Quantcast

'രാമരാജ്യം സ്ഥാപിക്കാൻ' ഹിന്ദുത്വ സംഘടനയുമായി സഹകരിച്ചില്ല; ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് ക്രൂര മർദനം

വീട്ടിൽ അതിക്രമിച്ചു കയറിയ കറുത്ത വസ്ത്രം ധരിച്ച ഇരുപതോളം പേരാണ് ബാലാജി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ രംഗരാജനെ മർദിച്ചത്.

MediaOne Logo

Web Desk

  • Published:

    10 Feb 2025 4:08 PM IST

Far-right Hindu group assaults Chilkur Balaji Temple priest
X

ഹൈദരാബാദ്: തെലങ്കാനയിലെ ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ ക്രൂര മർദനം. ഫെബ്രുവരി ഏഴിന് വീട്ടിൽ അതിക്രമിച്ചു കയറിയ കറുത്ത വസ്ത്രം ധരിച്ച ഇരുപതോളം പേരാണ് ബാലാജി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ രംഗരാജനെ മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത മുഈനാബാദ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

'രാമരാജ്യം' എന്ന് സ്വയം വിളിക്കുന്ന ഇക്ഷ്വാകു വംശത്തിൽപ്പെട്ടവരെന്ന് അവകാശപ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് രംഗരാജന്റെ പിതാവും ക്ഷേത്ര സംരക്ഷണ സമിതി കൺവീനറുമായ എം.വി സൗന്ദരരാജൻ പറഞ്ഞു. സായുധ സംഘങ്ങൾ രൂപീകരിച്ച് രാമരാജ്യം സ്ഥാപിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇവരെന്നും അവരുടെ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നവരെ ആക്രമിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും സൗന്ദരരാജൻ പറഞ്ഞു.

സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും ഫണ്ട് കണ്ടെത്താനും സഹായിക്കണമെന്ന് രംഗരാജനോട് 'രാമരാജ്യം' പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതാണ് തന്റെ മകൻ ആക്രമിക്കപ്പെടാൻ കാരണമെന്ന് സൗന്ദരരാജൻ പറഞ്ഞു.

സംഘടനയുടെ പ്രധാന നേതാവായ വീര രാഘവ റെഡ്ഡിയെയാണ് മുഈനാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീകളെ ശല്യം ചെയ്തതിനും ഇയാൾക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വരാനിരിക്കുന്ന ഹിന്ദു പുതുവർഷമായ ഉഗാദിയിൽ തങ്ങളുടെ രാമരാജ്യം സ്ഥാപിക്കുമെന്നാണ് സംഘടന അവകാശപ്പെടുന്നത്.

രാമരാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് ഇവരുടെ വെബ്‌സൈറ്റിൽ പറയുന്നത്. നിലവിലെ പൊലീസും നീതിന്യായ വ്യവസ്ഥയുമെല്ലാം അനീതിയെ സംരക്ഷിക്കുന്നതാണെന്നും ഇതിന് ധർമം സ്ഥാപിക്കാനാവില്ലെന്നും ഇവർ പറയുന്നു. പ്രത്യേക പൗരന്മാരെയും സൈന്യത്തെയും നിയമപാലകരെയും സംഘം വിഭാവനം ചെയ്യുന്നു.

രാമായണത്തിന്റെയും ഭഗവദ്ഗീതയുടെയും വ്യാഖ്യാനങ്ങളിലൂടെ ഇക്ഷ്വാകുക്കളെ ലോക ഉടമകളായി പ്രഖ്യാപിക്കുന്ന, ജാതി മേധാവിത്വം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തടസ്സം നിൽക്കുന്നവരെ നേരിടുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നു. തിന്മയെ ശിക്ഷിക്കുക, പശുക്കളെ സംരക്ഷിക്കുക, ഇക്ഷ്വാകുക്കൾക്കും ഭരത വംശജർക്കും അവകാശപ്പെട്ട ഭൂമി തിരിച്ചുപിടിക്കുക, ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കുക, ആറ് ഹിന്ദു വിഭാഗങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഭൂമി തിരിച്ചുപിടിക്കുക എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

TAGS :

Next Story