്കും ഇടയിൽ ഓടുന്ന സൂപ്പർഫാസ്റ്റ് ട്രെയിനായ പുരുഷോത്തം എക്സ്പ്രസ്, ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണിത്. ബാപി സാഹു എന്ന ഉപയോക്താവ് എക്സിൽ പങ്കിട്ട വീഡിയോയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരടങ്ങുന്ന കുടുംബത്തെ രണ്ട് ടിടിഇമാരും റെയിൽവെ ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്യുന്നത് കാണാം. ലഗേജിലേക്ക് ബെഡ്ഷീറ്റുകൾ ഒളിപ്പിച്ചു കയറ്റാൻ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

സ്ത്രീ മടിച്ചുമടിച്ച് ബാഗിൽ നിന്ന് ബെഡ്ഷീറ്റുകൾ പുറത്തെടുക്കുന്നത് കാണാം. കൂടെയുണ്ടായിരുന്ന പുരുഷൻമാര്‍ റെയിൽവെ ജീവനക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ല. "പുരുഷോത്തം എക്സ്പ്രസിലെ ഒന്നാം എസിയിൽ യാത്ര ചെയ്യുന്നത് അഭിമാനകരമായ കാര്യമാണ്. പക്ഷേ, യാത്രയ്ക്കിടെ നൽകുന്ന ബെഡ്ഷീറ്റുകൾ മോഷ്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മടിക്കാത്ത ആളുകൾ ഇപ്പോഴും ഉണ്ട്" എന്ന അടിക്കുറിപ്പോടെയാണ് സാഹു വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായെങ്കിലും എന്ന്, എവിടെ വച്ചാണ് സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല. യാത്രക്കാർക്കെതിരെ നടപടി സ്വീകരിച്ചോ എന്നതിനെക്കുറിച്ച് അധികൃതർ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തുവിട്ടിട്ടില്ല.

ട്രെയിനിലെ എസി ക്ലാസുകളിൽ (തേർഡ് എസി, സെക്കൻഡ് എസി, ഫസ്റ്റ് എസി) ബെഡ് റോൾ സൗകര്യം ലഭ്യമാണ്. ഇതിൽ ബെഡ്ഷീറ്റുകൾ, തലയിണ, ടവൽ എന്നിവ ഉൾപ്പെടുന്നു. യാത്രയുടെ അവസാനം ഈ ബെഡ്‌റോൾ റെയിൽവേയ്ക്ക് തിരികെ നൽകണം. ഇത് ഓരോ യാത്രക്കാരന്‍റെ ഉത്തരവാദിത്തമാണ്. ഇത് മോഷ്ടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പിടിക്കപ്പെട്ടാൽ 1000 രൂപ പിഴ നൽകേണ്ടി വരും. പിഴ അടയ്ക്കാൻ വിസമ്മതിച്ചാൽ നിയമത്തിൽ അയാൾക്ക് 1 വർഷം തടവ് ശിക്ഷ ലഭിക്കാൻ വ്യവസ്ഥയുണ്ട്. അതിനാൽ അബദ്ധത്തിൽ പോലും ഇത് ഒരിക്കലും ചെയ്യരുത്. 1966 ലെ റെയിൽവേ പ്രോപ്പർട്ടി ആക്ട് പ്രകാരം നടപടിയെടുക്കാം.

ആദ്യമായി പിടിക്കപ്പെട്ടാൽ, നിങ്ങൾക്ക് ഒരു വർഷം വരെ തടവോ 1000 രൂപ വരെ പിഴയോ ലഭിക്കും. നിങ്ങൾ ഈ കുറ്റകൃത്യം ഒന്നിലധികം തവണ ആവർത്തിച്ചാൽ, നിങ്ങൾക്ക് 5 വർഷം വരെ തടവും പിഴയും ലഭിക്കും. ഒരു യാത്രക്കാരൻ മോഷ്ടിച്ച സാധനങ്ങളുമായി പിടിക്കപ്പെട്ടാൽ, റെയിൽവേ പോലീസിനോ (GRP) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനോ (RPF) അയാൾക്കെതിരെ നടപടിയെടുക്കാമെന്ന് റെയിൽവേ നിയമങ്ങൾ പറയുന്നു.

TAGS :

Next Story