Quantcast

സുഭാഷ് ചന്ദ്ര ബോസ് മുതൽ അജിത് പവാർ വരെ; വിമാനാപകടങ്ങളിൽ മരിച്ച പ്രശസ്തർ

വിമാന ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട മുൻനിര രാഷ്ട്രീയക്കാരും പ്രമുഖ വ്യക്തികളും

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-02-02 06:57:27.0

Published:

2 Feb 2026 11:43 AM IST

സുഭാഷ് ചന്ദ്ര ബോസ് മുതൽ അജിത് പവാർ വരെ; വിമാനാപകടങ്ങളിൽ മരിച്ച പ്രശസ്തർ
X

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു വീണ് അംഗരക്ഷകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. 2026 ജനുവരി 28ന് ബാരമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സുഭാഷ് ചന്ദ്ര ബോസ് മുതൽ നിരവധി പേർ ഇതിനു മുമ്പും വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾ മരണപ്പെടുമ്പോൾ അതുമായി ബന്ധപ്പെട്ട ഗൂഢാലോചന സിദ്ധാന്തങ്ങളും അന്തരീക്ഷത്തിൽ പടർന്നിരുന്നു.

വിമാന ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട മുൻനിര രാഷ്ട്രീയക്കാരെയും പ്രമുഖ വ്യക്തികളെയും പരിശോധിക്കാം:

സുഭാഷ് ചന്ദ്ര ബോസ് (1945)

ഇന്ത്യൻ സ്വാതന്ത്രസമര സേനാനിയായ സുഭാഷ് ചന്ദ്ര ബോസ് തായ്‌വാനിൽ വെച്ചുണ്ടായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി തായ്‌വാൻ ഔദ്യോഗിക രേഖകളിൽ പറയുന്നു. എന്നാൽ അപകടമുണ്ടായിട്ടില്ലെന്നും ചിലർ വിശ്വസിക്കുന്നു. പറന്നുയരുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന ജാപ്പനീസ് ബോംബർ വിമാനം തകർന്നുവീഴുകയായിരുന്നു. അടുത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെ വെച്ച് മരണമടഞ്ഞു.

ഹോമി ഭാഭ (1966)

ഇന്ത്യയുടെ മുൻനിര ആണവ ഭൗതികശാസ്ത്രജ്ഞനായ ഹോമി ജഹാംഗീർ ഭാഭ 1966 ജനുവരി 24ന് എയർ ഇന്ത്യ ഫ്ലൈറ്റ് 101ലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. ജനീവ എയർ ട്രാഫിക് കൺട്രോളുമായുള്ള തെറ്റായ ആശയവിനിമയം കാരണം വിമാനം സ്വിറ്റ്സർലൻഡിലെ ആൽപ്സ് മോണ്ട് ബ്ലാങ്കിൽ ഇടിച്ചുകയറുകയായിരുന്നു.

സഞ്ജയ് ഗാന്ധി (1980)

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ സഞ്ജയ് ഗാന്ധി 1980 ജൂൺ 23ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം ഡൽഹി ഫ്ലൈയിംഗ് ക്ലബ് വിമാനത്തിൽ വ്യോമാഭ്യാസത്തിന് ശ്രമിക്കുന്നതിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണത്.

മാധവറാവു സിന്ധ്യ (2001)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ സിവിൽ വ്യോമയാന മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്റ്റംബർ 30ന് കാൺപൂരിൽ ഒരു രാഷ്ട്രീയ റാലിക്ക് പോകുന്നതിനിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് സ്വകാര്യ വിമാനം തകർന്നുവീണത്.

ജിഎംസി ബാലയോഗി (2002)

മുൻ ലോക്‌സഭാ സ്പീക്കറും തെലുങ്കുദേശം പാർട്ടി നേതാവുമായ ജിഎംസി ബാലയോഗി 2002 മാർച്ച് 3ന് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമാവാരത്ത് നിന്ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള ഒരു കുളത്തിൽ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.

കെ.എസ്. സൗമ്യ (2004)

സൗന്ദര്യ എന്ന പേരിൽ അറിയപ്പെട്ട പ്രശസ്ത തെന്നിന്ത്യൻ നടി കെ.എസ്. സൗമ്യ 2004 ഏപ്രിൽ 17ന് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. തന്റെ സഹോദരനോടൊപ്പം ബെംഗളൂരുവിൽ നിന്ന് കരിംനഗറിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോഹൻലാൽ നായകനായ 'കിളിച്ചുണ്ടൻ മാമ്പഴം' എന്ന മലയാളം ചിത്രത്തിലെ നായികയാണ് സൗമ്യ.

ഒ.പി ജിൻഡാൽ, സുരേന്ദർ സിങ് (2005)

വ്യവസായിയും ഹരിയാന മന്ത്രിയുമായ ഓം പ്രകാശ് ജിൻഡാലും കൃഷി മന്ത്രി സുരേന്ദർ സിങ്ങും 2005ൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കുള്ള യാത്രാമധ്യേ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഇരുവരും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.

വൈ.എസ്. റെഡ്ഡി (2009)

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആർ എന്നറിയപ്പെടുന്ന വൈ.എസ്. രാജശേഖര റെഡ്ഡി 2009 സെപ്റ്റംബർ 2ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയെത്തുടർന്ന് ഇടതൂർന്ന നല്ലമല വനത്തിൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.

ദോർജി ഖണ്ഡു (2011)

തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്ക് പോവുകായായിരുന്ന അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവും മറ്റ് നാല് പേരും 2011 ഏപ്രിൽ 30ന് ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു.

ജനറൽ ബിപിൻ റാവത്ത് (2021)

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ 8ന് ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഭാര്യയോടും മറ്റ് 11 പേരോടും ഒപ്പം സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്കുള്ള യാത്രാമധ്യേ തമിഴ്‌നാട്ടിലെ കൂനൂരിനടുത്താണ് സംഭവം.

വിജയ് രൂപാണി (2025)

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി 2025 ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ബോയിംഗ് 787-8 ഡ്രീംലൈനർ (AI171) വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. വിമാനം ഇടിച്ചുകയറിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ഉൾപ്പെടെ 20ലധികം പേരും മരിച്ചു.

അജിത് പവാർ (2026)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ 2026 ജനുവരി 28നുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ബാരമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അംഗരക്ഷകർ ഉൾപ്പെടെ അഞ്ച് പേർ അപകടത്തിൽ മരിച്ചു.


TAGS :

Next Story