ജാതി മാറി വിവാഹം കഴിച്ചു; ഗർഭിണിയായ മകളെ കൊലപ്പെടുത്തി അച്ഛൻ
കൊല്ലപ്പെട്ട മന്യയുടെ അച്ഛനും അടുത്ത രണ്ട് ബന്ധുക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്

ബംഗളുരു: ജാതി മാറി വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ കൊലപ്പെടുത്തി അച്ഛൻ. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം.അച്ഛനും രണ്ട് അടുത്ത ബന്ധുക്കളും ഉൾപ്പടെ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ജാതി മാറിയുള്ള വിവാഹമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പ്രണയവും വിവാഹവും വീട്ടുകാർ എതിർത്തിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. കൊല്ലപ്പെട്ട മന്യ പാട്ടീലിന്റെ ബന്ധുക്കൾ ഇനാം വീരപുര ഗ്രാമത്തിലെ ഇവരുടെ വീട്ടിലേക്ക് വരികയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് മന്യയേയും അവിടെയുള്ളവരേയും ആക്രമിച്ചത്. തടയാൻ ശ്രമിച്ച മന്യയുടെ ഭർത്താവിന്റെ അമ്മയ്ക്കും മറ്റൊരാൾക്കും പരിക്കറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ മന്യയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേർ ചികിത്സയിലാണ്.
ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് മന്യയും ഭർത്താവും മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു. അധികൃതരുടെ സാന്നിധ്യത്തിൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തതിന് ശേഷമാണ് മന്യയും ഭർത്താവും വീട്ടിലേക്ക് തിരിച്ചെത്തിയത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മന്യയുടെ അച്ഛനും അടുത്ത രണ്ട് ബന്ധുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവം ദുരഭിമാന കൊലയായിട്ടാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

